National
ഡല്‍ഹി ചങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം: കാര്‍ ഉടമ കസ്റ്റഡിയില്‍
പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ ഉടമയായ സല്‍മാന്‍ ആണ് കസ്റ്റഡിയിലുള്ളത്.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കാറുടമ കസ്റ്റഡിയില്‍. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ ഉടമയായ സല്‍മാന്‍ ആണ് കസ്റ്റഡിയിലുള്ളത്. മറ്റൊരാള്‍ക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി. സല്‍മാന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനം ആര്‍ക്കാണ് വിറ്റത്. എന്തുകൊണ്ട് ആര്‍സി ഉടമയുടെ പേര് മാറ്റിയില്ല. ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
.കാര്‍ കടന്നുവന്ന വഴികളിലേതുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയുമാണ് പോലീസ്. ഡല്‍ഹിയുടെ വിവിധ മേഖലകളില്‍ പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ പത്ത് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറ് പേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരില്‍ 15 പേരെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് മേഖലയുടെ സുരക്ഷ എന്‍എസ്ജി കമാന്‍ഡോ ഏറ്റെടുത്തു.




