Kerala
നവീൻ ബാബുവിന്റെ മരണം: പുനരന്വേഷണത്തിനെതിരെ പോലീസ് കോടതിയിൽ
കുടുംബത്തിന്റെ വാദം തെറ്റാണെന്ന് പോലീസ്

കണ്ണൂർ | കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹരജിക്കെതിരെ പോലീസ് കോടതിയിൽ. കുടുംബത്തിൻ്റെ ഹരജി തള്ളിക്കളയണമെന്നും കേസിൽ സമഗ്രമായ അന്വേഷണം നടന്നിരുന്നെന്നും പോലീസ് നൽകിയ റിപോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന വാദം മേൽക്കോടതികൾ തള്ളിയതാണെന്നും പോലീസ് റിപോർട്ടിലുണ്ട്.
ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റാണ്. നവീൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും റിപോർട്ടിൽ പറയുന്നു.
കുടുംബം കേസിൻ്റെ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിന് പിന്നാലെ കേസിൻ്റെ കുറ്റപത്രം കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന് മുമ്പാകെ പോലീസ് സമർപ്പിച്ചു. ഇതിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നാണ് കുടുംബത്തിൻ്റെ ആക്ഷേപം. ഇതേത്തുടർന്ന് 13 പിഴവുകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിൻ്റെ ഭാര്യയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്.