Connect with us

Articles

എഴുതിത്തീരില്ലല്ലോ നബി മദ്ഹുകള്‍

'എനിക്ക് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല; കാരണം നബി(സ)യെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അനന്തമാണ്. ഒരു മനുഷ്യായുസ്സിനോ അനേകം ആയുസ്സുകള്‍ക്കോ ഇത് അപ്രാപ്യമാണ്'.

Published

|

Last Updated

സ്വലാഹുദ്ദീന്‍ അല്‍ മുനജ്ജദ് എഴുതിയ ‘മുഅ്ജം ഫീമാ ഉല്ലിഫ അന്‍ റസൂലില്ലാഹ് (സ)’ എന്ന കൃതി ഗ്രന്ഥരചനാ ലോകത്ത് അത്ഭുതമാണ്. 424 പേജുകളില്‍ അദ്ദേഹം തുന്നിനിറച്ചത് പതിനായിരക്കണക്കിന് പുസ്തകങ്ങളുടെ പേരും ഗ്രന്ഥകര്‍ത്താവിന്റെ പേരും പ്രസിദ്ധീകരിച്ച വര്‍ഷവും പ്രസാധകരുടെ പേരുകളും മാത്രം. എല്ലാം നബി (സ)യെ കുറിച്ചെഴുതിയവ. അറബി അക്ഷരമാല ക്രമത്തില്‍ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. ഇത്രയെല്ലാം നബി(സ)യെക്കുറിച്ച് ശേഖരിച്ചിട്ടും ആമുഖത്തില്‍ അദ്ദേഹം വളരെ വിഷമത്തോടെ ഇങ്ങനെ രേഖപ്പെടുത്തി: ‘എനിക്ക് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല; കാരണം നബി(സ)യെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അനന്തമാണ്. ഒരു മനുഷ്യായുസ്സിനോ അനേകം ആയുസ്സുകള്‍ക്കോ ഇത് അപ്രാപ്യമാണ്’. അവസാന പേജില്‍ അദ്ദേഹം വീണ്ടും ഇങ്ങനെ വിലപിക്കുന്നു: ‘ഇത് നിര്‍ത്തേണ്ടി വരികയാണ്. കാരണം ഓരോ ദിവസവും പുതിയത് കിട്ടികൊണ്ടിരിക്കുന്നു. ഇപ്പോഴും എന്റെ കൈയില്‍ ഇതില്‍ ചേര്‍ക്കാനാകാതെ ധാരാളം കൃതികളുണ്ട്. എല്ലാം കഴിഞ്ഞ് പ്രസ്സില്‍ കൊടുക്കാന്‍ കഴിയില്ല. കാരണം നിരന്തരം പുതിയവ ലഭിച്ചുകൊണ്ടിരിക്കുകയാണ്’.

സ്വലാഹുദ്ദീന്‍ മുനജ്ജദ് നടത്തിയതുപോലെ ധാരാളം ശ്രമങ്ങള്‍ പ്രവാചകരെക്കുറിച്ചെഴുതിയ പുസ്തകങ്ങളെമാത്രം ശേഖരിക്കാനുണ്ടായിട്ടുണ്ടെങ്കിലും എല്ലാവരും തോല്‍വി സമ്മതിക്കുകയാണ്. ഓരോ ദിവസവും പുതിയപഠനങ്ങളും വായനകളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന വ്യക്തിത്വം പ്രവാചകരുടേതാണ്, ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട വ്യക്തിത്വവും പ്രവാചകരുടേതു തന്നെ. അനന്ത കോടി പേജുകളില്‍ ഒരു മഹാമനീഷിയുടെ ജീവിതം രേഖപ്പെടുത്തപ്പെട്ടു. പരകോടി ജനങ്ങളുടെ നാവിന്‍ തുമ്പിലും ചുണ്ടുകളിലും ഹൃദയത്തിന്റെ അടിത്തട്ടിലും ആ മഹാനായ മനുഷ്യന് നല്‍കുന്ന സ്നേഹവായ്പിന് പുറമെയാണിത്.

തന്റെ ചരിത്രം മാത്രമല്ല നബി(സ)യുടെ ദിവ്യസന്ദേശങ്ങളും ഇന്നും ലോകത്ത് അതിജയിച്ചു നില്‍ക്കുകയാണ്. അവ സഹസ്രാബ്ദങ്ങളെ ഭേദിച്ച് ന്യൂനതയുടെ ഒരു കണിക പോലും അവശേഷിക്കാത്ത വിധം ഇന്നും തുടരുന്നു. ഒരു വ്യക്തിത്വത്തിന്റെ വചനങ്ങള്‍ മാത്രമല്ല രേഖപ്പെടുത്തപ്പെട്ടത്, പ്രവര്‍ത്തനങ്ങളും മൗനങ്ങള്‍ വരെയും സമൂഹം എഴുതിവെക്കുകയും മായ്ക്കാതെ ഇന്നും സൂക്ഷിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് പേജുകളില്‍ അവ നിറഞ്ഞിരിക്കുകയാണ്. കോടിക്കണക്കിനാളുകളുടെ അധരങ്ങളിലൂടെ അവ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുകയാണ്.

ഹദീസ് എന്നും സുന്നത്ത് എന്നും നാമധേയം ചെയ്ത നബി(സ)യുടെ വചനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ തന്നെ നൂറ്റാണ്ടുകളായി നിലവിലുണ്ട്. നബി (സ)യുടെ വചനങ്ങള്‍ കേവലം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോ ശേഖരിച്ചുവെച്ച ചില വചനങ്ങളല്ല എന്ന വസ്തുതയാണ് ഇവ്വിഷയത്തിലെ പ്രഥമപാഠം. നബി(സ) ആരോട് പറഞ്ഞുവെന്നത് മുതല്‍ ഹദീസ് റിപോര്‍ട്ട് ചെയ്തവരുടെ പരമ്പര, അവരുടെ ജീവിത രേഖ, അവര്‍ കളവ് പറഞ്ഞതല്ലെന്നും അവര്‍ കളവ് പറയാറില്ലെന്നുമുള്ള സ്ഥിരീകരണം തുടങ്ങി ഒരു പ്രവാചക വചനം മുസ്ലിം ലോകം സ്വീകരിക്കുന്നതിന് നിരവധി മാനദണ്ഡങ്ങളുണ്ട്.