Connect with us

Lokavishesham

മുസാഫർ നഗർ: ഇൽതുമിഷും അഹ്‍മദിന്റെ ക്ലോക്കും

അമേരിക്കൻ പോലീസിന്റെ ബുദ്ധിശൂന്യതയും മുൻവിധിയും മതവിദ്വേഷവും ഒരിക്കൽ കൂടി ചർച്ചയായി. സ്റ്റാൻഡ് വിത്ത് അഹ്മദ് എന്ന ഹാഷ്ടാഗിൽ റജബ് ത്വയ്യിബ് ഉർദുഗാനെപ്പോലുള്ള രാഷ്ട്രത്തലവൻമാരടക്കം മില്യൺ കണക്കിന് ആളുകളാണ് പ്രതികരിച്ചത്. എല്ലാവരും ചൂണ്ടിക്കാട്ടിയത് ഒരേ കാര്യം. മുസ്‌ലിം വിരുദ്ധതമൂലം ഭ്രാന്ത് പിടിച്ചവർ അമേരിക്കക്ക് മാത്രമല്ല ലോകത്തിനാകെ ഭീഷണിയായി തീർന്നിരിക്കുന്നു.

Published

|

Last Updated

2015 സെപ്തംബറിലായിരുന്നു അത്. ടെക്‌സാസിലെ മക് ആർതർ ഹൈസ്‌കൂളിലെ വിദ്യാർഥി, 14കാരൻ അഹ്്മദ് മുഹമ്മദ് സ്വന്തമായി അസംബിൾ ചെയ്ത ഡിജിറ്റൽ ക്ലോക്കുമായി ക്ലാസ്സിലെത്തുന്നു. പെൻസിൽ പെട്ടിയിൽ ക്ലോക്കിന്റെ ഭാഗങ്ങൾ ഘടിപ്പിച്ചുണ്ടാക്കിയ നിർമിതി ആദ്യം തന്റെ എൻജിനീയറിംഗ് അധ്യാപകനെ കാണിച്ചു. മനോഹരമായിരിക്കുന്നു. തത്കാലം ക്ലോക്ക് പ്രവർത്തിപ്പിക്കേണ്ട, ബാഗിൽ തന്നെയിരിക്കട്ടെ എന്ന് അദ്ദേഹം ഉപദേശിച്ചു. കുട്ടിക്ക് പക്ഷേ, ആകാംക്ഷയും അഭിമാനബോധവും അടക്കിനിർത്താനായില്ല. അവൻ അത് ഓണാക്കുക തന്നെ ചെയ്തു. ഇംഗ്ലീഷ് ക്ലാസ്സിൽ എല്ലാവരും നിശബ്ദരായിരിക്കെ ക്ലോക്ക് മുരളാൻ തുടങ്ങി. അധ്യാപിക അവനടുത്ത് വന്ന് ക്ലോക്ക് കാണിക്കാൻ പറഞ്ഞപ്പോൾ കൂട്ടുകാർ കരഘോഷം മുഴക്കി. അഭിനന്ദന വാക്കുകൾക്ക് കാത്തു നിന്ന് അവനോട് അധ്യാപിക ചോദിച്ചു: “ഇതൊരു ടൈം ബോംബല്ലേ’. മുഹമ്മദ് ശരിക്കും വിരണ്ടു പോയി. ഒരിക്കലും നിനയ്ക്കാത്ത പ്രതികരണം. ടീച്ചർ ക്ലോക്ക് പിടിച്ചു വാങ്ങി പ്രിൻസിപ്പലിന്റെ മുറിയിലേക്ക് പറന്നു. ഉടനെ പോലീസിനെ വിളിച്ചു. സഹപാഠികൾക്ക് മുമ്പിൽ വെച്ച് മുഹമ്മദിനെ വിലങ്ങണിയിച്ചു. ജുവൈനൽ ജയിലിലടച്ചു. ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ. സ്‌കൂളിൽ നിന്ന് ഉടനടി സസ്‌പെൻഷൻ. ക്ലോക്ക് തന്നെയെന്ന് ബോധ്യപ്പെട്ടിട്ടും രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഉറച്ച് നിന്നു. ക്ലാസ്സിൽ വ്യാജ ബോംബ് കൊണ്ടുവന്ന് ഭീതി പരത്തിയെന്നായിരുന്നു കുറ്റം.

ക്ലോക്ക് അഹ്്മദ് ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചു. മുസ്‌ലിംകൾക്കും കറുത്ത വർഗക്കാർക്കും കുടിയേറ്റക്കാർക്കുമെതിരെ അമേരിക്കയിലെ വെളുത്ത വർഗക്കാർ എത്രമാത്രം മലീമസമായ വംശീയതയാണ് ഉത്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ക്ലോക്ക് സംഭവം. സുഡാനിൽ വേരുകളുള്ള മുസ്‌ലിം കുടുംബത്തിൽ നിന്ന് വരുന്നുവെന്ന ഒറ്റക്കാരണത്താലാണ് അഹ്്മദിന്റെ “പെൻസിൽ ബോക്‌സ് ക്ലോക്ക്’ നിമിഷങ്ങൾക്കകം ടൈം ബോംബായി മാറിയതും അവന്റെ കൈയിൽ വിലങ്ങ് വീണതും. മിക്ക അമേരിക്കൻ മാധ്യമങ്ങളും ഈ സംഭവത്തെ ഇസ്‌ലാമോഫോബിയയുടെ ക്ലാസ്സിക്കൽ ഉദാഹരണമായി തന്നെ അവതരിപ്പിച്ചു. സ്‌കൂൾ അധ്യാപികയുടെ ന്യായീകരണങ്ങൾക്ക് ഒരു സ്വീകാര്യതയും കിട്ടിയില്ല. സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നു. മുഹമ്മദിനെ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർഗ് അടക്കമുള്ളവർ അഹ്്മദിനെ അഭിനന്ദനം കൊണ്ട് മൂടി. യു എന്നിന്റെ ശാസ്ത്ര സംഗമത്തിലേക്കും അവന് ക്ഷണം ലഭിച്ചു.

അമേരിക്കൻ പോലീസിന്റെ ബുദ്ധിശൂന്യതയും മുൻവിധിയും മതവിദ്വേഷവും ഒരിക്കൽ കൂടി ചർച്ചയായി. സ്റ്റാൻഡ് വിത്ത് അഹ്്മദ് എന്ന ഹാഷ്ടാഗിൽ റജബ് ത്വയ്യിബ് ഉർദുഗാനെപ്പോലുള്ള രാഷ്ട്രതലവൻമാരടക്കം മില്യൺ കണക്കിന് ആളുകളാണ് പ്രതികരിച്ചത്. എല്ലാവരും ചൂണ്ടിക്കാട്ടിയത് ഒരേ കാര്യം. മുസ്‌ലിം വിരുദ്ധതമൂലം ഭ്രാന്ത് പിടിച്ചവർ അമേരിക്കക്ക് മാത്രമല്ല ലോകത്തിനാകെ ഭീഷണിയായി തീർന്നിരിക്കുന്നു. വിദേശരാജ്യങ്ങളിൽ നടത്തുന്ന നെറികെട്ട സൈനിക ഇടപെടലുകൾക്ക് ന്യായീകരണമായി ഭരണകൂടം ഉത്പാദിപ്പിക്കുന്ന ഭീതി അമേരിക്കൻ പൗരൻമാരെ എത്രമാത്രം \

അരക്ഷിതാവസ്ഥയിലകപ്പെടുത്തിയിരിക്കുന്നുവെന്ന വസ്തുത കൂടി ഈ സംഭവം അനാവരണം ചെയ്തു. ലോകത്തിന് മുന്നിൽ നാണം കെട്ട ബരാക് ഒബാമ നേരിട്ടിടപെട്ട് കേസ് പിൻവലിപ്പിച്ചു. പക്ഷേ, അഹ്്മദിന്റെ കുടുംബം അമേരിക്കയിൽ തുടർന്നില്ല. ക്ലോക്ക് സംഭവം കൊളുത്തിവിട്ട ചർച്ച ലോകത്താകെ പടർന്നതോടെ അഹ്്മദിന് നിരവധി രാജ്യങ്ങൾ സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്തിരുന്നു. ചില രാജ്യങ്ങൾ അവനെയും കുടുംബത്തെയും സ്‌നേഹപൂർവം ക്ഷണിക്കുകയും ചെയ്തു. ഖത്വറിന്റെ ക്ഷണമാണ് അഹ്്മദിന് കുടുംബംസ്വീകരിച്ചത്.

ക്ലോക്ക് അഹ്്മദിനെ ഇപ്പോൾ ഓർത്തെടുത്തത് യു പിയിലെ മുസഫർനഗറിൽ തൃപ്ത ത്യാഗിയെന്ന അധ്യാപിക മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് ക്രൂരമായി തല്ലിപ്പിക്കുകയും കടുത്ത വിമർശങ്ങളുയർന്നിട്ടും അതിനെ ന്യായീകരിക്കുകയും ചെയ്ത പശ്ചത്തലത്തിലാണ്. യു എസിൽ അഹ്്മദിനെ പോലീസിന് കൈമാറിയ അധ്യാപികയും യു പിയിലെ തൃപ്തയും ഒരേ വിദ്വേഷത്തിന്റെ പകർപ്പുകളാണ്. “ബോംബാണെന്ന് കരുതി ഞാൻ ശരിക്കും പേടിച്ചിരുന്നു’വെന്ന് പറയുന്ന അമേരിക്കൻ ടീച്ചറും വികാലംഗയാണ്, സ്വയം ശിക്ഷിക്കാൻ കഴിയാത്തത് കൊണ്ട് മറ്റ് കുട്ടികളെക്കൊണ്ട് അത് ചെയ്യിച്ചുവെന്ന് പറയുന്ന തൃപ്തയും തികച്ചും സമാനമായ നിലയിലാണ് സംസാരിക്കുന്നത്. ഇരുവരും വംശീയ വിദ്വേഷം തലക്ക് പിടിച്ചവരാണ്. “മുഹമ്മദൻ കുട്ടികളെ ഞാൻ ശിക്ഷിക്കും, അവരെ പുറത്താക്കു’മെന്ന് ആക്രോശിക്കുന്ന തൃപ്ത രൂപപ്പെടുന്നത് പൊടുന്നനെയല്ല. ദീർഘകാലം മനസ്സിൽ കൊണ്ടുനടന്ന വിദ്വേഷവും അസഹിഷ്ണുതയും ഇങ്ങനെ പൊടുന്നനെ പുറത്ത് ചാടുന്നുവെന്നേയുള്ളൂ. ഇൽത്തുമിഷിനെ മറ്റ് കുട്ടികൾക്ക് മുന്നിൽ നിർത്തി തല്ലിക്കുകയും കൂടുതൽ ശക്തമായി അടിക്കാൻ നിർദേശിക്കുകയും ചെയ്യുന്ന തൃപ്ത ത്യാഗിക്ക് അതിൽ ഒരു കുറ്റബോധവും തോന്നുന്നില്ല. അത് താൻ ചെയ്യേണ്ടത് തന്നെയാണെന്ന ബോധമാണ് ആ സ്ത്രീയെ നയിക്കുന്നത്. മഹത്തായ മാതൃത്വ സങ്കൽപ്പമൊന്നും തൃപ്തയിൽ പ്രവർത്തിക്കുന്നില്ല. അടി വാങ്ങുന്നത് മുസ്‌ലിം കുട്ടിയാണെങ്കിൽ അടി സ്വാഭാവികമായി തീരുന്നു. അപമാനം സഹിക്കുന്നത് മുസ്‌ലിമും ദളിതനുമാണെങ്കിൽ അതവർ അനുഭവിക്കേണ്ടതാണെന്ന പൊതു ബോധം ഉദിച്ചു നിൽക്കുന്നു.

ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് അഖ്‌ലാഖിനെ തല്ലിക്കൊല്ലാം. ചേതൻ സിംഗ് ചൗധരിയെന്ന ആർ പി എഫ് ഉദ്യോഗസ്ഥന് ഒരു പ്രകോപനവുമില്ലാതെ മുസ്‌ലിം യാത്രക്കാരെ വെടിവെച്ചു കൊല്ലാൻ സാധിക്കുന്നത് എങ്ങനെയാണ്? യോഗിയെയും മോദിയെയും അംഗീകരിക്കാത്തവർക്ക് ഇതാണ് ഗതിയെന്ന് അയാൾക്ക് ആക്രോശിക്കാനാകുന്നത് എന്തുകൊണ്ടാണ്? അയാൾക്ക് ധൈര്യം പരുന്നതാരാണ്? എന്നിട്ട് പോലീസ് പറയുന്നു. ചൗധരി ഒന്നും ഓർക്കുന്നില്ലെന്ന്. പാവം. വിദ്വേഷ രാഷ്ട്രീയ പ്രത്യയശാസ്ത്രം വ്യക്തികളിൽ ആഴ്ന്നിറങ്ങുകയും അതിന്റെ നടത്തിപ്പുകാരായി അവർ മാറുകയും ചെയ്യുന്നത് ഇങ്ങനെയാണ്. അഹമ്മദാബാദിൽ, നൂഹിൽ, ഇംഫാലിൽ, ഡൽഹിയിൽ, റോഹിംഗ്യൻ മുസ്‌ലിംകളുടെ ജൻമഭൂമിയായ രാഖിനെ പ്രവിശ്യയിൽ എല്ലാം ഇത് തന്നെയാണ് സംഭവിച്ചത്. ഈ അതിക്രമങ്ങൾക്ക് ആരുടെയും ആഹ്വാനം വേണമെന്നില്ല. വർഗീയ പ്രോഗ്രാമിംഗിന് വിധേയമായ ഈ നരാധമൻമാരാണ് യഥാർഥത്തിൽ ടൈം ബോംബുകൾ. അവർ ഏത് നിമിഷവും പൊട്ടിത്തെറിക്കും.

മക് ആർതർ സ്‌കൂളിന്റെ വരാന്തയിൽ സഹപാഠികളുടെ നിസ്സഹായതക്ക് മുന്നിൽ വിലങ്ങണിഞ്ഞ് നിന്ന ക്ലോക്ക് ബോയിയും ഖുബ്ബാപൂർ നേഹ പബ്ലിക് സ്‌കൂളിൽ അടികൊണ്ട് വിതുമ്പി നിന്ന ഇൽതുമിഷും ഒരേ വേദനയുടെ പ്രതിനിധാനങ്ങളാണ്. തൃപ്ത ത്യാഗിക്കെതിരെ കേസെടുക്കാതെ രക്ഷപ്പെടുത്താൻ ആദ്യ ഘട്ടത്തിൽ ശ്രമിച്ച യു പി പോലീസും അഹ്്മദിനെതിരെ വ്യാജ ബോംബ് കേസെടുത്ത ഇർവിംഗ് പോലീസും വെറുപ്പിന്റെ കങ്കാണികളാണ്. പക്ഷേ, ചില വ്യത്യാസങ്ങളുണ്ട്. അമേരിക്കൻ ഭരണകൂടത്തെയും ജനതയെയും സ്വന്തത്തിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു, ക്ലോക്ക് അഹ്്മദ്. വെള്ള മേധാവിത്വ ബോധവും ഇസ്‌ലാമോഫോബിയയും രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ ഉഗ്രരൂപം പ്രാപിച്ചു കഴിഞ്ഞുവെന്ന് അമേരിക്കൻ പോളിറ്റിയെ ബോധ്യപ്പെടുത്താൻ ആ സംഭവം വഴിവെച്ചു. പ്രസിഡന്റും രാഷ്ട്രീയ നേതൃത്വവും പരിഹാരക്രിയകളുമായി ഇറങ്ങി. മാധ്യമങ്ങളും സ്വാധീനശക്തിയുള്ള വിവിധ മേഖലകളിലെ നേതാക്കളും വെറുപ്പിന്റെ മറുവശത്ത് അടിയുറച്ച് നിന്നു.

എന്നാൽ ഇപ്പറഞ്ഞത് ഇന്ത്യയിൽ സംഭവിച്ചില്ല. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ട ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുക്കുകയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് ചെയ്തത്. വിദ്വേഷ പ്രചാരകരുടെ ന്യായീകരണമാണ് രാജ്യത്തെ സാമൂഹിക മാധ്യമങ്ങളിൽ മുന്നിട്ടു നിന്നത്. തൃപ്ത ത്യാഗിയുടെ ആത്മാർഥതയെ കുറിച്ചു വരെ ചിലർ ഉപന്യസിച്ചു കളഞ്ഞു. ഹിന്ദു സംസ്‌കാരത്തിന്റെ തനതായ വികാരമാണല്ലോ ഉൾക്കൊള്ളൽ ശേഷി. അത് തകർത്തെറിഞ്ഞ് അക്രമാസക്ത ഹിന്ദുത്വ ആശയം പ്രതിഷ്ഠിക്കുന്നതിന്റെ ഫലമാണ് രാജ്യം കാണുന്നതെന്ന് പറയാൻ സന്യാസിമാരെയും ആചാര്യൻമാരെയും കാര്യമായി കണ്ടില്ല. നരേഷ് ടിക്കായത്തിന്റെ ഇടപെടൽ പോലും തൃപ്ത ത്യാഗിയുടെ തെറ്റിനെ തുറന്ന് കാണിക്കുന്നതും നിയമപരമായ നടപടികൾ ആവശ്യപ്പെടുന്നതുമായില്ല. വല്ലാത്തൊരു മരവിപ്പ് പടരുന്നുണ്ട്. ഒന്നും ആരെയും ഉലയ്ക്കുന്നില്ല. അടികൊണ്ട് നിൽക്കുന്ന ആ കുഞ്ഞിനെ കണ്ടുനിൽക്കാനാകുന്നില്ലെന്ന് ഉള്ളു നുറുങ്ങുന്ന വേദനയോടെ പറഞ്ഞവരില്ലെന്നല്ല. എന്നാൽ ആ വികാരം രാജ്യത്തെ വിമലീകരിക്കുന്ന ഒന്നായി മാറുന്നില്ല.

അതുകൊണ്ട്, വെളിച്ചം മങ്ങുന്ന വർത്തമാന കാല ഇന്ത്യൻ അവസ്ഥയിൽ നിന്ന് നോക്കുമ്പോൾ എർണ പെട്രിയെ ഭീതിയോടെ കാണാനാകും. ജർമനിയിലെ ഹിറ്റ്‌ലർ വാഴ്ചക്കാലത്ത് നാസി അർധ സൈനിക വിഭാഗത്തിലെ അംഗമായിരുന്നു എർണ. അവരുടെ ഭർത്താവും എസ് എസ് അംഗമായിരുന്നു. എർണ പെട്രി ചന്തയിൽ നിന്ന് മടങ്ങുമ്പോൾ മുഷിഞ്ഞ, കീറിപ്പറിഞ്ഞ ഉടുപ്പിട്ട ആറ് കുട്ടികളെ കണ്ടു. കോൺസൻട്രേഷൻ ക്യാമ്പിലേക്കുള്ള യാത്രാ മധ്യേ രക്ഷപ്പെട്ട ജൂതക്കുട്ടികളായിരുന്നു അവർ. പേടിച്ചു വിറക്കുന്ന കുട്ടികളെ എർണ സമാശ്വസിപ്പിച്ചു. വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത ശേഷം അവർ ഭർത്താവിന്റെ വരവിനായി കാത്തിരുന്നു. എർണക്ക് ഒട്ടും ക്ഷമയുണ്ടായിരുന്നില്ല.

ആ കുട്ടികളെ വീടിന് പിറകിലുള്ള കാട്ടിൽ കൊണ്ടുപോയി കഴുത്തിന് പിന്നിൽ വെടിവെച്ച് കൊന്നു. നാസി പതനത്തിന് ശേഷം വിചാരണാ വേളയിൽ ആ സ്ത്രീ പറഞ്ഞത് കുട്ടികളെ കൊന്നതിൽ ഒരു കുറ്റബോധവും തോന്നുന്നില്ല എന്നായിരുന്നു. ആ ക്രൂര കൃത്യം എർണ നിർവികാരയായി കോടതി മുറിയിൽ ഓർത്തെടുത്തു: “ആദ്യത്തെ രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ശേഷം മറ്റുള്ളവർ കരയാൻ തുടങ്ങി.

പക്ഷേ ഉച്ചത്തിലല്ല, അവർ വിതുമ്പുകയായിരുന്നു’ ഇൽത്തുമിഷിന്റെ കണ്ണിൽ അതേ കണ്ണുനീർ കാണുന്നില്ലേ? അവനെ മതം പറഞ്ഞ് തല്ലിച്ച തൃപ്ത ത്യാഗിയിൽ എർണ പെട്രിയെയും!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്