Connect with us

Kerala

രക്ഷാപ്രവർത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആർ അജിത്കുമാറിന് സസ്പെൻഷൻ

കേസ് അട്ടിമറിക്കാൻ എ ഡി ജി പി ഇടപെട്ടതായി ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നൽകിയ റിപ്പോർട്ടിന്മേൽ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എ ഡി ജി പി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. കേസ് അട്ടിമറിക്കാൻ എ ഡി ജി പി ഇടപെട്ടതായി ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നൽകിയ റിപ്പോർട്ടിന്മേൽ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നവ കേരളയാത്രക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ പിണറായി വിജയന്റെ സുരക്ഷാസംഘം ആക്രമിച്ചെന്ന കേസിലാണ് നടപടി. കേസിൽ നിന്ന് സുരക്ഷാ ജീവനക്കാരെ രക്ഷിക്കാൻ അജിത് കുമാറിന്റെ ഓഫിസ് ഇടപെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി ജി പി അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ തന്റെ ഓഫീസ് ഇടപെട്ടു എന്ന് പറയുന്ന സമയത്ത് താൻ മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് അജിത് കുമാർ മറുപടി നൽകിയത്.

എന്നാൽ, സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ഓഫീസിലെ 2 ഗ്രേഡ് എസ് ഐമാർ കേസ് ഡയറി തിരുത്തിയതെന്നാണ് എസ് ഐ ടിയുടെ വിലയിരുത്തൽ. ആരോപണങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് അജിത് കുമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പരിഗണിക്കാതെയാണ് ഡി ജി പി സർക്കാരിന് റിപ്പോർട്ട് കൈമാറിയതും തുടർന്ന് അച്ചടക്ക നടപടിയിലേക്ക് കടന്നതും.

അഗ്നിരക്ഷാ വിഭാഗം മേധാവി നിതിൻ അഗർവാൾ ജൂലൈ 31ന് വിരമിക്കുമ്പോൾ ഡി ജി പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് അജിത് കുമാർ. നിലവിലെ സസ്പെൻഷൻ നടപടിയോടെ ഡി ജി പി റാങ്കിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം മുടങ്ങും.

 

Content Highlights

ADGP MR Ajith Kumar has been suspended following a report submitted by the State Police Chief. The SIT found that his office interfered to tamper with the case diary in the Alappuzha case. With this severe disciplinary action, Ajith Kumar’s potential promotion to the DGP rank stands suspended.

---- facebook comment plugin here -----

Latest