Kerala
എം എസ്സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; വിഴിഞ്ഞം തുറമുഖത്തിന് ഇരട്ട നേട്ടം
വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങി വെറും പത്ത് മാസത്തിനുള്ളിൽ 500 കപ്പലുകൾക്ക് വിഴിഞ്ഞം ആതിഥേയത്വം വഹിച്ചു.

തിരുവനന്തപുരം |കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരിത്ര നേട്ടങ്ങൾ കൊയ്ത് മുന്നോട്ട്. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona) 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടാണ് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചത്. ഒരു ദിവസം രണ്ട് റെക്കോർഡുകളാണ് തുറമുഖം നേടിയത്.
വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങി വെറും പത്ത് മാസത്തിനുള്ളിൽ 500 കപ്പലുകൾക്ക് വിഴിഞ്ഞം ആതിഥേയത്വം വഹിച്ചു. ഈ നേട്ടം തുറമുഖത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് മന്ത്രി വി.എൻ. വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.
“ലോക ചരക്കു കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിൻ്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകൾ. 2024 ഡിസംബറിൽ വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനമാരംഭിച്ചതിനുശേഷം വെറും പത്തുമാസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം എന്നത് എടുത്തു പറയേണ്ടതാണ്,” മന്ത്രി പോസ്റ്റിൽ പറഞ്ഞു.
എം.എസ്.സി. വെറോണയുടെ വരവ് വിഴിഞ്ഞത്തിന് ഇരട്ട റെക്കോർഡ് നേട്ടമാണ് നൽകിയത്. ഇത് തുറമുഖത്തിന്റെ വളർച്ചയുടെ സൂചനയാണെന്നും ഓരോ ഘട്ടവും ഉറച്ച ചുവടോടെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
“ലോകത്തിൻ്റെ ഏതു കോണിൽ പോയാലും ‘വിഴിഞ്ഞം – തിരുവനന്തപുരം – കേരള – ഇന്ത്യ’ എന്ന ടാഗ് ലൈൻ കാണുമ്പോൾ ഓരോ മലയാളിക്കും ഉണ്ടാകുന്ന അഭിമാനം ചെറുതല്ലല്ലോ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.