Connect with us

Articles

മുസ്‌ലിം ജനസംഖ്യ: യാഥാര്‍ഥ്യമെന്ത്?

ഇന്ത്യയിലാകട്ടെ മുസ്‌ലിംകള്‍ പെറ്റുപെരുകുകയാണ് എന്ന വാദം "ഹിന്ദു അപകടത്തിലാണ്' എന്ന സംഘ്പരിവാരത്തിന്റെ അങ്ങേയറ്റം പരിഹാസ്യവും അതേസമയം അപകടകരവുമായ രാഷ്ട്രീയ സമവാക്യത്തിന്റെ ഭാഗമാണ്. പ്രത്യുത്പാദന നിരക്കിന്റെ കാര്യം മതം തിരിച്ചു പരിശോധിക്കുമ്പോള്‍ സംഘ്പരിവാരം പറയുന്ന നുണകള്‍ തകര്‍ന്നു പോകുന്നതുകാണാം.

Published

|

Last Updated

ന്യൂനപക്ഷങ്ങളെ ചൂണ്ടിക്കാണിച്ച് നാളെ അവര്‍ ഭൂരിപക്ഷമായി നാടുഭരിക്കുമെന്ന കള്ളങ്ങള്‍ എല്ലാ കാലത്തും സംഘ്പരിവാരം ഇവിടെ പ്രചരിപ്പിച്ചിട്ടുണ്ട്. ലോകത്തെല്ലായിടത്തും ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മാറ്റമില്ലാത്ത അജന്‍ഡകളിലൊന്നും ജനസംഖ്യ തന്നെയാണ്. ജര്‍മനിയില്‍ നാസികള്‍ തുടങ്ങി ഇന്ത്യയിലെ സംഘ്പരിവാരം വരെ ഒരേ അച്ചിലിട്ടുവാര്‍ത്ത നുണകള്‍ പ്രചരിപ്പിച്ചവരാണ്. ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിം പേടിയുടെ ഭാഗമായി പല നാടുകളിലും ഈ ജനസംഖ്യാ സമസ്യ പലരൂപത്തില്‍ വിറ്റുപോകുന്ന വെറുപ്പിന്റെ വിപണനമാണ്. യൂറോപ്പില്‍ മുസ്‌ലിം ജനസംഖ്യ വളരുന്നു എന്നതാണ് അഭയാര്‍ഥി വിരുദ്ധ രാഷ്ട്രീയത്തിന്റെ അടിത്തറ തന്നെ. വംശീയ നിലപാടുകള്‍ സമൂഹത്തില്‍ സാധൂകരിച്ചുകിട്ടാന്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ നിര്‍മിച്ചെടുക്കുന്ന വ്യവഹാരങ്ങളില്‍ പ്രധാനപ്പെട്ടത് ഈ മുസ്‌ലിംകളുടെ എണ്ണമാണ്.

ഇന്ത്യയിലാകട്ടെ മുസ്‌ലിംകള്‍ പെറ്റുപെരുകുകയാണ് എന്ന വാദം “ഹിന്ദു അപകടത്തിലാണ്’ എന്ന സംഘ്പരിവാരത്തിന്റെ അങ്ങേയറ്റം പരിഹാസ്യവും അതേസമയം അപകടകരവുമായ രാഷ്ട്രീയ സമവാക്യത്തിന്റെ ഭാഗമാണ്. മുസ്‌ലിം സ്ത്രീകള്‍ പന്നിയെ പോലെ പെറ്റുകൂട്ടുകയാണെന്നും പൈപ്പ്‌ലൈനുകളിലൂടെ വന്ധ്യംകരണത്തിനുള്ള മരുന്നു കലക്കി മുസ്‌ലിം ആണുങ്ങളെ കുടിപ്പിക്കണമെന്നും എഴുതിയത് സംഘ്പരിവാരത്തിന് തലകൊടുത്ത ഒരു മലയാളി എഴുത്തുകാരിയായിരുന്നു.

മുത്വലാഖ് ചര്‍ച്ചകള്‍ വന്നപ്പോഴും, വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളിലും, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച സംവാദങ്ങളിലും ഇനി ഇതൊന്നുമല്ലാത്ത സാഹചര്യത്തിലും സംഘ്പരിവാരത്തിന് ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയെ കുറിച്ചുള്ള ആശങ്ക മുസ്‌ലിംകളെ കൂട്ടത്തോടെ വന്ധ്യംകരിച്ചാല്‍ തീര്‍ന്നുപോകുന്നതാണ് എന്നതാണ് സത്യം. ഇന്ത്യയില്‍ എത്രയും പെട്ടെന്ന് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പാര്‍ലിമെന്റ് അംഗങ്ങള്‍ മുതല്‍ കവല പ്രസംഗകന്‍ വരെ അലറുന്നത് സംഘത്തിന്റെ വാട്‌സ്ആപ്പ് സര്‍വകലാശാലകള്‍ നെയ്തുകൂട്ടുന്ന നുണകളുടെ കള്ളക്കണക്കുകള്‍ വായിലിട്ടുകൊണ്ടാണ്.
അത്തരം കണക്കുകളുടെ സാധുതകള്‍ പൊളിയുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രത്യുത്പാദന നിരക്കുകള്‍ സംബന്ധിച്ച ദേശീയ കുടുംബാസൂത്രണ വകുപ്പിന്റെ റിപോര്‍ട്ട്. പ്രത്യുത്പാദന നിരക്കിന്റെ കാര്യം മതം തിരിച്ചു പരിശോധിക്കുമ്പോള്‍ സംഘ്പരിവാരം പറയുന്ന നുണകള്‍ തകര്‍ന്നു പോകുന്നതുകാണാം. 1992 – 1993 കാലഘട്ടത്തിലെ ഒന്നാം കുടുംബാസൂത്രണ കാലത്ത് ഹിന്ദുക്കളുടെ മൊത്തം പ്രത്യുത്പാദന നിരക്ക് 3.3 ശതമാനം ആയിരുന്നെങ്കില്‍ പുതിയ സര്‍വേ പ്രകാരം 1.94 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുസ്‌ലിംകളുടേത് അന്ന് 4.41 ശതമാനം ആയിരുന്നത് ഇപ്പോള്‍ 2.36 ആയി കുറഞ്ഞു. ക്രിസ്ത്യാനികളുടെ മൊത്തം പ്രത്യുത്പാദന നിരക്ക് 2.87ല്‍ നിന്ന് 1.88 എന്ന നിലയിലേക്ക് കുറഞ്ഞു. ഹിന്ദുക്കളുടെ നിരക്ക് 41.2 ശതമാനവും മുസ്‌ലിംകളുടേത് 46.5 ശതമാനവും ക്രിസ്ത്യാനികളുടെ നിരക്ക് 34.5 ശതമാനവുമാണ് കുറഞ്ഞിട്ടുള്ളത്. അതായത് ഏറ്റവും കൂടുതല്‍ നിരക്ക് ഇടിഞ്ഞത് മുസ്‌ലിംകളുടേതാണ്. ക്രിസ്ത്യാനികളുടെ പ്രത്യുത്പാദന നിരക്കില്‍ ആപേക്ഷികമായി മാറ്റം കുറവാണ്.
തീവ്ര ഹിന്ദുത്വര്‍ കാലങ്ങളായും തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനകള്‍ ഈയിടെയായും വ്യാപകമായി പ്രചരിപ്പിക്കുന്ന മുസ്‌ലിം ജനസംഖ്യയെ കുറിച്ചുള്ള നിജസ്ഥിതിയാണിത്. മുസ്‌ലിംകള്‍ ജനസംഖ്യാപരമായി വളരാനുള്ള പദ്ധതിയിടുന്നുണ്ടെന്നും മുസ്‌ലിംകള്‍ ഭൂരിപക്ഷമായാല്‍ മറ്റുള്ളവര്‍ നാടുവിടേണ്ടി വരുമെന്നുമൊക്കെയാണ് രഹസ്യമായും പരസ്യമായും സംഘ്പരിവാരവും അവരുടെ പാലുകുടിക്കുന്ന വര്‍ഗീയവാദികളും പറഞ്ഞുനടക്കുന്നത്. കേരളത്തിലൊക്കെ ഇത്രയും കാലം സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രമായിരുന്നു ഇത്തരം കാര്യങ്ങളുടെ പ്രചാരണമെങ്കില്‍ ഇപ്പോള്‍ വേദികെട്ടി കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് സെമിനാറുകളിലാണ് ഈ നുണയൊക്കെ പറയുന്നത് എന്ന ‘പുരോഗതി’ കേരളത്തിലുണ്ടായിട്ടുണ്ട്.
കുടുംബാരോഗ്യ വകുപ്പിന്റെ സര്‍വേ വിവരങ്ങള്‍ ചര്‍ച്ചയാകുന്നതിന് മുമ്പ് ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ പൊതുവൃത്തങ്ങളില്‍ ഒടുവില്‍ ഉച്ചത്തില്‍ കേട്ടത് പാര്‍ലിമെന്റില്‍ വന്ന ചില സ്വകാര്യ ബില്ലുകളെ തുടര്‍ന്നാണ്. എന്നാല്‍ ജനസംഖ്യാ നിയന്ത്രണം ഉയര്‍ത്തിക്കാട്ടി ആര്‍ എസ് എസിന്റെ ബുദ്ധിജീവിയെന്ന് അവര്‍ പറയുന്ന രാകേഷ് സിന്‍ഹ എം പി കൊണ്ടുവന്ന സ്വകാര്യ ബില്ല് വോട്ടിനുപോലും വെക്കാതെ പിന്‍വലിക്കേണ്ടി വന്നത് കോണ്‍ഗ്രസ്സിന്റെ ജയറാം രമേശിന്റെ അവസരോചിത ഖണ്ഡനത്തെ തുടര്‍ന്നാണ്. ഇക്കണോമിക് സര്‍വേ പോലും വായിക്കാതെ വന്നിരിക്കുകയാണല്ലോ എന്ന് ജയറാം രമേശ് പരിഹസിച്ചത് ആര്‍ എസ് എസിന്റെ ആശയപ്രചാരകന്റെ ഉള്ളില്‍ തറച്ചു. കുടുംബാസൂത്രണം നടപ്പാക്കുന്നതില്‍ ഇന്ത്യ ലക്ഷ്യത്തോടടുക്കുകയാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ തന്നെ അവകാശ വാദം സംഘത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവിയ പോലും സിന്‍ഹയെ കൈയൊഴിയുന്ന കാഴ്ച ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ രാജ്യസഭ കണ്ടു.
2001 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് പ്രത്യേകിച്ചും കേരളത്തിലും ബംഗാളിലും ഹിന്ദുക്കളേക്കാള്‍ ഇരട്ടിയാണ് മുസ്‌ലിംകളുടെ ജനസംഖ്യാ വളര്‍ച്ച എന്നായിരുന്നു സിന്‍ഹയുടെ ഏറ്റവും പ്രധാനപ്പെട്ട വാദം. ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള വിഭവ ശോഷണം ഉണ്ടാകുന്നുണ്ടെന്നോ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജനസംഖ്യാ വളര്‍ച്ചയാണെന്നോ എന്നൊന്നുമല്ല ഇവര്‍ പറയുന്നത്. അങ്ങനെയുള്ള ആശങ്കകള്‍ ഒന്നും തന്നെ സംഘ്പരിവാരത്തെ അലട്ടുന്നതല്ല. മറ്റു മതവിശ്വാസികളേക്കാള്‍ കൂടുതല്‍ ഹിന്ദു സ്ത്രീകള്‍ പ്രസവിക്കണം, കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരെ സംഘത്തിന് സമര്‍പ്പിക്കണം എന്നിത്യാദി പ്രഖ്യാപനങ്ങള്‍ ഈയടുത്ത കാലത്തായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട വര്‍ഗീയ വിദ്വേഷ സംഗമങ്ങളില്‍ ഉയര്‍ന്നുകേട്ടതാണ്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയില്ലെങ്കില്‍ ഇന്ത്യ വൈകാതെ ഒരു ഇസ്‌ലാമിക രാജ്യമാകുമെന്ന് പ്രസംഗിച്ചത് കുപ്രസിദ്ധ സന്യാസി യതി നരസിംഗാനന്ദാണ്.

രാജ്യസഭയില്‍ സിന്‍ഹ സ്വകാര്യ ബില്‍ അവതരിപ്പിച്ചു നടത്തിയ പ്രസംഗവും ധര്‍മ സന്‍സദുകളില്‍ നടന്ന അപര വിദ്വേഷ അട്ടഹാസങ്ങളും ഒരേ ഇടത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വര്‍ഗീയ അജന്‍ഡകളാണ്. ജനസംഖ്യാ വിസ്‌ഫോടനം തടയാന്‍ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങണമെന്ന് ആവശ്യപ്പെട്ട സിന്‍ഹ മറ്റൊരു കാര്യം കൂടി പറഞ്ഞുവെച്ചു- “ബി ജെ പി സര്‍ക്കാര്‍ ഇത് ജനാധിപത്യ രീതിയിലാണ് നടപ്പാക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ വന്ധ്യംകരണ പരിപാടികള്‍ ഞങ്ങള്‍ ആവര്‍ത്തിക്കുന്നില്ല’ എന്നതായിരുന്നു അത്. ആര്‍ എസ് എസിന്റെ വിശാല മനസ്സല്ല രാകേഷ് സിന്‍ഹ പറഞ്ഞത്. മറിച്ച് ബോധവത്കരണ പരിപാടികള്‍ നടക്കാതെ വന്നാല്‍ കുട്ടികള്‍ കൂടുതല്‍ ജനിക്കുന്നതൊക്കെ ക്രിമിനല്‍ കുറ്റമാക്കി നിയമ നിര്‍മാണങ്ങള്‍ നടത്തി വേണ്ടിവന്നാല്‍ കമിഴ്ത്തിക്കിടത്തി വരിയുടക്കും എന്ന ഭീഷണിയാണ് ആ സ്വരത്തിന്റെ നിഴലിലുണ്ടായിരുന്നത്.

2021 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തള്ളിച്ചയാണ് ഇപ്പോള്‍ പലയിടങ്ങളിലായി കേള്‍ക്കുന്ന ജനസംഖ്യാ നിയന്ത്രണത്തെ ചൊല്ലിയുള്ള സംഘ്പരിവാരത്തിന്റെ വേവലാതികള്‍. എന്നാല്‍ നേരത്തേ സൂചിപ്പിച്ചതുപോലെ മോദി തന്നെ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ കുടുംബാസൂത്രണ പദ്ധതികളുടെ വിജയത്തെ റദ്ദ് ചെയ്യുകയാണ് സംഘ്പരിവാരം ചെയ്യുന്നത്.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായാല്‍ തന്നെ എന്താണ് പ്രശ്‌നം എന്ന ചോദ്യമാണ് ശരിക്കും ചോദിക്കേണ്ടത്. അങ്ങനെയൊരു ചോദ്യത്തിന്റെ സാധ്യത പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിധം പൊതുബോധം ഫാസിസ്റ്റ് വ്യവഹാരങ്ങളുടെ കെണിയില്‍ മൂക്കുകുത്തി വീണുകിടക്കുകയാണ്. രാജ്യത്ത് ദളിതുകളും ആദിവാസികളും കഴിഞ്ഞാല്‍ നിലവില്‍ ഏറ്റവും ദയനീയമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന വിഭാഗമാണ് മുസ്‌ലിംകള്‍. അവരുടെ ക്ഷേമ കാര്യങ്ങളില്‍ അവസരോചിതമായി ഇടപെടാനുള്ള ഉത്തരവാദിത്വം ഭരിക്കുന്നവര്‍ക്ക് ഇല്ലെന്നുമാത്രമല്ല, അവരെ അപരവത്കരിച്ചും ഭീകരവത്കരിച്ചും ധ്രുവീകരണത്തിന് വഴിവെട്ടുകയാണ് ഇവിടെ ചെയ്യുന്നത്. കടുത്ത ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്ന പല വിദേശ രാജ്യങ്ങളും മാനവ വിഭവ പ്രതിസന്ധിയില്‍ ഉഴലുകയും അവരുടെ ജനസംഖ്യാ ആസൂത്രണം പാളിയതായി സമ്മതിക്കുകയും ചെയ്യുന്നുണ്ട്. വിഭവങ്ങളുടെ വിതരണത്തില്‍ നീതി പുലര്‍ത്താന്‍ കഴിയുന്ന സാമൂഹിക, സാമ്പത്തിക നയം ഉറപ്പാക്കാന്‍ സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ സാമ്പത്തിക നയത്തിന് കഴിയില്ല. അത്രയും കാലം ഈ വിഷയത്തില്‍ സത്യസന്ധമായ ചര്‍ച്ചകളും അവിടെ ഉണ്ടാകില്ല. മറിച്ചുള്ളത് ശുദ്ധ വര്‍ഗീയ താത്പര്യങ്ങള്‍ മാത്രമാകും.