Kerala
പാലിയേക്കരിയില്‍ തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിവിന് ഹൈക്കോടതി അനുമതി
ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു

കൊച്ചി | പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോള്‍ പിരിവിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷം ഡിവിഷന്‍ ബെഞ്ച് ടോള്‍ പിരിവിന് അനുമതി നല്‍കി. തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ്.
തൃശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിറകെയാണ് ടോള്‍ പിരിവിന് വീണ്ടും അനുമതി നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു. കോടതി ഉത്തരവിനു ശേഷം പുതുക്കിയ നിരക്കിന്റെ അടിസ്ഥാനത്തിലാകും ടോള്‍ പിരിക്കുക.