Connect with us

Travelogue

നജഫ്

പതിനാറാം നൂറ്റാണ്ടിൽ ഉസ്മാനിയ്യ ഭരണത്തിന് കീഴിലായി നജഫ്. ഇറാനിലെ ശീഇകളായ സഫവികൾ പ്രദേശം രണ്ട് തവണ പിടിച്ചടക്കിയെങ്കിലും ഉസ്മാനിയ്യ സൈന്യത്തിന് മുന്നിൽ കൂടുതൽ കാലം പിടിച്ചു നിൽക്കാനായില്ല. യൂഫ്രട്ടീസ് നദി ദിശമാറി ഒഴുകിയതിനാൽ ജനവാസമില്ലാതെ ഒഴിഞ്ഞു കിടന്ന കാലവും നജഫിനുണ്ടായിട്ടുണ്ട്.

Published

|

Last Updated

ബഗ്ദാദിന്റെ തെക്കുഭാഗത്തായി നൂറ്റി അറുപത് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് നജഫ്. നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ്(റ)ന്റെ ദർഗയാണെന്ന് കരുതപ്പെടുന്ന ചരിത്ര സ്മാരകമാണ് ഇവിടത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. ശിയാക്കളുടെ സംരക്ഷിത പ്രദേശങ്ങളിൽ ഒന്നാണിത്. നദികളാൽ ചുറ്റപ്പെട്ട, ദീർഘ ചതുരാകൃതിയിലുള്ള ഉയർന്ന പ്രദേശമാണ് നജഫ് എന്നാണ് വിശ്രുത അറബി ഭാഷാ ഗ്രന്ഥം ലിസാനുൽ അറബിന്റെ ഗ്രന്ഥകർത്താവായ മുഹമ്മദ്ബ്നുൽ മൻസ്വൂർ രേഖപ്പെടുത്തിയിട്ടുള്ളത്. അലി(റ)ലേക്ക് ചേർത്ത് നജഫ് അൽ അശ്റഫ് എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്.

അബ്ബാസീ ഭരണാധികാരിയായ ഹാറൂൻ റശീദ് എ ഡി 791ലാണ് നജഫ് നഗരം സ്ഥാപിക്കുന്നത്. വിജന പ്രദേശമായിരുന്നു ഇത്. വേട്ടക്കിടെയാണ് അദ്ദേഹം ഇവിടെയെത്തുന്നതും മഖ്ബറ നിർമിക്കാൻ ഉത്തരവിറക്കിയതും. പിന്നീട് അതിനു ചുറ്റും വികസിച്ച നഗരമാണ് നജഫ്. ഹജ്ജ് തീർഥാടന വേളയിൽ ഇബ്നു ബത്വൂത്വ പ്രദേശം സന്ദർശിച്ചിരുന്നു. മഷ്ഹദ് അലി എന്നാണ് അദ്ദേഹം നജഫിനെ പരിചയപ്പെടുത്തുന്നത്. അധികം ജനവാസമില്ലാത്ത, എന്നാൽ ധനികരും വ്യാപാരികളും താമസിച്ചിരുന്ന നാടായിരുന്നു മഷ്ഹദ് അലി. നേർച്ചകളിലൂടെ ഇങ്ങോട്ട് ധാരാളം ധനം ലഭിച്ചിരുന്നു. പ്രധാനമായും ഭിന്നശേഷിക്കാരായിരുന്നു എത്തിയിരുന്നത്. അവർക്കെല്ലാം പരിഹാരം ലഭിക്കുകയും ചെയ്യാറുണ്ട് എന്നും ഇബ്നു ബത്വൂത്വ രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടിൽ ഉസ്മാനിയ്യ ഭരണത്തിന് കീഴിലായി നജഫ്. ഇറാനിലെ ശീഇകളായ സഫവികൾ പ്രദേശം രണ്ട് തവണ പിടിച്ചടക്കിയെങ്കിലും ഉസ്മാനിയ്യ സൈന്യത്തിന് മുന്നിൽ കൂടുതൽ കാലം പിടിച്ചു നിൽക്കാനായില്ല. യൂഫ്രട്ടീസ് നദി ദിശമാറി ഒഴുകിയതിനാൽ ജനവാസമില്ലാതെ ഒഴിഞ്ഞു കിടന്ന കാലവും നജഫിനുണ്ടായിട്ടുണ്ട്. പിൽക്കാലത്ത് ഇവിടേക്ക് ഇറാനിൽ നിന്ന് ശീഈ മുല്ലമാരുടെ വൻതോതിലുള്ള കുടിയേറ്റം ഉണ്ടാവുകയും നജഫ് ശീഈ ആധിപത്യത്തിലേക്ക് നീങ്ങുകയും ചെയ്തു. ഉസ്മാനികളുടെ ഏറെ നാളത്തെ ശ്രമഫലമായി അപ്പോഴേക്കും യൂഫ്രട്ടീസ് തിരിച്ചൊഴുകി നജഫ് അതിന്റെ പൂർവ പ്രതാപം വീണ്ടെടുത്തിരുന്നു.
ബ്രിട്ടീഷുകാരും നജഫ് ഭരിച്ചിട്ടുണ്ട്. ശിയാക്കളുടെ കഷ്ടകാലം കൂടിയായിരുന്നു അത്. 2003ൽ ഇറാഖിൽ ശീഈ ആധിപത്യമുള്ള സർക്കാർ രൂപവത്കൃതമായതിന് ശേഷമാണ് ഇന്നു കാണുന്ന വിധം നജഫ് വികസിച്ചത്. ഇനിയെത്ര രൂപാന്തരങ്ങളാണ് ഈ നാടിനുണ്ടാവുകയെന്നതും നിശ്ചയമില്ല. പ്രകൃതിയും മനുഷ്യനുമൊക്കെ ഇടക്കിടെ മാറ്റിവരക്കുന്ന ഭൂപടമാണ് പ്രദേശത്തിന്റേതെന്ന് ചുരുക്കം.
സദ്ദാം ഹുസൈന്റെ ഭരണകാലത്ത് നജഫ് യാത്രക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴതില്ല. മക്കയും മദീനയും കഴിഞ്ഞാൽ ശിയാക്കൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സന്ദർശന കേന്ദ്രമാണിത്. അതിന്റെ ഗരിമ ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളിലും നിർമാണ ഘടനയിലുമെല്ലാം ദൃശ്യമാണ്. സ്വർണ വർണത്തിലുള്ള ഖുബ്ബയാണ് അലി(റ)തെന്ന് കരുതപ്പെടുന്ന മഖ്ബറക്ക്. ലോകത്തേറ്റവും വലിയ ഖബർസ്ഥാനായ വാദിസലാമും അതിനടുത്തായി സ്ഥിതി ചെയ്യുന്നു.

ദൂരദിക്കുകളിൽ നിന്ന് പോലും മയ്യിത്ത് മഖ്ബറയിൽ കൊണ്ടുവരുന്നു. കുറഞ്ഞ സമയത്തിനകം തന്നെ നാലോ അഞ്ചോ മയ്യിത്തുകളാണ് ഞങ്ങൾക്ക് മുന്നിലൂടെ കൊണ്ടുപോയത്. കൂടെ കൂടുതൽ ആളുകളൊന്നുമില്ല. വാഹകരും ഏതാനും പേരും മാത്രം. പലതും ചൊല്ലി അവരങ്ങനെ നീങ്ങുന്നു.

ചുവന്ന പരവതാനിയാണ് നിലത്ത്. അലങ്കാരപ്പണികളിലും ചുവപ്പുണ്ട്. രക്തസാക്ഷിത്വത്തിന്റെ പ്രതീകവത്കരണമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുണ്ട്. സുന്നികളും ശിയാക്കളും. ഏറെ വ്യത്യസ്തമാണ് ശീഈ ശൈലികൾ. ഒരിടത്ത് അലി(റ), ഹുസൈൻ(റ) എന്നിവരെ ഉറക്കെ വിളിച്ചു നടത്തുന്ന ഒരു സദസ്സ് കണ്ടു. അവർ നെഞ്ചിലടിച്ച് വിലപിക്കുകയാണ്. ആണും പെണ്ണുമുണ്ട്. ചുറ്റും കാഴ്ചക്കാർ. അവരത് ആദരപൂർവം നോക്കി നിൽക്കുകയാണ്. അൽപ്പനേരം അത് വീക്ഷിച്ചു. ഗുജറാത്തിൽ നിന്നുള്ള ബോറാ വിഭാഗക്കാരുടെ സംഘമാണ്. ഇന്ത്യൻ മുസ്‌ലിംകൾക്കിടയിൽ അതിന്യൂനപക്ഷമാണല്ലോ ശിയാക്കൾ. അവരിലെ പ്രബലസമൂഹമാണ്. കോഴിക്കോട് ഏതാനും ബോറകളുണ്ടെന്ന് കേട്ടിട്ടുണ്ട്. വ്യാപാരാവശ്യാർഥം വന്നവരാണ്. പക്ഷേ, സുന്നികളുടെ ശക്തമായ മത അവബോധം കാരണം അവർക്കിവിടെ വേണ്ടത്ര സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല.

Latest