Connect with us

Science

ആന്‍ഡമാനില്‍ പുതിയ സസ്യത്തെ കണ്ടെത്തി; പേര് അസെറ്റബുലേറിയ ജലകന്യക

പഞ്ചാബ് കേന്ദ്രസര്‍വകലാശാല ജീവശാസ്ത്രവിഭാഗം മേധാവിയും പയ്യന്നൂര്‍ സ്വദേശിയുമായ ഡോ. ഫെലിക്‌സ് ബാസ്റ്റിന്റെ നേതൃത്വത്തിലാണ് സസ്യത്തെ കണ്ടെത്തിയത്.

Published

|

Last Updated

പോര്‍ട്ട് ബ്ലെയര്‍| ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ നിന്ന് പുതിയ ഒരു സസ്യജാലത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സസ്യത്തിന് ‘അസെറ്റബുലേറിയ ജലകന്യക’ എന്നാണ് പേരിട്ടിരിക്കുന്നത്.പഞ്ചാബ് കേന്ദ്രസര്‍വകലാശാല ജീവശാസ്ത്രവിഭാഗം മേധാവിയും പയ്യന്നൂര്‍ സ്വദേശിയുമായ ഡോ. ഫെലിക്‌സ് ബാസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്.

കുടപോലെ തോന്നിപ്പിക്കുന്ന ഭംഗിയുള്ള രൂപമുള്ളതുകൊണ്ടാണ് സസ്യത്തിന് ജലകന്യക എന്ന് പേര് നല്‍കിയതെന്ന് ഫെലിക്‌സ് പറഞ്ഞു. ഈ സസ്യം ഒരു കോശം മാത്രമുള്ള വലിയ സസ്യമാണ്. 2-3 വരെ സെന്റിമീറ്ററാണ് നീളം. ഇന്ത്യന്‍ ജേണല്‍ ഓഫ് ജിയോ മറൈന്‍ സയന്‍സസിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെലിക്‌സിനൊപ്പം കേമ ചെന്ദ് സെയ്‌നി, അരവിന്ദ് എന്നീ വിദ്യാര്‍ത്ഥികളും പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2019 -ല്‍ ആന്‍ഡമാനിലേക്ക് നടത്തിയ കുടുംബയാത്രയ്ക്കിടെയാണ് ഈ സസ്യം ഡോ. ഫെലിക്‌സിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഒരു പുതുമ തോന്നിയതിനാലാണ് അത് ശേഖരിച്ചത്. പിന്നീട് പഞ്ചാബിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് സസ്യത്തെ കുറിച്ച് പഠനം നടത്തുകയായിരുന്നു. സ്‌കാനിംഗ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് വെച്ചാണ് ഗവേഷണം നടത്തിയത്. തുടര്‍ന്ന് ഡിഎന്‍എ വേര്‍തിരിച്ചപ്പോള്‍ പുതിയ ഇനമാണെന്ന് തിരിച്ചറിയുകയായിരുന്നെന്ന് ഫെലിക്‌സ് പറഞ്ഞു. 65 ശതമാനം ഓക്‌സിജന്‍ പ്രദാനം ചെയ്യുന്നത് സമുദ്രത്തിലെ പായലുകളാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Latest