Connect with us

jds

എന്‍ ഡി എ സഖ്യം: പിണറായിക്കെതിരായ ദേവഗൗഡയുടെ പരാമര്‍ശം തള്ളി മന്ത്രി കൃഷ്ണന്‍കുട്ടി

മുഖ്യമന്ത്രി ദേവ ഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല

Published

|

Last Updated

പാലക്കാട് | ജെ ഡി എസ് – എന്‍ ഡി എ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്‍കിയെന്ന തരത്തില്‍ എച്ച് ഡി ദേവ ഗൗഡയുടെ പരാമര്‍ശനം തെറ്റാണെന്നു കേരളത്തിലെ ജെ ഡി എസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവ ഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജെ ഡി എസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എന്‍ ഡി എ ബന്ധത്തിനോട് പൂര്‍ണമായ വിയോജിപ്പാണ്. ഞങ്ങള്‍ ഗാന്ധിജിയുടെയും ലോഹ്യയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എന്‍ ഡി എക്ക് എതിരാണ്. എന്‍ ഡി എ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി തോമസും ദേവ ഗൗഡയെ കണ്ട് എന്‍ ഡി എ സഖ്യത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ ഡി എ സഖ്യത്തെ എതിര്‍ത്ത കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ദേവഗൗഡ കേരള മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയത്.

കര്‍ണാടകത്തില്‍ ജെ ഡി എസ് എന്‍ ഡി എയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചുവെന്നും അതിനാലാണ് കേരളത്തില്‍ ഇപ്പോഴും ഇടത് സര്‍ക്കാരില്‍ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നുമായിരുന്നു എച്ച് ഡി ദേവഗൗഡ പറഞ്ഞത്. ജെ ഡി എസ് ബി ജെ പിക്കൊപ്പം പോയത് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ആ സഖ്യത്തിന് അദ്ദേഹം പൂര്‍ണ സമ്മതം തന്നിട്ടുണ്ടെന്നുമായിരുന്നു ദേവഗൗഡ പറഞ്ഞത്. ജെ ഡി എസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും കേരള ഘടകം എന്‍ ഡി എയില്‍ ചേരുന്നതിന് സമ്മതം നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജെ ഡി എസ് കേരള ഘടകം എന്‍ ഡി എ ബന്ധത്തെ എതിര്‍ത്ത് എല്‍ ഡി എഫില്‍ ഉറച്ച് നില്‍ക്കും എന്ന് പ്രഖ്യാപിക്കുകയും സംസ്ഥാനത്തെ ജെ ഡി എസ് ഘടകം നിര്‍വാഹക സമിതിയോഗം ചേര്‍ന്ന് എന്‍ ഡി എ സഖ്യത്തില്‍ ചേരാനുള്ള തീരുമാനത്തിനെതിരെ പ്രമേയവും പാസ്സാക്കുകയും ചെയ്തതിനു ശേഷമാണ് ദേവഗൗഡ വിവാദ പരാമര്‍ശനം നടത്തിയത്.