Connect with us

Articles

നെതന്യാഹുവിന് മറ്റൊന്നും ചെയ്യാനില്ല

വിവിധ വശങ്ങൾ കണക്കിലെടുക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. നെതന്യാഹു ആഗ്രഹിച്ചതു പോലെയല്ല കാര്യങ്ങൾ നീങ്ങുന്നത്. ഇത്രയധികം കുഞ്ഞുങ്ങളെ കൊന്നിട്ടും മനുഷ്യ സ്‌നേഹികളുടെ മുഴുവൻ ശാപവാക്കുകൾക്ക് ഇരയായിട്ടും ലക്ഷ്യത്തിനരികെയെത്താൻ പോലും സാധിച്ചില്ലെന്നത് അദ്ദേഹത്തിന് ഭ്രാന്തമായ നിരാശ സമ്മാനിക്കുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കാനാകാത്ത സർക്കാറിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം സയണിസ്റ്റുകൾ തന്നെ ഉന്നയിക്കുന്നുമുണ്ട്.

Published

|

Last Updated

ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണം ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഗ്രഹിച്ചത് തന്നെയായിരുന്നുവെന്ന വിലയിരുത്തൽ ശക്തമാണ്. ആഭ്യന്തരമായി ഉയരുന്ന കടുത്ത വെല്ലുവിളികൾ മറികടക്കാൻ അദ്ദേഹത്തിന്റെ കൈയിൽ യുദ്ധമല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു. ഹമാസിന് അത്ര ശക്തമായ ആക്രമണം നടത്താനുള്ള “സെക്യൂരിറ്റി ലാപ്‌സ്’ ബോധപൂർവം സൃഷ്ടിച്ചു കൊടുത്തതാണെന്ന സിദ്ധാന്തവും ചില വിശകലനക്കാർ മുന്നോട്ട് വെക്കുന്നുണ്ട്. പക്ഷേ, രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ ബലികൊടുത്ത് അത്തരമൊരു നീക്കത്തിന് ഇസ്‌റാഈലിനെപ്പോലെ ഒരു രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നയാൾ മുതിരില്ലെന്ന മറുവാദത്തിനാണ് മുൻതൂക്കം.

ഇസ്‌റാഈലിന്റെ കൊട്ടിഘോഷിക്കപ്പെട്ട സൈനിക, രഹസ്യാന്വേഷണ മാഹാത്മ്യം ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിഞ്ഞ ദിവസമായിരുന്നു ഒക്‌ടോബർ ഏഴ്. ഇസ്‌റാഈൽ അരക്ഷിതമാണെന്നത് രാഷ്ട്രീയ സയണിസ്റ്റുകൾ എക്കാലവും ആവർത്തിക്കുന്ന നുണയാണ്. ഈ നുണ സത്യത്തിന്റെ അരികു തൊട്ട ദിനവുമായിരുന്നു അത്. നെതന്യാഹുവിന്റെ വലിയ നേട്ടമായി കൊണ്ടാടിയിരുന്ന മറ്റൊരു കാര്യം സഊദി ഒഴിച്ചുള്ള അറബ് രാജ്യങ്ങളുമായും സുഡാനുമായും സാധ്യമാക്കിയ നയതന്ത്ര, സാമ്പത്തിക ബന്ധമായിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന് നിലനിൽക്കാൻ അർഹതയില്ലെന്ന് ആവർത്തിച്ച് ആക്രോശിക്കുമ്പോഴും യു എ ഇയടക്കമുള്ള ഗൾഫ് രാജ്യങ്ങളുമായി ഉണ്ടാക്കിയ, അബ്രഹാം അക്കോർഡ് എന്ന് വിളിക്കപ്പെട്ട ബാന്ധവത്തെ നെതന്യാഹുവും കൂട്ടരും വല്ലാതെ ആഘോഷിച്ചു വരികയായിരുന്നു. സഊദിയിലേക്ക് കൂടി അത് നീട്ടാൻ അമേരിക്കയെ മുൻ നിർത്തി വലിയ കളികൾ തുടങ്ങുകയും ചെയ്തിരുന്നു. ആ മനക്കോട്ടകൾ അപ്പടി പൊളിയുന്നതിന് കൂടി ഒക്‌ടോബർ ഏഴിലെ ഹമാസ് നീക്കവും ബന്ദിയാക്കലും ഇസ്‌റാഈൽ സൈന്യത്തിന്റെ വംശഹത്യാപരമായ ആക്രമണവും കാരണമായി.
വിവിധ വശങ്ങൾ കണക്കിലെടുക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. നെതന്യാഹു ആഗ്രഹിച്ചതു പോലെയല്ല കാര്യങ്ങൾ നീങ്ങുന്നത്. ഇത്രയധികം കുഞ്ഞുങ്ങളെ കൊന്നിട്ടും ലോകത്തെ മനുഷ്യ സ്‌നേഹികളുടെ മുഴുവൻ ശാപവാക്കുകൾക്ക് ഇരയായിട്ടും ലക്ഷ്യത്തിനരികെയെത്താൻ പോലും സാധിച്ചില്ലെന്നത് അദ്ദേഹത്തിന് ഭ്രാന്തമായ നിരാശ സമ്മാനിക്കുന്നുണ്ട്. ആശുപത്രിയിൽ കടന്ന് കയറി ഇൻക്യുബേറ്ററിൽ കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വകവരുത്തിയിട്ടും രക്തദാഹം തീരാതെ “വാർ ക്യാബിനറ്റി’ലെ അംഗങ്ങൾ പസ്പരം പഴിക്കുന്നതിന്റെ കാരണമതാണ്. ഗസ്സയിലുള്ളവരെ മുഴുവൻ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ഒരു മന്ത്രി. ആണവായുധം പ്രയോഗിക്കണമെന്ന് വേറൊരാൾ. സ്വയം ഒഴിഞ്ഞു പോകാൻ ഗസ്സക്കാർ തയ്യാറാകണമെന്ന് മറ്റൊരു മന്ത്രി. ഗസ്സയുടെ നിയന്ത്രണം ഫലസ്തീൻ അതോറിറ്റിക്ക് നൽകണമെന്ന് മറ്റൊരു വിഭാഗം. അല്ല, അറബ് കൺസോർഷ്യത്തിനാകണം നിയന്ത്രണമെന്ന് പിന്നെയൊരു വിഭാഗം. ഗസ്സയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കണമെന്ന് പ്രബല വിഭാഗം. കൂട്ടക്കൊല തുടരണമെന്ന കാര്യത്തിലൊഴികെ ഒന്നിനും ഒരു നിശ്ചയവുമില്ല. ബന്ദികളെ മോചിപ്പിക്കാൻ സാധിക്കാത്ത സർക്കാറിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം സയണിസ്റ്റുകൾ തന്നെ ഉന്നയിക്കാൻ തുടങ്ങിയിരിക്കുന്നു.

സർവേകൾ അവസാനവാക്കാണെന്ന അഭിപ്രായമൊന്നും ലോകവിശേഷത്തിനില്ല. എന്നാൽ ചില സൂചനകൾ നൽകാൻ അവക്ക് സാധിക്കും. അങ്ങനെയെങ്കിൽ, ഇസ്‌റാഈലിൽ ഈയിടെ നടന്ന ചില സർവേകൾ പ്രസക്തമായ ചില ട്രൻഡുകൾ മുന്നോട്ട് വെക്കുന്നുണ്ട്. ബാർ ഇലാൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ സർവേയിൽ ഒറ്റച്ചോദ്യമാണ് ചോദിച്ചത്. ഈ യുദ്ധകാലത്ത് നിങ്ങൾ പ്രധാനമന്ത്രി എന്ന നിലയിൽ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ? വെറും നാല് ശതമാനം മാത്രമാണ് “യെസ്’ എന്ന് ഉത്തരം പറഞ്ഞത്. 96 ശതമാനം പേരും അദ്ദേഹം പറയുന്നതിനെ കണക്കിലെടുക്കുന്നില്ലെന്നാണല്ലോ ഇതിനർഥം. ലോകത്ത് ഒരു പ്രധാനമന്ത്രിക്കും ഇത്തരമൊരു പ്രതിസന്ധി കാലത്ത് ഇങ്ങനെയൊരു വിധിയുണ്ടായിക്കാണില്ല. പൊതുവേ യുദ്ധങ്ങൾ ഭരണാധികാരികളുടെ പ്രതിച്ഛായ ഉയർത്തുകയാണ് ചെയ്യുക. ഭരണാധികാരികൾ സൃഷ്ടിച്ച ശത്രുവിന് നേരെ ഉതിർക്കുന്ന ഓരോ വെടിയുണ്ടയും ഓരോ ക്ലസ്റ്റർ ബോംബും തീവ്രദേശീയതയുടെ ആഘോഷങ്ങൾക്കിടയിലെ മദ്യകോപ്പകളാകുകയാണ് പതിവ്. കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ചേതനയറ്റ ശരീരങ്ങൾ ആ വിരുന്നിലെ വിശിഷ്ട ഭോജ്യമാകും. എന്നാൽ നെതന്യാഹുവിന്റെ കാര്യത്തിൽ ഈ പതിവ് തെറ്റുകയാണ്.
മറ്റൊരു സർവേ നോക്കൂ. മാരിവ് ദിനപത്രമാണ് നവംബർ ആദ്യം ഈ സർവേ നടത്തിയത്. പ്രധാനമന്ത്രി പദത്തിലിരിക്കാൻ നെതന്യാഹുവിന് അർഹതയുണ്ടെന്ന് വിശ്വസിക്കുന്നവർ 27 ശതമാനം മാത്രമാണെന്ന് സർവേ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റസിനെ 49 ശതമാനം പേർ പിന്തുണക്കുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലുള്ള നിലയാണിതെന്നും സർവേ വ്യക്തമാക്കുന്നു. യുദ്ധം തിരിച്ചടിക്കുക തന്നെയാണ്.

1996ലാണ് നെതന്യാഹു ആദ്യമായി ഇസ്‌റാഈൽ പ്രധാനമന്ത്രിയായത്. ആദ്യ ഊഴം മൂന്ന് വർഷം നിലനിന്നു. 2009ലെ രണ്ടാമൂഴം 12 വർഷം തുടർച്ചയായി നീണ്ടു. ബരാക് ഒബാമ യു എസ് പ്രസിഡന്റായപ്പോൾ ഫലസ്തീനോടുള്ള സമീപനത്തിൽ ചില അയവുകൾ പ്രകടിപ്പിച്ചെങ്കിലും ബാക്കിയുള്ള മുഴുവൻ സമയങ്ങളിലും അറബ്, ഫലസ്തീൻ വിരുദ്ധതയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. ഫലസ്തീൻ മണ്ണിലേക്ക് നുഴഞ്ഞ് കയറി ജൂത കുടിയേറ്റ ഭവനങ്ങൾ മിക്കവയും പണിതത് നെതന്യാഹുവിന്റെ കാലത്താണ്. അവ നിയമവിധേയമാക്കാൻ നിരവധി നിയമനിർമാണങ്ങൾ നടന്നു. മുസ‌്ലിംകളെയും ക്രിസ്ത്യാനികളെയും രണ്ടാം തരം പൗരൻമാരാക്കുന്ന പൗരത്വ നിയമം കൊണ്ടുവന്നു. ഒരു ഭാഗത്ത്, അറബ് രാജ്യങ്ങളുമായി നയതന്ത്ര കരാറുകളുണ്ടാക്കുമ്പോഴും ഫലസ്തീൻ നയത്തിൽ ഒരു മാറ്റവും വരുത്താൻ അദ്ദേഹം തയ്യാറായില്ല. അഴിമതിയാരോപണങ്ങളുടെ അഴുക്കുചാലിൽ വീണ നെതന്യാഹുവിനെയാണ് 2016ന് ശേഷം കണ്ടത്. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. തീവ്രദേശീയത കത്തിക്കുന്ന പ്രസ്താവനകളും നടപടികളും കൈകൊണ്ടിട്ടും അദ്ദേഹത്തിന് നിവർന്നു നിൽക്കാനായില്ലെന്നത് ലേകത്താകെയുള്ള ജനാധിപത്യ വിശ്വാസികൾക്ക് ആവേശം പകരുന്നതായിരുന്നു. 2019ൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിങ്ങനെ മൂന്ന് കേസുകളിൽ പ്രതിയായി. വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്‌റാഈൽ പ്രധാനമന്ത്രിയായി. മൂന്ന് തിരഞ്ഞെടുപ്പുകളിലും ആർക്കും ഭൂരിപക്ഷം കിട്ടാതിരിക്കുകയും ഇസ്‌റാഈൽ കടുത്ത രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുകയും ചെയ്ത ഘട്ടത്തിലാണ് 2021ൽ ഒരു പൊരുത്തവുമില്ലാത്ത വിശാല സഖ്യം അധികാരത്തിൽ വന്നത്. അറബ് പാർട്ടികൾ വരെ ഉൾപ്പെട്ട ആ സഖ്യത്തിന്റെ പിടിപ്പുകേടും തീവ്ര സയണിസ്റ്റുകളുടെ നേതൃത്വത്തിൽ സഖ്യ സർക്കാറിനെതിരെ നടന്ന പ്രചണ്ഡ പ്രചാരണവുമാണ് നെതന്യാഹുവിന് തിരിച്ചുവരാൻ കളമൊരുക്കിയത്. ഇതാമിർ ബെൻഗിവിർ അടക്കമുള്ള സർവ തീവ്രവാദികളുടെയും കൂടാരമാണ് അദ്ദേഹത്തിന്റെ ക്യാബിനറ്റ്.

ഈ മന്ത്രിസഭയുടെ തുടരുത്തുടരെയുള്ള പ്രകോപനങ്ങളും മസ്ജിദുൽ അഖ്‌സക്ക് നേരെയുള്ള അതിക്രമങ്ങളും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും കൈയേറ്റങ്ങളുമാണ് ഇന്നത്തെ പ്രശ്‌നങ്ങൾക്കുള്ള അടിസ്ഥാന കാരണം. ആക്രമണം നിർത്തിയാൽ വാർ ക്യാബിനറ്റ് പിരിച്ചുവിടുകയും രാജ്യം സാധാരണ പ്രക്രിയയിലേക്ക് നീങ്ങുകയും ചെയ്യേണ്ടി വരും. അപ്പോൾ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരും. കേസുകളിൽ വിധി വരും. ജയിലിൽ പോകേണ്ടി വരും. അതുകൊണ്ട്, പരമാവധി ഈ ചോരക്കളി നീട്ടിക്കൊണ്ടു പോകുക. ഗസ്സ പിടിച്ചടക്കുമെന്ന ഉറപ്പ് അനുയായികൾക്ക് നൽകുക. അതാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടാണ് വെടിനിർത്തലിന് തയ്യാറാകത്തത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്