National
കനത്ത മഴയിൽ നിശ്ചലമായി മുംബൈ; മെട്രോ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി; റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം താറുമാറായി
കുർള, സിയോൺ, ദാദർ, പരേൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വലിയ തോതിൽ വെള്ളം കയറി

മുംബൈ | രാത്രി മുഴുവൻ പെയ്ത മഴയും രാവിലെ തുടർന്ന പേമാരിയും മുംബൈയെ നിശ്ചലമാക്കി. നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത, വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തു. കുർള, സിയോൺ, ദാദർ, പരേൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വലിയ തോതിൽ വെള്ളം കയറി. വെള്ളം നിറഞ്ഞ തെരുവുകളിലൂടെ വാഹനങ്ങൾ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് രാവിലെ പുറത്തുവന്നിരുന്നു.
കാലാവസ്ഥാ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, ഇന്ന് രാവിലെ 6 നും 7 നും ഇടയിൽ മുംബൈയിലെ നരിമാൻ പോയിന്റ് പ്രദേശത്ത് 40 മില്ലിമീറ്റർ മഴ ലഭിച്ചു, ഗ്രാന്റ് റോഡിൽ 36 മില്ലിമീറ്റർ, കൊളാബയിൽ 31 മില്ലിമീറ്റർ, ബൈക്കുളയിൽ 21 മില്ലിമീറ്റർ മഴ ലഭിച്ചു. മുംബൈയുടെ കിഴക്കൻ, പടിഞ്ഞാറൻ സബർബുകളിൽ ഇന്ന് നേരിയ മഴയാണ് ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മഴ കാരണം മുംബൈയിലേക്കും പുറത്തേക്കുമുള്ള ചില വിമാന സർവീസുകൾ തടസ്സപ്പെട്ടു. മുംബൈയിൽ (BOM) മോശം കാലാവസ്ഥ കാരണം, എല്ലാ പുറപ്പെടലുകളും വരവുകളും തുടർന്നുള്ള വിമാനങ്ങളും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് സ്പൈസ് ജെറ്റ് യാത്രക്കാരെ അറിയിച്ചു. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിർദേശം നൽകി.
എയർ ഇന്ത്യയും സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴയും ഇടിമിന്നലും മുംബൈയിലെ വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്നും സുഗമമായ യാത്രാനുഭവം ഉറപ്പാക്കാൻ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർ ഇന്ത്യ ആവശ്യപ്പെട്ടു.
ശക്തമായി പെയ്ത മഴ റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ടിന് കാരണമായി, ഇത് സബർബൻ ട്രെയിൻ സർവീസുകൾ വൈകാനിടയാക്കി. ട്രെയിനുകൾ അഞ്ചു മുതൽ പത്ത് മിനിറ്റ് വരെ വൈകിയാണ് ഓടിയിരുന്നത്. എന്നാൽ, നിലവിൽ അവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതിരാവിലെ മൺസൂൺ എത്തിയതിനെ തുടർന്ന് മുംബൈയിലെ വോർളി അണ്ടർഗ്രൗണ്ട് മെട്രോ സ്റ്റേഷൻ വെള്ളത്തിനടിയിലായി. കഴിഞ്ഞ രാത്രി ആരംഭിച്ച കനത്ത മഴ ഇന്ന് രാവിലെ വരെ തുടർന്നതിനാൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വോർളി അണ്ടർഗ്രൗണ്ട് മെട്രോ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷന്റെ ഗേറ്റുകളിൽ മാത്രമല്ല, പ്ലാറ്റ്‌ഫോമുകളിലും വെള്ളം കയറി. ചളി നിറഞ്ഞ വെള്ളത്തിൽ പ്ലാറ്റ്‌ഫോം പൂർണ്ണമായും മുങ്ങിക്കിടക്കുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്.
Newly inaugurated Worli underground metro station of Aqua line 3 submerged in water this morning. #MumbaiRain pic.twitter.com/D0gwopOXBE
— Tejas Joshi (@tej_as_f) May 26, 2025
ബാന്ദ്ര-കുർള കോംപ്ലക്സ് (BKC) മുതൽ വോർളിയിലെ ആചാര്യ ആത്രേ ചൗക്ക് വരെയുള്ള മുംബൈ മെട്രോ ലൈൻ 3 ഈ മാസം പത്തിനാണ് തുറന്നുകൊടുത്തത്. പുതുതായി ഉദ്ഘാടനം ചെയ്ത സ്റ്റേഷനിലെ വെള്ളപ്പൊക്കം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി മുംബൈയിൽ കനത്ത മഴയും നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. ആവശ്യാനുസരണമല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) മുംബൈ നിവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, BMC യും മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയും (MHADA) മഴക്കാലത്ത് അപകടകരമെന്ന് കരുതുന്ന 96 കെട്ടിടങ്ങൾ നഗരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 3,100 താമസക്കാരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
മുംബൈ, താനെ, പാൽഘർ ജില്ലകളിൽ ദിവസം മുഴുവൻ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്ന് നാല് മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ ഇടിമിന്നലോടും കനത്ത മഴയോടും കൂടിയ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു.
ഇന്ന് രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും എല്ലാ സുരക്ഷാ ഏജൻസികളോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.