From the print
മുംബൈ 155
ഗുജറാത്ത് ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മുംബൈക്ക് 156 റൺസ് വിജയലക്ഷ്യമുയർത്താനേ കഴിഞ്ഞുള്ളൂ

മുംബൈ | ഐ പി എല്ലിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയപ്രതീക്ഷ. ഗുജറാത്ത് ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മുംബൈക്ക് 156 റൺസ് വിജയലക്ഷ്യമുയർത്താനേ കഴിഞ്ഞുള്ളൂ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 155 റൺസെടുത്തത്. 35 പന്തിൽ 53 റൺസെടുത്ത വിൽ ജാക്‌സിന്റെയും 24 പന്തിൽ 35 റൺസെടുത്ത സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗാണ് ആതിഥേയരെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. കോർബിൻ ബോഷ് 22 പന്തിൽ 27 റൺസ് നേടി. ഇവർ മൂന്ന് പേർ മാത്രമേ മുംബൈ നിരയിൽ രണ്ടക്കം കാണാനായുള്ളൂ.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ടാം പന്തിൽ തന്നെ റിയാൻ റിക്കൽടണെ (രണ്ട്) സായ് സുദർശന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് മുംബൈയെ ഞെട്ടിച്ചു. രോഹിത് ശർമ (ഏഴ്) അർശദ് ഖാന് മുന്നിൽ വീണു. മൂന്നാം വിക്കറ്റിൽ വിൽ ജാക്‌സും സൂര്യകുമാറും ഒന്നിച്ചതോടെ മുംബൈ ട്രാക്കിലായി. ഇരുവരും ചേർന്ന് 43 പന്തിൽ 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ നൂറ് റൺസിനരികിലെത്തിച്ചു. സൂര്യകുമാറിനെ പുറത്താക്കി സായ് കിഷോർ കൂട്ടുകെട്ട് പൊളിച്ചു. ലോംഗ് ഓഫിൽ ഷാരൂഖ് ഖാന് അനായാസ ക്യാച്ച്. വലിയൊരു തകർച്ചയുടെ തുടക്കമായിരുന്നു ഇത്. വിൽ ജാക്‌സിനെ റാശിദ് ഖാന്റെ പന്തിൽ സായ് സുദർശൻ പിടിച്ചു. മൂന്ന് സിക്സും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ജാക്്സിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (ഒന്ന്), തിലക് വർമ (ഏഴ്), നമൻ ധീർ (ഏഴ്) എന്നിവർ വേഗത്തിൽ മടങ്ങിയതോടെ മുംബൈ 16.2 ഓവറിൽ ഏഴ് വിക്കറ്റിന് 123 റൺസെന്ന നിലയിലായി. 26 റൺസിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകൾ. തുടർന്ന് കോർബിൻ ബോഷിന്റെ ബാറ്റിംഗാണ് സ്കോർ 150 കടത്തിയത്. ഗുജറാത്തിനായി സായ് കിഷോർ രണ്ട് വിക്കറ്റെടുത്തു. സിറാജ്, അർശദ്, പ്രസിദ്ധ് കൃഷ്ണ, റാശിദ് ഖാൻ, ഗെരാൾഡ് കോറ്റ്്‌സീ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.