Connect with us

Health

ഭീതി വിതച്ച് മങ്കിപോക്സ്; കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ആരോഗ്യ മേഖല വീണ്ടും പ്രതിസന്ധിയിൽ

കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന ഈ വൈറല്‍ ബാധ, 15 ദിവസത്തിനുള്ളില്‍ 15 രാജ്യങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞു

Published

|

Last Updated

ജനീവ | ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന മങ്കിപോക്‌സ് അതിര്‍ത്തികള്‍ ഭേദിച്ച് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന ഈ വൈറല്‍ ബാധ, 15 ദിവസത്തിനുള്ളില്‍ 15 രാജ്യങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞു. യുകെ, യുഎസ്എ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മങ്കിപോക്‌സ് രോഗികള്‍ക്ക് ബെല്‍ജിയം 21 ദിവസത്തെ ക്വാറന്റൈന്‍ കാലയളവ് നിര്‍ബന്ധമാക്കിക്കഴിഞ്ഞു. ലോകത്ത് രണ്ടാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണം 100 കടന്നു. എന്നാല്‍ രോഗം ബാധിച്ചുള്ള മരണം ഇതുവരെ റിപ്പോട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് ഒരല്‍പം ആശ്വാസകരമായ കാര്യം.

ലോകാരോഗ്യ സംഘടന മങ്കിപോക്‌സിനെതിരെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ രോഗം അതിവേഗത്തല്‍ പടരുന്നത് കണ്ട് ഇന്ത്യയും ജാഗ്രതയിലാണ്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന യാത്രക്കാരെ പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യാനും സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയയ്ക്കാനും ആരോഗ്യ മന്ത്രാലയം വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സാധാരണ ഗതിയില്‍ ഏതാനും ആഴ്ചകകള്‍ക്കകം സ്വമേധയാ മാറുന്ന അസുഖമാണ് ഇതെങ്കിലും ചിലരില്‍ ഇത് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, വളരെ ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളുകള്‍ എന്നിവരിലാണ് മങ്കിപോക്‌സ് ഗുരുതരമാകുന്നത്. 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ രോഗബാധ മൂര്‍ച്ചിക്കാന്‍ സാധ്യത ഏറെയാണെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.

മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് യഥാര്‍ത്ഥത്തില്‍, ഈ വൈറസ് കൂടുതലായി കാണപ്പെടുന്നത്. നൈജീരിയ, ഘാന, ഡിആര്‍ കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ കേസുകള്‍ കണ്ടെത്തുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തവണ ഈ രോഗം മറ്റു രാജ്യങ്ങളിലേക്ക് കൂടി പടര്‍ന്നതാണ് ആശങ്ക ശക്തമാക്കുന്നത്. മങ്കിപോക്‌സ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങളുമായി ബന്ധമില്ലെന്നത് കൂടുതല്‍ ആശങ്കക്കിടയാക്കുന്നു.

---- facebook comment plugin here -----

Latest