Kerala
കോഴിക്കോട് സ്വദേശി ജംഷീദിന്റെ ദുരൂഹ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തലക്കും നെഞ്ചിലുമേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

കോഴിക്കോട് | കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കും നെഞ്ചിലുമേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകളെല്ലാം മരണത്തിന് തൊട്ടുമുന്‍പുണ്ടായതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ശക്തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായത്. ജംഷീദിന്റെ ശരീരത്തില്‍ നിന്ന് ഗ്രീസിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.
മാണ്ഡിയയിലെ റെയില്‍വേ ട്രാക്കില്‍ മെയ് 11നാണ്ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു ജംഷീദ്.
മകന്റെ മരണകാരണം അന്വേഷിക്കണമെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് ജംഷീദിന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും ലഹരിമാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.