Uae
ഷാർജയിൽ അധ്യാപക നിയമനത്തിന് പുതിയ വ്യവസ്ഥ
വിദ്യാഭ്യാസ പരിശീലന കോളേജുകളിൽ നിന്നല്ലാതെ ബിരുദം നേടിയ അധ്യാപകർ അംഗീകൃത വിദ്യാഭ്യാസ ഡിപ്ലോമ നേടണമെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി നിർദേശിച്ചു.

ഷാർജ| ഷാർജയിൽ 2025-2026 അധ്യയന വർഷം മുതൽ അധ്യാപന ഡിപ്ലോമ ഇല്ലാത്തവർക്ക് അധ്യാപന ലൈസൻസ് അനുവദിക്കില്ല. വിദ്യാഭ്യാസ പരിശീലന കോളേജുകളിൽ നിന്നല്ലാതെ ബിരുദം നേടിയ അധ്യാപകർ അംഗീകൃത വിദ്യാഭ്യാസ ഡിപ്ലോമ നേടണമെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി നിർദേശിച്ചു. സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 2024 മാർച്ച് 19-ന് പുറത്തിറക്കിയ സർക്കുലർ നമ്പർ 15 പ്രകാരമുള്ള പ്രൊഫഷണൽ പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നയങ്ങളുടെ ഭാഗമാണ് ഈ നടപടി.
നിലവിൽ അധ്യാപന യോഗ്യതയില്ലാത്ത അധ്യാപകർ അംഗീകൃത ഡിപ്ലോമ പ്രോഗ്രാമുകളിൽ ചേരണമെന്നും വ്യവസ്ഥ നടപ്പാക്കുന്നതിന് മുമ്പ് യോഗ്യത നേടണമെന്നും അതോറിറ്റി നിർദേശിച്ചു. 2025-2026 അധ്യയന വർഷം മുതൽ, എല്ലാ സ്വകാര്യ സ്‌കൂളുകളും പുതിയ വിഷയാധ്യാപകരെ നിയമിക്കുമ്പോൾ ഈ വ്യവസ്ഥ പാലിക്കണമെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. സ്‌കൂളുകളും അധ്യാപകരും പുതിയ ചട്ടക്കൂട് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങളും നടപടികളും അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്.