Connect with us

National

എൻ ഡി എ ബാന്ധവം: കർണാടക ജെഡിഎസിലെ മുതിർന്ന മുസ്‍ലിം നേതാക്കൾ പാർട്ടിവിട്ടു

രാജിവെക്കുന്ന മുസ്ലീം ജെഡിഎസ് നേതാക്കൾ കോൺഗ്രസിലേക്ക് നീങ്ങുമെന്നാണ് സൂചന.

Published

|

Last Updated

ബംഗളൂരു | ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ ചേരാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുൻ മന്ത്രി എൻഎം നബി ഉൾപ്പെടെയുള്ള മുതിർന്ന മുസ്ലീം നേതാക്കൾ ജെ ഡി എസ് വിടാൻ തീരുമാനിച്ചു. ജെഡി(എസ്) സീനിയർ വൈസ് പ്രസിഡന്റ് സയ്യിദ് ഷഫീഉല്ല, ന്യൂഡൽഹി മുൻ പ്രതിനിധി മൊഹിദ് അൽത്താഫ്, യുവജന വിഭാഗം പ്രസിഡന്റ് എൻ എം നൂർ, മുൻ ന്യൂനപക്ഷ വിഭാഗം തലവൻ നാസിർ ഹുസൈൻ ഉസ്താദ് എന്നിവരാണ് പാർട്ടി വിടാൻ തീരുമാനിച്ച മറ്റു നേതാക്കൾ.

മുൻ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ജെഡിഎസ് എൻ ഡി എയിൽ ചേർന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെ കർണാടക ജെ ഡി എസിലെ മുസ്‍ലിം നേതാക്കൾ കുമാരകൃപ ഗസ്റ്റ്ഹൗസിൽ യോഗം ചേർന്ന് പാർട്ടി വിടാൻ തീരുമാനിക്കുയായിരുന്നുവെന്ന് ഡെക്കാൻ ഹെറാൾഡ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

കുമാരസ്വാമിയുടെ ന്യൂഡൽഹി യാത്രയും ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അറിഞ്ഞയുടൻ താൻ പാർട്ടി വിട്ടതായി ഷഫിഉല്ല പറഞ്ഞു. പാർട്ടിയിലെ നിരവധി മുസ്‍ലിം നേതാക്കൾ രാജിവെക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോൾ നിരവധി വർഗീയ പ്രശ്നങ്ങൾ സൃഷ്ടിച്ച ബിജെപിയോടൊപ്പം ചേരാനുള്ള ജെഡിഎസ് തീരുമാനത്തിൽ തങ്ങൾക്ക് സന്തോഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം നേതാക്കൾ മാത്രമല്ല, ചില “മതേതര ഹിന്ദുക്കൾ” പോലും നിരാശരാണെന്നും ഷഫിഉല്ല പറഞ്ഞു.

ഒരു ആഭ്യന്തര യോഗത്തിൽ, ജെഡിഎസിലെ മുസ്ലീം നേതാക്കൾ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള പാർട്ടി തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജെഡിഎസ് മേധാവി എച്ച്‌ഡി ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ഷഫിഉല്ല പറഞ്ഞു.

കോൺഗ്രസിന് ബദലായി സ്വയം ഉയർത്തിക്കാട്ടപ്പെട്ട ജെ ഡി എസ് ബിജെപി പക്ഷത്തേക്ക് ചാഞ്ഞത് പാർട്ടിയിൽ വൻ പ്രതിസന്ധികൾക്കിടയാക്കുമെന്ന സൂചനയാണ് മുതിർന്ന നേതാക്കളുടെ രാജിതീരുമാനം വ്യക്തമാക്കുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ജെ ഡി എസ് ബിജെപിയുടെ ‘ബി’ ടീമാണെന്നായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. ആ തിരഞ്ഞെടുപ്പിൽ മുസ്‍ലിം വോട്ടുകൾ വലിയതോതിൽ സമാഹരിക്കാൻ കോൺഗ്രസിന് സാധിക്കുകയും ചെയ്തിരുന്നു.

രാജിവെക്കുന്ന മുസ്ലീം ജെഡിഎസ് നേതാക്കൾ കോൺഗ്രസിലേക്ക് നീങ്ങുമെന്നാണ് സൂചന.