Kerala
നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിക്കും
തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു, എല്‍ദോസ് കുന്നപ്പിള്ളി (പെരുമ്പാവൂര്‍), ഐ സി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി) എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വവും നിലനില്‍ക്കുന്നു.
തിരുവനന്തപുരം| നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കുമെന്ന് വിവരം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നതിനിടെയാണ് സിറ്റിങ് എംഎല്‍മാരും മത്സരരംഗം ഉറപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിച്ചു നിര്‍ത്തിയാല്‍ 21 എംഎല്‍എമാരാണ് കേരളത്തില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു, എല്‍ദോസ് കുന്നപ്പിള്ളി (പെരുമ്പാവൂര്‍), ഐ സി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി) എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വവും നിലനില്‍ക്കുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരത്തിനില്ലെന്നാണ് കെ ബാബുവിന്റെ നിലപാട്. മത്സരിപ്പിക്കാന്‍ കെ ബാബുവിനും കെപിസിസിക്കും മേല്‍ സമ്മര്‍ദ്ദമുണ്ട്. വയനാട്ടിലെ സംഘടനാ പ്രശ്‌നമാണ് ഐ സി ബാലകൃഷ്ണന് തിരിച്ചടിയാകുന്നത്. ലൈംഗിക പീഡന ആരോപണമാണ് എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്നിലെ തടസം. പെരുമ്പാവൂരില്‍ പാര്‍ട്ടി ഒരു ബദല്‍ സ്ഥാനാര്‍ത്ഥിയെ അന്വേഷിച്ചേക്കുമെന്നാണ് സൂചന.


