Connect with us

Kannur

ഒരുമയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച "മൗലവി'

രാഷ്ട്രീയത്തിലെ ഇളമുറക്കാർക്ക് ഉപദേശിയും മാർഗദർശിയുമൊക്കെയായി എല്ലാകാലത്തും നിലകൊണ്ടു

Published

|

Last Updated

കണ്ണൂർ | 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മുസ്‌ലിം ലീഗിനായി നീക്കി വെച്ച അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് വി കെ അബ്ദുൽ ഖാദർ മൗലവിയെ ആയിരുന്നു. എന്നാൽ, ഇതിനിടെയാണ് യു ഡി എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ എം വി രാഘവന്റെ നേതൃത്വത്തിലുള്ള സി എം പി തീരുമാനിച്ചത്.

എം വി രാഘവൻ സ്വന്തം തട്ടകമായ അഴീക്കോട് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ മൗലവി സീറ്റ് അദ്ദേഹത്തിന് വിട്ടു കൊടുത്തു. അന്ന് യു ഡി എഫ് സ്വതന്ത്രനായാണ് എം വി ആർ മത്സരിച്ചത്. പാണക്കാട് പോയി കെട്ടിവെക്കാനുള്ള പണവും വാങ്ങിവന്ന് നോമിനേഷൻ സമർപ്പിച്ച് പ്രചാരണരംഗത്ത് ഏറെ മുന്നേറിയ ശേഷമാണ് മൗലവി സീറ്റ് വിട്ടു കൊടുത്തത്. മത്സരിക്കാൻ തീരുമാനിച്ച സീറ്റ് വിട്ട് കൊടുത്ത വി കെ അബ്ദുൽ ഖാദർ മൗലവി പിന്നീട് എം വി ആറിന്റെ പ്രധാന തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായി. സി പി എം വിട്ട് യു ഡി എഫുമായി സഹകരിച്ച് പ്രവർത്തിച്ച രാഘവന് അന്ന് എല്ലാ സംരക്ഷണവും നൽകുന്നതിൽ മുൻപന്തിയിലായിരുന്നു മൗലവി. എം വി ആറിന്റെ മരണം വരെ അദ്ദേഹവുമായി അത്തരത്തിലുള്ള അടുപ്പവും പുലർത്തിയിരുന്നു.

അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തോടെ കണ്ണൂർ മുസ്‌ലിംലീഗിന് നഷ്ടമായത് മുതിർന്ന നേതാവിനെയാണ്. കണ്ണൂരിലെ സങ്കീർണമായ രാഷ്ട്രീയ പരിസരത്ത് പക്വതയോടെ അദ്ദേഹം പാർട്ടിയെ നയിച്ചു. സംസ്ഥാനത്ത് തന്നെ ലീഗിന്റെ തല മുതിർന്ന നേതാക്കളിൽ ഒരാളാണ് അദ്ദേഹം. ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ കെട്ടുറപ്പോടെ നയിക്കാൻ അദ്ദേഹം മുൻ നിരയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ ഇളമുറക്കാർക്ക് ഉപദേശിയും മാർഗദർശിയുമൊക്കെയായി എല്ലാകാലത്തും നിലകൊണ്ടു.

ജില്ലയിൽ രാഷ്ട്രീയ സംഘർഷമുണ്ടായ കാലത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിരുന്നു. യു ഡി എഫിന്റെ ഉന്നത നേതാക്കളിലൊരാൾ കൂടിയാണ്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. കോൺഗ്രസ്സിനകത്തും ലീഗിലും എന്ത് പ്രതിസന്ധി ഉടലെടുത്താലും പരിഹരിക്കാനുള്ള പ്രത്യേക നേതൃഗുണം മൗലവിയുടെ മുതൽക്കൂട്ടായിരുന്നു. ജില്ലയിലെ ലീഗ് രാഷ്ട്രീയത്തിന് മാത്രമല്ല യു ഡി എഫ് സംവിധാനവും ഐക്യത്തോടെയും ശക്തിയോടെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ മൗലവി വഹിച്ച പങ്ക് നിസ്തുലമാണ്. ചടയൻ ഗോവിന്ദൻ, ഇ കെ നായനാർ, കെ കരുണാകരൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ഹൃദയ ബന്ധം സൂക്ഷിച്ച നേതാവ് കൂടിയാണ് ഓർമയാകുന്നത്.

Latest