Connect with us

Kerala

സി പി എം സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാനം; എ കെ ജി സെൻ്റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പഴയ ഓഫീസ് എ കെ ജി പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കും

Published

|

Last Updated

തിരുവനന്തപുരം | സി പി എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എ കെ ജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നിലവിലുള്ള എ കെ ജി സെന്‍ററിൻ്റെ എതിർവശത്ത് 31 സെൻ്റിലാണ് പുതിയ എ കെ ജി സെൻ്റർ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്. സംസ്ഥാനത്തെ സി പി എമ്മിന്‍റെ മുഖമാണ് എ കെ ജി സെന്‍റര്‍. അതിനാൽ പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, എൽ ഡി എഫ് നേതാക്കൾ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റി ഓഫീസ്, ഹാളുകൾ, സെക്രട്ടേറിയറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടേറിയറ്റ്, പി ബി അംഗങ്ങൾക്കുള്ള ഓഫീസ് സൗകര്യങ്ങൾ, താമസസൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. രണ്ട് ഭൂഗർഭ പാർക്കിംഗ് നിലകളും പുതിയ ആസ്ഥാനമന്ദിരത്തിൽ നിർമിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നടത്തിയെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എ കെ ജി സെന്‍ററിലെ ഹാളിലാണ്. പുതിയ ഓഫീസിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസ് എ കെ ജി പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കും.

Latest