Editors Pick
മൂന്നര ഏക്കറിൽ മനുഷ്യ നിർമിത കാട്; അപൂർവ സസ്യങ്ങളുടെ ശേഖരം; കാർഷിക വിസ്മയം ഒരുക്കി തോമസ് മാഷ്
അപൂർവയിനം ഔഷധ സസ്യങ്ങളും വംശനാശം നേരിടുന്ന സസ്യ ഇനങ്ങളും, പൂമ്പാറ്റകളെ ആകർഷിക്കുന്ന കാടുകളും, മുളങ്കൂട്ടങ്ങളുമൊക്കെ അടങ്ങിയതാണ് തോമസ് മാഷിന്റെ കാട്.
കോഴിക്കോട് | ആളുകൾ കോൺക്രീറ്റ് സൗധങ്ങൾക്ക് പിന്നാലെ പായുന്ന പുതിയ കാലത്ത്, കൃഷിഭൂമിയിൽ ചരിത്രമെഴുതുകയാണ് തിരുവമ്പാടിയിലെ പി ജെ തോമസ് മാഷ്. സംസ്ഥാന കൃഷി വകുപ്പിന്റെ ഇത്തവണത്തെ ‘ക്ഷോണി പുരസ്കാരം’ നേടിയ ഈ കർഷകൻ തന്റെ മൂന്നര ഏക്കർ ഭൂമിയിൽ ഒരു മനുഷ്യ നിർമിത കാട് തന്നെ ഒരുക്കിയാണ് കർഷകർക്ക് മാതൃകയാകുന്നത്. അപൂർവയിനം ഔഷധ സസ്യങ്ങളും വംശനാശം നേരിടുന്ന സസ്യ ഇനങ്ങളും, പൂമ്പാറ്റകളെ ആകർഷിക്കുന്ന കാടുകളും, മുളങ്കൂട്ടങ്ങളുമൊക്കെ അടങ്ങിയതാണ് തോമസ് മാഷിന്റെ കാട്.
കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സുവോളജി അധ്യാപകനായിരുന്നു തോമസ് മാഷ്. എട്ടു വർഷം മുമ്പ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം മുഴു സമയ കൃഷിയിലേക്ക് ഇറങ്ങിയത്. തിരുവമ്പാടി പുന്നക്കൽ റോഡിലെ ഈ പുരയിടം സസ്യലോകത്തെ വൈവിധ്യങ്ങൾകൊണ്ട് ശ്രദ്ധേയമാണ്. വർഷങ്ങൾ നീണ്ട അന്വേഷണത്തിലൂടെ ശേഖരിച്ച ചോരപ്പൈൻ, കാട്ടശോകം, കുരങ്ങു പ്ലാവ്, മരമഞ്ചാടി തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ഒരു വലിയ ശേഖരം ഇവിടെ സംരക്ഷിക്കപ്പെടുന്നു. മുളസസ്യങ്ങളിൽ ഏറ്റവും ചെറുതായ ബുഷ് ബാംബ് മുതൽ ഏറ്റവും വലുതായ ആനമുള വരെ അമ്പതോളം ഇനങ്ങൾ മാഷിന്റെ തോട്ടത്തിൽ വളരുന്നുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ വാഴയായ തായ് മൂസ പോലുള്ള വ്യത്യസ്ത ഇനങ്ങളും ഈ കൃഷിയിടത്തിൽ കാണം.

തോമസ് മാഷ് തന്റെ കൃഷിയിടത്തിൽ
27 ജന്മനക്ഷത്ര സസ്യങ്ങൾ ഉപയോഗിച്ചുള്ള നക്ഷത്രവനം, കുറഞ്ഞ സ്ഥലത്ത് കൂടുതൽ മരങ്ങൾ വളർത്തുന്ന ജാപ്പനീസ് രീതിയായ മിയാവാക്കി വനം എന്നിവ അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ ശ്രദ്ധേയ ഇനങ്ങളാണ്. വിക്സ് തുളസി, മഞ്ഞൾ തുളസി,കുഴിമുണ്ടൻ തുളസി, കൾപ്പൂര തുളസി, അയ്മോദക തുളസി, ശിവതുളസി തുടങ്ങി 25ൽ അധികം ഇനം തുളസിച്ചെടികളുടെ ശേഖരവും കൊള്ളിമല, കിംഗ്, ലാവ ബർസ്റ്റ്, ക്യൂ, മൗറീഷ്യസ്, അമൃത, മെഡുസ തുടങ്ങിയ 15ൽ അധികം കൈതച്ചക്കകളുടെ ശേഖരവും മാഷിന്റെ കൃഷിയിടത്തിലുണ്ട്. മാംസഭോജിയായ നെഫൻഡസ്, അപൂർവ്വമായി മാത്രം കാണുന്ന ചൂയിം കം പ്ലാന്റ്, മരവുരി, കർപ്പൂരസസ്യം, കായസസ്യം, അണലിവേഗം, കമണ്ടലു, കൃഷ്ണനാൽ പോലുള്ള സസ്യങ്ങൾക്കും അദ്ദേഹം വലിയ പ്രാധാന്യം നൽകുന്നു. 60ൽ അധികം ഇനങ്ങളിലുള്ള വാട്ടർ പ്ലാന്റ്സും ഇവിടെയുണ്ട്.

മണ്ണുസംരക്ഷണത്തിനാണ് മാഷിനെ തേടി ‘ക്ഷോണി പുരസ്കാരം’ എത്തിയത്. കൃഷിയിടത്തിൽ പ്രത്യേക രീതിയിൽ പുല്ല് പാകിയാണ് അദ്ദേഹം മണ്ണൊലിപ്പ് തടയുന്നത്. ഇത്തരം പുരസ്കാരങ്ങൾ കൂടുതൽ പ്രവർത്തിക്കാൻ പ്രചോദനമാവുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നുണ്ടെന്ന് തോമസ് മാഷ് സിറാജിനോട് പറഞ്ഞു. ഇനിയും ഒരുപാട് മരങ്ങൾ നട്ട് ഈ മനുഷ്യനിർമ്മിത കാടിന്റെ വിസ്തൃതി വർദ്ധിപ്പിക്കണം എന്നതാണ് സ്വപ്നം. പരിസ്ഥിതി എന്ന പുസ്തകം മനുഷ്യൻ ഇനിയും വായിച്ചുതീർന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഡോ. ബി ആർ അംബേദ്കർ നാഷണൽ എക്സലൻസ് അവാർഡ്, ജില്ലാ തലത്തിൽ മികച്ച ജൈവ കർഷകന് നൽകുന്ന സരോജിനി ദാമോദരൻ അക്ഷയശ്രീ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.



