Connect with us

Crude oil prices

എണ്ണ വിലയിലെ ചലനങ്ങൾ

ലോക സമ്പദ് വ്യവസ്ഥ ദുർബലമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വീണ്ടും ഒരു മാന്ദ്യം എന്നത് ക്രൂഡ് ഓയിലിന്റെ ഡിമാൻഡിനെ സാരമായി ബാധിക്കും. മാത്രമല്ല വലിയൊരു നഷ്ടക്കച്ചവടത്തിലേക്ക് ഉത്പാദകർ എടുത്തെറിയപ്പെട്ടേക്കും. ഇതിന് മുന്നോടിയായി വിതരണം ക്രമീകരിച്ച് വില മുൻകൂട്ടി നിയന്ത്രിക്കുകയാണെങ്കിൽ, ഭീമമായ നഷ്ടം നികത്താനാകും. യഥാർഥത്തിൽ ഇതാണ് ഒപെക് പ്ലസിന്റെ നിലപാട്.

Published

|

Last Updated

സംസ്‌കൃത എണ്ണയുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനമെടുത്തിരിക്കുകയാണ്. ഉത്പാദനം കുറയ്ക്കാനുള്ള പ്രധാന കാരണം ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന ഇടിവാണ്. നിലവിലെ സാഹചര്യം മാനിച്ച്, ഒപെക് പ്ലസ് രാജ്യങ്ങളുടെ സംയോജിത ഉത്പാദനം പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ എന്ന നിരക്കിൽ കുറയ്ക്കാനാണ് തീരുമാനം. ഇതോടെ ഒരു ബാരൽ ഓയിലിന് 100 ഡോളർ പിന്നിട്ടേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. വിതരണത്തിന്റെ തോത് കുറയ്ക്കുക, തത്ഫലമായി ആഗോളതലത്തിൽ രൂപപ്പെടുന്ന ഡിമാൻഡിനനുസൃതമായി വില നിയന്ത്രണ വിധേയമാക്കുകയെന്നതാണ് പ്രധാനമായും സംഘടന ലക്ഷ്യമിടുന്നത്.

ലോക സാമ്പത്തിക ശക്തികളായ യു എസും യു കെയും ഉയർന്ന പണപ്പെരുപ്പത്തിന്റെ ആഘാതങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ക്രൂഡ് ഓയിലിന്റെ വില വർധനവ് ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. അതുകൊണ്ടു തന്നെ, യു എസ്, യു കെ സർക്കാറുകൾ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ചില നടപടികളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒപെക്കിന്റെ തീരുമാനം തെറ്റാണെന്നോ അവർ അത്തരം തീരുമാനം കൈക്കൊള്ളാൻ പാടില്ലെന്നോ പറയാനാകില്ലെങ്കിലും അതിന്റെ ആഘാതം വിശകലന വിധേയമാക്കേണ്ടിയിരിക്കുന്നു.

സംയുക്ത വിപണി

പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. 1960ലാണ് ഈ കൂട്ടായ്മ രൂപവത്കരിക്കുന്നത്. സഊദി അറേബ്യ, ഇറാൻ, ഇറാഖ്, ഖത്വർ തുടങ്ങിയ രാഷ്ട്രങ്ങളാണ് സംഘടനയിലെ പ്രധാന അംഗങ്ങൾ. 2016ൽ റഷ്യ, മലേഷ്യ, മെക്‌സിക്കോ, ഒമാൻ തുടങ്ങുന്ന പത്തോളം വരുന്ന രാജ്യങ്ങളുമായി സഖ്യമുണ്ടാക്കുകയും ഒപെക് പ്ലസ് എന്ന പേരിൽ കൂടുതൽ ശക്തമായൊരു സംഘടന രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്ക് പ്രകാരം ലോകത്തിലെ ആകെ ഉത്പാദനത്തിന്റെ ഏകദേശം 50 ശതമാനവും നിലവിൽ ഒപെക് പ്ലസിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില നിർണയിക്കുന്നതിൽ ഒപെക് പ്ലസിന്റെ പങ്ക് വലുതാണ്. ആഗോള വിപണിയിൽ എണ്ണവില ഇടിയുമ്പോൾ അതിനെ നിയന്ത്രിക്കാൻ സാധാരണ ഗതിയിൽ ഉത്പാദനം ഗണ്യമായി കുറയ്ക്കുകയും തദ്ഫലമായി വിപണിയിൽ വില ഉയരുകയും ചെയ്യും. അതുപോലെ ഇന്ധനവില ഉയരുമ്പോൾ ഉത്പാദനം വർധിപ്പിക്കുകയും തുടർന്ന് പഴയ സ്ഥിതിയിലേക്ക് വില താഴ്ത്തി ക്രമീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഡിമാൻഡ്- സപ്ലൈയിലൂടെ ഒപെക് പ്ലസിന് ആഗോള എണ്ണ വിപണി നിയന്ത്രിക്കാൻ സാധിക്കുന്നു.

വിലയും വിപണിയും

ഈ വർഷം തുടക്കത്തിൽ ഒരു ബാരൽ ക്രൂഡിന്റെ വില ഏകദേശം 79 ഡോളറായിരുന്നു. എന്നാൽ റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ഡിമാൻഡ് വർധിച്ചു. ബാരലിന് 120 ഡോളറിന് മുകളിലേക്ക് വില കുതിച്ചുയർന്നു. ലോക രാഷ്ട്രങ്ങളിൽ പലതും റഷ്യയുടെ മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധമാണ് വില വർധനവിന്റെ പ്രധാന കാരണം. അഗോള ഉത്പാദനത്തിന്റെ 11 ശതമാനവും നിയന്ത്രിക്കുന്നത് റഷ്യയാണെന്നതാണ് കാരണം. യുദ്ധസാഹചര്യം സൃഷ്ടിച്ച വിലക്കയറ്റത്തിൽ ഒപെക് പ്ലസ് യാതൊരു വിധ വില ക്രമീകരണങ്ങളും നടത്താതെ തുടർന്നു. കാരണം എണ്ണ ഉത്പാദക രാഷ്ട്രങ്ങളെ സംബന്ധിച്ച് കൂടുതൽ ലാഭകരമായൊരു സാഹചര്യമായിരുന്നു അത്. എന്നാൽ ജൂലൈ- സെപ്തംബർ മാസങ്ങളിൽ ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞു. ഇതോടെ കൂടിയ 120 ഡോളറെന്ന നിരക്കിൽ നിന്ന് 85 ഡോളറിലേക്ക് വില ഇടിഞ്ഞു. 85 ഡോളർ എന്നത് സാധാരണ നിലയിലെ വിലയായി പരിഗണിക്കാൻ സാധ്യമല്ല. കൊവിഡിന്റെ പശ്ചാതലത്തിൽ ഉയർന്ന നിരക്കാണത്. അഥവാ ഒരു ബാരലിന് കേവലം അറുപത് / അറുപത്തിയഞ്ച് ഡോളർ മാത്രം നിലനിന്നിരുന്ന എണ്ണക്ക് 85 ഡോളറായി മാറി എന്നതാണ് സത്യം. എന്നാൽ ഒപെക് പ്ലസ് ഇതൊരു സാധാരണ നിരക്കായി കണ്ടാണ് മാന്ദ്യകാലത്ത് വില ഇടിയുമെന്ന് ചൂണ്ടിക്കാട്ടുന്നത്.

ലോക സമ്പദ് വ്യവസ്ഥ ദുർബലമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കയും യൂറോപ്യൻ യൂനിയനും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം കൂടി കണക്കിലെടുക്കുബോൾ, ലോക സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ചുവടുവെക്കുന്നത്. വീണ്ടും ഒരു മാന്ദ്യം എന്നത് അത് ക്രൂഡ് ഓയിലിന്റെ ഡിമാൻഡിനെ സാരമായി ബാധിക്കും. മാത്രമല്ല വലിയൊരു നഷ്ടക്കച്ചവടത്തിലേക്ക് ഉത്പാദകർ എടുത്തെറിയപ്പെട്ടേക്കും. ഇതിന് മുന്നോടിയായി വിതരണം ക്രമീകരിച്ച് വില മുൻകൂട്ടി നിയന്ത്രിക്കുകയാണെങ്കിൽ, ഭീമമായ നഷ്ടം നികത്താനാകും. യഥാർഥത്തിൽ ഇതാണ് ഒപെക് പ്ലസിന്റെ നിലപാട്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും 2020ലെ കൊവിഡ് സമയത്തും സംഭവിച്ചത് ആവർത്തിക്കാതിരിക്കാനുള്ള നീക്കമായും അവർ ഇതിനെ കാണുന്നു.

പ്രതിസന്ധിയിലാക്കുമോ?

റഷ്യ- യുക്രൈൻ യുദ്ധം യൂറോപ്പിലെ ഊർജ മേഖല മുതൽ സമ്പദ്‌വ്യവസ്ഥ വരെ നീണ്ടു നിൽക്കുന്ന സർവ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. നാൽപ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കും കറൻസിയുടെ മൂല്യത്തകർച്ചയുമാണ് നിലവിൽ യൂറോപ്പ് നേരിടുന്നത്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇടിഞ്ഞതോടെ വിപണിയിലുള്ള ഗ്യാസിനും എണ്ണക്കും ക്രമാതീതമായി വിലവർധനവുണ്ടാകുന്നു. ഇത് വിതരണ മേഖലകളെയും ബാധിച്ചിരിക്കുകയാണ്. കൂടാതെ ഉപഭോകൃത ഉത്പന്നങ്ങളുടെ വില ഉയരുകയും തുടർന്ന് പണപ്പെരുപ്പ നിരക്ക് കൂടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഉത്പാദനം കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി ഒപെക് രംഗത്ത് വരുന്നത്. ഒപെകിന്റെ പ്രഖ്യാപനം സമ്പദ് വ്യവസ്ഥയെ വീണ്ടുമൊരു കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സന്ദേഹമില്ല.
ഒപെക് പ്ലസിന്റെ ഈയൊരു തീരുമാനത്തിനെതിരെ യു കെ സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റഷ്യൻ ക്രൂഡിൻമേൽ പ്രൈസ് ക്യാപ് സ്ട്രാറ്റജി കൊണ്ടുവന്നിരിക്കുകയാണ് അവർ. ഉത്പന്നങ്ങളുടെ വിലയിൽ പരിധി നിശ്ചയിക്കുന്ന സാമ്പത്തിക നിയന്ത്രണ സംവിധാനമാണ് പ്രൈസ് ക്യാപ് സ്ട്രാറ്റജി. എന്നാൽ റഷ്യക്കെതിരെ യൂറോപ്പിന് ഇത്തരമൊരു നടപടി നേരിട്ട് പ്രയോഗിക്കാൻ സാധ്യമല്ല. ഒരു പക്ഷേ യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കുള്ള ഇറക്കുമതിയിൽ വില പരിധി നിർണയിക്കാൻ സാധിച്ചേക്കാം. എന്നാലും ഇന്ത്യ, ചൈന പോലുള്ള മറ്റു രാഷ്ട്രങ്ങളിലേക്കുള്ള വിതരണത്തിൽ യൂറോപ്പിന് കാര്യമായ പങ്കൊന്നുമില്ല. അതിനാൽ ആ രാഷ്ട്രങ്ങളുമായുള്ള ഇടപാടുകളിൽ യൂറോപ്പിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്താനാകില്ല. മറൈൻ ഇൻഷ്വറൻസ് കമ്പനികൾ വഴി റഷ്യൻ ഓയിലിന്റെ വിലപരിധി പരോക്ഷമായി നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് യു കെ കരുതുന്നത്. പതിമൂന്ന് മറൈൻ ഇൻഷ്വറൻസ് കമ്പനികളുടെ ഒരു കൂട്ടായ്മയാണ് ഇന്റർനാഷനൽ ഗ്രൂപ്പ് ഓഫ് മറൈൻ ഇൻഷ്വറൻസ്. ഇതിന്റെ ആസ്ഥാനം ലണ്ടനിലാണ്. മറൈൻ ഇൻഷ്വറൻസ് മേഖലയുടെ ഏകദേശം 90 ശതമാനവും നിയന്ത്രിക്കുന്ന സംഘടനയാണിത്. 125 മുതൽ 150 മില്യൺ ഡോളർ വരെ വിലമതിക്കുന്ന ചരക്കുകളുമായി കടൽയാത്ര നടത്തുന്ന ഒരോ കപ്പലിനും ഇൻഷ്വറൻസ് ഒരു അഭിവാജ്യഘടകം തന്നെ. അപ്രതീക്ഷിതമായ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം കമ്പനിക്ക് മാത്രമായിരിക്കും. ആയതിനാൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പു വരുത്താതെ ഒരു കമ്പനിയും കടൽ വഴിയുള്ള കയറ്റുമതിക്ക് തയ്യാറാകുകയില്ല. ഈ അവസരം മുതലെടുത്ത് യു കെ സർക്കാർ ഒരു വില പരിധി നിശ്ചയിക്കും. അതിന് മേലെയുള്ള ഒരു ഇടപാടിനും ഇൻഷ്വറൻസ് അനുമതി നൽകരുതെന്ന ഉത്തരവ് പുറപ്പെടുവിക്കും. ഇതിലൂടെ റഷ്യയിൽ നിന്നുള്ള ചരക്കുകളുടെ മേൽ ഒരു പരിധി വരെ വില നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ബ്രിട്ടന്റെ കണക്കുകൂട്ടൽ.

അമേരിക്ക, ഇന്ത്യ

അമേരിക്ക 12 ദശലക്ഷം ബാരൽ ക്രൂഡ് പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ടെന്നതാണ് ഏകദേശ കണക്ക്. 2018ലാണ് റഷ്യയെയും സഊദിയെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദകരായി യു എസ് മാറിയത്. ഉത്പാദനത്തിൽ മാത്രമല്ല ഉപഭോഗത്തിലും അമേരിക്ക തന്നെയാണ് മുന്നിൽ. ഏകദേശം 19.69 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് പ്രതിദിനം അമേരിക്ക ഉപയോഗിക്കുന്നത്. ഇത് യു എസിന്റെ പ്രതിദിന ഉത്പാദനത്തെക്കാൾ കൂടുതലാണ്. ആതിനാൽ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. യു എസ് എനർജി ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം, 2021 ജൂലൈ മുതൽ ഡിസംബർ വരെ ഏകദേശം 8.8 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് പ്രതിദിനം അമേരിക്ക ഇറക്കുമതി ചെയ്തിട്ടുള്ളത്. കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ രണ്ടാം സ്ഥാനവും യു എസിനാണ്. ചുരുക്കത്തിൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുള്ള ഏറ്റക്കുറച്ചിലുകൾ വളരെ ആഴത്തിൽ തന്നെ യു എസ് സമ്പദ്‌ വ്യവസ്ഥയെ ബാധിക്കും.

ഉത്പാദം കുറക്കരുതെന്ന അപേക്ഷയുമായി പല ആവർത്തി പ്രധാന ഒപെക് രാഷ്ട്രമായ സഊദി അറേബ്യയെ യു എസ് സമീപിച്ചു. എന്നാൽ അമേരിക്കയുടെ ആവശ്യം സഊദി സ്വീകരിച്ചില്ല എന്ന് മാത്രമല്ല ഉത്പാദനം കുറയ്ക്കുമെന്ന തീരുമാനം അവർ കൈക്കൊള്ളുകയും ചെയ്തു. ഇത് അമേരിക്കയെ രോഷാകുലരാക്കി. എഴുപത് വർഷത്തിലേറെ സൗഹൃദ് ബന്ധം നിലനിർത്തിയിരുന്ന സഊദിക്കെതിരെ കടുത്ത നടപടികളാണ് യു എസ് ആസൂത്രണം ചെയ്യുന്നത്. അതിന്റെ ഭാഗമായി നോ ഒപെക് ബില്ല് ഗവൺമെന്റ് പാസ്സാക്കുകയുണ്ടായി. ബില്ല് കൊണ്ട് ഗൗരവമേറിയ ആഘാതങ്ങളൊന്നും ഒപെക് രാഷ്ട്രങ്ങൾക്ക് നേരിടേണ്ടി വരില്ല. പ്രതീകാത്മകമായൊരു പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ഇനി ഇന്ത്യയുടെ കാര്യം. ഏകദേശം 4.5 ദശലക്ഷം ബാരൽ ഓയിലാണ് പ്രതിദിനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ഏറ്റവുമധികം ഓയിൽ ഉപയോഗിക്കുന്ന മൂന്നാമത്തെ രാഷ്ട്രവും ഇന്ത്യയാണ്. ഏകദേശം 4.7 ശതമാനം എണ്ണയാണ് ഇന്ത്യ പ്രതിദിനം ഉപയോഗിക്കുന്നത്. അതിന്റെ ആവശ്യകതയുടെ 87 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ആയതിനാൽ, അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങൾ സ്വഭാവികമായും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം എണ്ണ ഇറക്കുമതിയുടെ ബിൽ ഉയരാൻ കാരണമാകുന്നു.
ഇറക്കുമതി ബില്ലുകളിലെ വർധനവ് പണപ്പെരുപ്പത്തിനും കറന്റ് അക്കൗണ്ട് ഡെഫിസിറ്റിനും ഹേതുവാകും. മാത്രമല്ല, ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലപ്പെടുകയും ഓഹരി വിപണിയിൽ ചലനമുണ്ടാകുകയും ചെയ്യും. ഇൻവെസ്റ്റ്മെന്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ (ഐ സി ആർ എ) കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഓരോ ബാരലിന് പത്ത് ഡോളർ കൂടുമ്പോഴും സി എ ഡിക്ക് പതിനഞ്ച് ബില്യൺ ഡോളറോളം അല്ലെങ്കിൽ ജി ഡി പിയുടെ 0.4 ശതമാനം വരെ വർധനവുണ്ടാകുന്നതാണ്.

ആഗോള വിപണിയിലെ വിലക്കയറ്റം സാധാരണ ഉപഭോക്താക്കളെയും വലിയ അളവിൽ തന്നെ ബാധിക്കുന്നുണ്ട്. ഇന്ധന സംബന്ധമായത് കൊണ്ട് കേവലം വാഹന ഉടമകൾക്കും ഉത്പാദന മേലഖയിലുള്ളവർക്കു മാത്രമേ ക്ഷതമേൽപ്പിക്കുകയുള്ളൂ എന്ന ധാരണ അർഥ ശൂന്യമാണ്. ബാഹ്യമായ രീതിയിൽ വലിയ തോതിൽ ബാധിക്കുന്നത് ഇന്ധനവുമായി നേരിട്ടു ബന്ധപ്പെടുന്നവർക്കാണെങ്കിൽ പോലും പരോക്ഷമായി സകല വ്യക്തികളെയും ഒരു പോലെ ബാധിക്കുന്നു. മറ്റൊരു അർഥത്തിൽ ഇന്ധനവുമായി ഇടപെടുന്ന ബാഹ്യ ഇടപാടുകാരേക്കാൾ കൂടുതൽ ആഘാതമേൽക്കുന്നത് സാധാരണ ജനങ്ങൾക്കാണ്. ക്രൂഡ് ഓയിൽ ഒരു അസംസ്‌കൃതപദാർഥമാണല്ലോ? അസംസ്‌കൃതപദാർഥങ്ങളുടെ വിലക്കയറ്റം ഉത്പന്ന വിലക്കയറ്റത്തിന് കാരണമാകുന്നു. കമ്പോളത്തിലെ സകല ഉപഭോകൃത ഉത്പന്നങ്ങളുടെയും വില ഉയരാൻ ഇത് വഴി വെക്കും.