Kerala
പാര്‍ട്ടി മത്സരിക്കണമെന്ന് പറഞ്ഞാല്‍ എത്ര പ്രയാസമുണ്ടെങ്കിലും മത്സരിക്കും; എ കെ ശശീന്ദ്രന്‍
പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അതിനപ്പുറം ആരും ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
കോഴിക്കോട്| നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ എലത്തൂരില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട എന്റെ കാര്യം ഞാനല്ല പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി മത്സരിക്കേണ്ട എന്ന് പറഞ്ഞാല്‍ മത്സരിക്കില്ല. മത്സരിക്കണമെന്ന് പറഞ്ഞാല്‍ എത്ര പ്രയാസമുണ്ടെങ്കിലും മത്സരിക്കും. പക്ഷേ പറയേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വമാണ്. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് പൊതുവേ അനവസരത്തിലാണ്, അനൗചിത്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാകാലത്തും ഇത്തരം കാര്യങ്ങളില്‍ ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം ശിരസാവഹിച്ചു കൊണ്ട് സത്യസന്ധമായി പ്രവര്‍ത്തിച്ചുപോകുന്ന പാരമ്പര്യമുള്ള, നല്ല കരളുറപ്പുള്ള പ്രവര്‍ത്തകന്മാരുടെ പാര്‍ട്ടിയാണ് കോഴിക്കോട്ടെ എന്‍സിപിയെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അതിനപ്പുറം ആരും ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
എ കെശശീന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് ഇത്തവണ മാറി നില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് ഇന്നലെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ശശീന്ദ്രന്റെ പ്രതികരണം. മുക്കം മുഹമ്മദിന്റെ പ്രസ്താവനയ്ക്കെതിരെ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവിയും രംഗത്തെത്തിയിരുന്നു. ശശീന്ദ്രന്‍ മാറി നില്‍ക്കട്ടെ എന്ന് പറയാനുള്ള അവകാശവും അര്‍ഹതയും മുക്കം മുഹമ്മദിന് ഇല്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്കാണ് അധികാരമെന്നും റസാഖ് മൗലവി പറഞ്ഞിരുന്നു.
ഏഴ് തവണ മത്സരിച്ച് ആറ് തവണ എംഎല്‍എയും തുടര്‍ച്ചയായി 10 വര്‍ഷം മന്ത്രിയുമായ എകെ ശശീന്ദ്രന്‍ ഇനി മാറി നില്‍ക്കട്ടേയെന്നാണ് എന്‍സിപിയിലെ പ്രബലവിഭാഗത്തിന്റെ ആവശ്യം. അതിനിടെ എലത്തൂര്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിപിഐഎമ്മിലും ചര്‍ച്ച സജീവമാണ്. സീറ്റ് സിപിഐഎം ഏറ്റെടുക്കുകയാണെങ്കില്‍ എലത്തൂരില്‍ വി വസീഫ് മത്സരിക്കാനാണ് സാധ്യത.



