Connect with us

Aksharam Education

കായലരികത്ത്

കേരളത്തിൽ 37 കായലുകളാണുള്ളത്. ഇതിൽ 27 എണ്ണം അഴിയോ അല്ലെങ്കിൽ പൊഴിയോ വഴി കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.

Published

|

Last Updated

കേരളത്തിലെ പ്രധാന കായലുകളെ കുറിച്ചും ശുദ്ധജല തടാകങ്ങളെ കുറിച്ചും നമുക്ക് പരിചയപ്പെടാം. കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയ തടാകങ്ങളാണ് കായലുകൾ എന്ന് പൊതുവെ പറയാമെങ്കിലും കടലുമായി ബന്ധമില്ലാത്ത ശുദ്ധജല തടാകങ്ങളെ കായലുകളുടെ പട്ടികയിൽ ഉൾപ്പെടുത്താം.

കേരളത്തിൽ 37 കായലുകളാണുള്ളത്. ഇതിൽ 27 എണ്ണം അഴിയോ അല്ലെങ്കിൽ പൊഴിയോ വഴി കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ശേഷിക്കുന്ന ഏഴെണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് പ്രകൃതിജന്യമോ മനുഷ്യനിർമിതമോ ആയ കനാലുകളാണ്. ഈ കനാലുകൾ ഉൾനാടൻ ജലഗതാഗതത്തിന് ഉപയോഗിക്കുന്നു.
കടലും കായലും തമ്മിൽ സദാ തൊട്ടു കിടക്കുന്ന ഭാഗമാണ് അഴി. കടലിനെയും കായലിനെയും ബന്ധിപ്പിക്കുന്ന മണൽ തിട്ടയാണ് പൊഴി.

പ്രധാന കായലുകൾ

വേമ്പനാട്ടു കായൽ: 205 ച.കി.മീറ്റർ വിസ്തൃതിയുള്ള വേമ്പനാട്ടു കായലാണ് കേരളത്തിലെ ഏറ്റവും വലിയ കായൽ. ആലപ്പുഴ മുതൽ കൊച്ചി വരെ നീണ്ടുനിൽക്കുന്ന ഈ കായലിലാണ് മീനച്ചിൽ, പമ്പ, മൂവാറ്റുപുഴ എന്നീ നദികൾ പതിക്കുന്നത്. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നതും വേമ്പനാട്ടു കായലിലാണ്.
അഞ്ചുതെങ്ങ് കായൽ: 20 ച.കി.മീറ്റർ വിസ്തീർണമുള്ള ഈ കായലിലാണ് വാമനപുരം നദി പതിക്കുന്നത്.


കൊടുങ്ങല്ലൂർ കായൽ: ചാലക്കുടി പുഴ പതിക്കുന്ന കൊടുങ്ങല്ലൂർ കായൽ കൊച്ചിയിൽ നിന്ന് 25 കി.മീ വടക്കായി നീണ്ടു കിടക്കുന്നു.
ഇടവാ നടയറക്കായലുകൾ: വർഷകാലത്ത് കടലുമായി യോജിക്കുന്ന ഈ കായൽ അഞ്ചുതെങ്ങ് കായലിന് വടക്ക് ഭാഗത്തായി കിടക്കുന്നു.

അഷ്ടമുടി കായൽ: 50 ച.കി.മീ വിസ്തൃതിയിൽ കൊല്ലം മുതൽ വടക്കോട്ട് എട്ട് ശാഖകളായി നീണ്ടുകിടക്കുന്നു..


കായംകുളം കായൽ: 1866ലുണ്ടായ ഒരു വെള്ളപ്പൊക്കമാണ് ഈ കായലിന് ജന്മം നൽകിയത്. ആലപ്പുഴ, കൊല്ലം ജില്ലകളിലായി കടലിനു സമാന്തരമായി കിടക്കുന്ന കായലാണിത്.
വേളിക്കായൽ: തിരുവനന്തപുരത്ത് നിന്ന് അഞ്ച് കിലോ മീറ്റർ വടക്കായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ മനോഹരമായ തീരപ്രദേശങ്ങൾ നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

വെളിയങ്കോട് കായൽ: മലപ്പുറം ജില്ലയിലെ ഈ കായലിനെ പൊന്നാനി കായൽ വഴി ഭാരതപ്പുഴയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ചാവക്കാട് കായൽ: വെളിയങ്കോട് കായലുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവയിൽ നദികൾ ഒന്നും പതിക്കുന്നില്ല.

കവ്വായി കായൽ: കാസർകോട്, കണ്ണൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കായലിന് കടലിന് അഭിമുഖമായ ഭാഗത്ത് 16.42 ച.കി.മീ വിസ്തീർണമുണ്ട്. 21കി.മീ ആണ് ദൈർഘ്യം. പെരുമ്പപ്പുഴ, കവ്വായി പുഴ, കാര്യങ്കോട് പുഴ, രാമപുരം പുഴ എന്നിവ ഈ കായലിലാണ് പതിക്കുന്നത്.
കോഴിത്തോട്ടം കായൽ: ഹൗസ് ബോട്ട് യാത്രികർക്ക് ഏറെ പ്രിയപ്പെട്ട ഈ കായൽ തിരുവനന്തപുരം ജില്ലയിൽ വേളിക്കായലിനോട് ചേർന്ന് കടലിനു സമാന്തരമായി കിടക്കുന്നു.

Latest