news click issue
ന്യൂസ് ക്ലിക്ക് റെയ്ഡ്: നീതി തേടി മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിനു കത്തയച്ചു
മാധ്യമ സംഘടനകള്‍ ജന്തര്‍മന്തറിലേക്കു നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി | മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കില്‍ റെയ്ഡ് നടത്തുകയും എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു.
ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യു എ പി എ കേസ് ചുമത്തി മാധ്യമ സ്ഥാപനത്തെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിലെ ആവശ്യം. വിഷയത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പോലീസ് നടപടിയില്‍ മാധ്യമ സംഘടനകള്‍ ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നിന്ന് ജന്തര്‍മന്തറിലേക്കു നടത്തുമെന്നു പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്ന കാരണം പറഞ്ഞാണ് വൈകിട്ട് നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത്.
ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്നാരോപിച്ച് യു എ പി എ കേസില്‍ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ കോടതി ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റീസിനു മാധ്യമ പ്രവര്‍ത്തകര്‍ കത്തയച്ചത്.
ഒരു മുന്നറിയിപ്പും കൂടാതെ പുലര്‍ച്ചെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. കടുത്ത മനുഷ്യാവകാശ ലംഘനവും തൊഴില്‍ അവകാശങ്ങളുടെ ലംഘനവും നടന്നു. അന്വേഷണ ഏജന്‍സികളെ പ്രതികാര നടപടിക്ക് ഉപയോഗിക്കുകയാണ്. കുറ്റം എന്തെന്ന് കൃത്യമായി ബോധിപ്പിക്കാതെയുള്ള ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കണം. ഔദ്യോഗിക, സ്വകാര്യ വിവരങ്ങള്‍ ഉള്ള മൊബൈല്‍ ഫോണും ലാപ്പ് ടോപ്പും പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണ തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ഇത്തരം നീക്കങ്ങള്‍ക്കെതിരെ നടപടിവേണമെന്നും തെറ്റായ ദിശയില്‍ അന്വേഷണം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകരായ ഊര്‍മ്മിളേഷ്, പരണ്‍ജോയ് ഗുഹ,ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരടക്കം 46 പേരെ ചോദ്യം ചെയ്തു. മുപ്പതിലധികം സ്ഥലങ്ങളില്‍ റെയ്ഡും നടത്തി. ഡല്‍ഹി പോലീസ് നടപടിക്കെതിരെ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും.