Business
മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്
ജി സി സിയിലെ ലുലു റീട്ടെയ്ലിൻറെ 256ആമത്തെ സ്റ്റോറാണിത്

അബുദാബി | മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് എം ബി ഇസെഡ് സിറ്റിയിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ സായിദ് സിറ്റി മുനിസിപ്പാലിറ്റി സെൻറർ ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ ഹൊസാനി ഉദ്ഘാടനം നിർവഹിച്ചു.
യു എ ഇയുടെ വിഷൻ 2030ന് പിന്തുണ നൽകുന്നതാണ് എം ബി ഇസെഡ് സിറ്റിയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റെന്നും ആഗോള ഷോപ്പിംഗ് സേവനം യു എ ഇയുടെ കൂടുതൽ മേഖലകളിലേക്ക് കൂടി ലഭ്യമാക്കുകയാണ് ലുലുവെന്നും എം എ യൂസഫലി പറഞ്ഞു. ജി സി സിയിലെ ലുലു റീട്ടെയ്ലിൻറെ 256ആമത്തെ സ്റ്റോറാണിത്. അബുദാബിയിൽ മാത്രം 18 പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
125,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്. ഫാഷൻ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വിപുലമായ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോറും, ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു കണക്ടും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക.
യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെയും ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുടെ ശേഖരവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, ഇരുന്നൂറോളം കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യവും സജ്ജമാണ്.
ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജിയണൽ ഡയറക്ടർ അജയ് കുമാർ എന്നിവരും സംബന്ധിച്ചു