series-2
കൂണുപോലെ സംഘടനകൾ; പ്രവർത്തനം കടലാസിൽ
കായിക കേരളം പോരുതണം എതിരാളികളോടും മേലാളന്മാരോടും- 2

വിവിധ ഇനങ്ങളിലായി 42 അസ്സോസിയേഷനുകളാണ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത് കായിക മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നത്. ഇവയിൽ ചിലതിന്റെ പ്രവർത്തനം മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കഴിയില്ല. അധികാരത്തിന്റെ ഉന്നതങ്ങളിലിരിക്കാനും സ്വന്തം കീശ നിറക്കാനുമുള്ള കുറുക്കുവഴിയായാണ് ചിലർ അസ്സോസിയേഷൻ ഭാരവാഹിത്വം കൊണ്ട് ലക്ഷ്യമിടുന്നത്. ഇവരൊക്കെ എങ്ങനെ കായിക മേഖലയുടെ വളർച്ചക്ക് ശക്തിപകരുമെന്നാണ് ചോദ്യം. ചെസ്സ് അസ്സോസിയേഷൻ, വോളിബോൾ അസ്സോസിയേഷൻ, ടേബിൾ ടെന്നീസ്, ബോക്‌സിംഗ് അസ്സോസിയേഷനുകളെയെല്ലാം പലവിധ കാരണങ്ങളാൽ ഇന്ന് സ്‌പോർട്‌സ് കൗൺസിലിന്റെ നടപടി നേരിടുകയാണ്. സാമ്പത്തിക പ്രശ്‌നമാണ് ചെസ്സ് അസ്സോസിയേഷൻ നേരിടുന്ന വെല്ലുവിളി. ടേബിൾ ടെന്നീസിൽ ദേശീയ ഫെഡറേഷനവുമായുള്ള അധികാരത്തർക്കം നിൽക്കുന്നു. വാർഷിക സാമ്പത്തിക റിപോർട്ട് സമർപ്പിക്കാത്തതിനാൽ ബോക്‌സിംഗ് അസ്സോസിയേഷനെ താത്്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സംസ്ഥാന ഫെൻസിംഗ് അസ്സോസിയേഷൻ പ്രവർത്തിക്കുന്നത് അഡ്‌ഹോക്ക് കമ്മിറ്റിയെ വെച്ചാണ്. ദേശീയ സബ്ജൂനിയർ സൈക്കിൾ പോളോ താരം നിദ ഫാത്വിമയുടെ മരണത്തിന്റെ ആരോപണത്തിന്റെ മുനയെത്തുന്നതും ഇതുപോലുള്ള അസ്സോസിയേഷനുകളിൽ തന്നെയാണ്.
വോളിബോളിൽ അണിയറയിലാണ് കളി
പോര് കൊടികുത്തിവാഴുന്ന ഇടമാണ് വോളിബോൾ മേഖല. രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സമ്മാനിച്ച കേരളത്തിൽ വോളിബോൾ അസ്സോസിയേഷന് സർക്കാർ അംഗീകാരമില്ല. 2021 ഒക്ടോബർ ഒന്നിനാണ് സ്‌പോർട്‌സ് കൗൺസിൽ കേരള വോളിബോൾ അസ്സോസിയേഷന്റെ അംഗീകാരം റദ്ദാക്കിയത്. അതിന് ഒരു വർഷം മുന്പ് ദേശീയ വോളിബോൾ അസ്സോസിയേഷന്റെ അംഗീകാരവും റദ്ദായിരുന്നു. 2018ലും വിവിധ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി അസ്സോസിയേഷന്റെ അംഗീകാരം സ്‌പോർട്‌സ് കൗൺസിൽ റദ്ദാക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചുവന്നിരുന്നു. എന്നാൽ അഴിമതി ആരോപണങ്ങളുടെയും കേസിന്റെയും അടിസ്ഥാനത്തിൽ അസ്സോസിയേഷന്റെ അഫിലിയേഷൻ സ്‌പോർട്‌സ് കൗൺസിലിന് വീണ്ടും സസ്പെൻഡ് ചെയ്യേണ്ടിവന്നു. ഈ തർക്കങ്ങൾ അടുത്തിടെ നടന്ന ദേശീയ ഗെയിംസ് ടീമിലേക്കുമെത്തി. ഹൈക്കോടതി വിധി പ്രകാരം ദേശീയ ഗെയിംസിന് കേരളത്തിൽ നിന്ന് മികച്ച താരങ്ങളടങ്ങിയ സംഘത്തെ തിരഞ്ഞെടുത്ത സ്‌പോർട്‌സ് കൗൺസിലിന്റെ ടെക്‌നിക്കൽ ടീമിന്റെ (മുൻ താരങ്ങളായ കിഷോർ കുമാർ, മേഴ്‌സിക്കുട്ടൻ എന്നിവരടങ്ങിയ എട്ടംഗ സമിതി) പേര് വെട്ടി അസ്സോസിയേഷൻ സ്വന്തം നിലക്ക് ടീമിനെ തയ്യാറാക്കിയതോടെ വീണ്ടും പ്രശ്‌നങ്ങൾ ഉടലെടുക്കുത്തു. താരതമ്യേന പുതുമുഖങ്ങളെ വെച്ചുള്ള ടീമിന് മെഡൽ സാധ്യതയില്ലെന്ന് തീർത്ത് പറഞ്ഞിട്ടും, ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും അസ്സോസിയേഷൻ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. ഒടുവിൽ ജി എസ് അഖിൽ, മുത്തുസ്വാമി, ജെറോം വിനീത്, ഷോൺ ടി ജോൺ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് അസ്സോസിയേഷനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. അസ്സോസിയേഷന് എതിരെ സുപ്രീം കോടതിയുടെ ഫൗൾ വിസിൽ മുഴങ്ങിയതോടെ ദേശീയ ഗെയിംസിന് സ്‌പോർട്‌സ് കൗൺസിൽ ടീം തന്നെ ഗുജറാത്തിലേക്ക് പോയി. കഴിഞ്ഞ സെപ്്തംബർ 29 മുതൽ ഒക്ടോബർ 12 വരെ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വർണം നേടി കേരള താരങ്ങൾ മിന്നി. പുരുഷ വിഭാഗം ഫൈനലിൽ തമിഴ്‌നാടിനെയും വനിതാ വിഭാഗത്തിൽ ബംഗാളിനെയും തകർത്തായിരുന്നു ഇരട്ടക്കിരീട നേട്ടം.
താരങ്ങളെ വട്ടംകറക്കുന്ന സംഘടനകൾ
കായിക സംഘടനകൾക്കകത്തെ പോരും സാമ്പത്തിക പ്രശ്‌നങ്ങളും അധികാര വടംവലിയുമെല്ലാം നേരിട്ട് ബാധിക്കുന്നത് കളിക്കാരെയാണ്. മത്സരങ്ങൾ സംഘടിപ്പിക്കുകയും കായിക താരങ്ങളെ വാർത്തെടുക്കേണ്ടതുമെല്ലാം കായിക സംഘടനകളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ഈ ഉത്തരവാദിത്വം ചിലർ മറക്കുന്നുവെന്നതാണ് യാഥാർഥ്യം. കളിക്കാർക്ക് മുന്തിയ പരിശീലനവും സൗകര്യങ്ങളും മത്സരങ്ങളും സംഘടിപ്പിക്കാൻ ഫണ്ട് കണ്ടെത്തുക പ്രധാന തലവേദനയാണെന്നാണ് കായിക സംഘടനാ ഭാരവാഹികൾ പറയുന്നത്.
നാമമാത്രമായ ഗ്രാന്റാണ് സ്‌പോർട്‌സ് കൗൺസിലിൽ നിന്നും മറ്റും കായിക സംഘടനകൾക്ക് ലഭിക്കുന്നത്. ഈ തുക വെച്ച് എങ്ങനെ മത്സരങ്ങൾ സംഘടിപ്പിക്കാനും പരിശീലനം നൽകാനും കഴിയുമെന്നാണ് അവർ ചോദിക്കുന്നത്. ഫണ്ടിന്റെ അഭാവമാണ് മെച്ചപ്പെട്ട യാത്രാ സൗകര്യമടക്കമുള്ളവ കായിക താരങ്ങൾക്ക് ഒരുക്കാൻ കഴിയാത്തതിന് തടസ്സമാകുന്നത്. ഇതു കൊണ്ടാണ് കായിക താരങ്ങൾക്ക് ദുരിത യാത്ര എന്ന തലക്കെട്ടിൽ വാർത്തകൾ വരന്നതും.
ക്രിക്കറ്റ് അസ്സോസിയേഷൻ, ഫുട്‌ബോൾ അസ്സോസിയേഷൻ എന്നിവക്ക് സ്‌പോൺസർഷിപ്പിലൂടെ നല്ല തുക കണ്ടെത്താൻ കഴിയും. അതുകൊണ്ട് തെറ്റില്ലാത്ത രീതിയിൽ ഈ മേഖലയിൽ കായിക സംഘാടനം നടത്താനും കഴിയാറുണ്ട്. എന്നാൽ അത്്ലറ്റിക്‌സ് വിഭാഗം ഉൾപ്പെടെയുള്ള മറ്റ് കായിക സംഘടനകളുടെ കാര്യം നേരെ മറിച്ചാണ്.
ഫണ്ട് വേണം, ഫണ്ട്
അടുത്തിടെ തിരുവനന്തപുരത്ത് നടക്കുന്ന ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന്റെ കഥ കേൾക്കാം. സംസ്ഥാന ഫെൻസിംഗ് അസ്സോസിയേഷനാണ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ. 50 ലക്ഷം രൂപയാണ് ഇതിനായി വേണ്ടി വരുന്ന തുക. സർക്കാർ സഹായമായി ഇരുപത് ലക്ഷത്തോളം രൂപ ലഭിക്കും. ബാക്കി തുക എങ്ങനെ ഉണ്ടാക്കുമെന്നാണ് സംഘാടകരുടെ ആവലാതി. സ്‌പോൺസർഷിപ്പിലാണ് പ്രതീക്ഷ. എന്നാൽ ജനകീയമല്ലാത്ത പല മത്സരങ്ങൾക്കും സ്‌പോൺസർമാരെ കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഇങ്ങനെ മതിയായ തുക കണ്ടെത്താൻ കഴിയാതെ വരുന്നതോടെ ചാമ്പ്യൻഷിപ്പ് നടത്തിപ്പിന്റെ ചെലവ് ചുരുക്കും. സൗകര്യങ്ങൾ കുറയും. ഇത് ബാധിക്കുക മത്സരിക്കാനെത്തുന്ന താരങ്ങളെയായിരിക്കും. ഇത് തന്നെയാണ് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത താരങ്ങൾക്കും സംഭവിച്ചത്.
കായിക സംഘടനകളിൽ ശുദ്ധികലശം നടത്തി അവരെ ചേർത്തുപിടിച്ച് ആവശ്യത്തിന് സഹായങ്ങൾ നൽകിയാലേ കായിക കേരളത്തിന് കുതിക്കാൻ കഴിയൂ. ഇത്തരം പരാധീനതകളാണ് കായിക രംഗത്ത് കേരളത്തിന്റെ കിതപ്പിന് കാരണം.
ട്രാക്കിലും ഫീൽഡിലുമൊക്കെ വെന്നിക്കൊടി പാറിച്ച ശേഷം നേട്ടത്തിന്റെ പങ്കുപറ്റാനെത്തുന്നവരായി കായിക സംഘടനകൾ മാറുന്നത് സ്പോർട്സ്മെൻ സ്പിരിറ്റിന് ചേർന്നതല്ല. അതേ കുറിച്ച് നാളെ…