Connect with us

National

പുതിയ പാര്‍ലമെന്റ് മന്ദിരം പണം പാഴാക്കാന്‍: ജയറാം രമേഷ്

പുതിയ പാര്‍ലമെന്റ് മന്ദിരം നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പദ്ധതി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരം പണം പാഴാക്കാന്‍ വേണ്ടിയുള്ളതാണെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പദ്ധതി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. എല്ലാ ഏകാധിപതികളെയും പോലെ പ്രധാനമന്ത്രി മോദി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലൂടെ തന്റെ വാസ്തുവിദ്യാ പാരമ്പര്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായും ജയറാം രമേശ് ട്വിറ്ററില്‍ പരിഹസിച്ചു. ഓരോ സ്വേച്ഛാധിപതിയും തന്റെ വാസ്തുവിദ്യാ പാരമ്പര്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഭീമമായ പണം പാഴാക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ചു. ഒരു മണിക്കൂറിലധികം മന്ദിരത്തില്‍ ചെലവഴിച്ച അദ്ദേഹം വിവിധ പ്രവൃത്തികള്‍ പരിശോധിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വരുന്ന സൗകര്യങ്ങള്‍ പ്രധാനമന്ത്രി മോദി നിരീക്ഷിക്കുകയും നിര്‍മ്മാണ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മ്മാണത്തെയും സെന്‍ട്രല്‍ വിസ്ത പദ്ധതിയെയും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മോദി, കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി 16 ദിവസം തെരുവില്‍ പോരാടുമ്പോള്‍, സെന്‍ട്രല്‍ വിസ്തയുടെ പേരില്‍ നിങ്ങള്‍ സ്വയം ഒരു കൊട്ടാരം പണിയുകയായിരുന്നു എന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നാണ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തില്‍, അധികാരം ആഗ്രഹങ്ങള്‍ നിറവേറ്റാനല്ല, അത് പൊതുസേവനത്തിന്റെയും ക്ഷേമത്തിന്റെയും ഉപാധിയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

 

 

 

Latest