National
ഡല്‍ഹി സ്‌ഫോടനം; ദു:ഖം രേഖപ്പെടുത്തി ദ്രൗപദി മുര്‍മുവും നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും
ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും പ്രധാനമന്ത്രി
ന്യൂഡല്‍ഹി| ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍. ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്‌സില്‍ കുറിച്ചു.
സ്ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.
സ്ഫോടനം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രിയങ്ക എക്‌സില്‍ കുറിച്ചു.




