Connect with us

monkey pox

സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം

തിരുവനന്തപുരം മെഡി.കോളജിൽ ചികിത്സയിൽ കഴിയുന്ന 35 വയസ്സുള്ള ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിൽ വാനര വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് വാനര വസൂരി സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡി.കോളജിൽ ചികിത്സയിൽ കഴിയുന്ന 35 വയസ്സുള്ള ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.

കുരങ്ങ് വസൂരി ലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിന്റെ സ്രവം പരിശോധനക്കായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യു എ ഇയില്‍ നിന്ന് എത്തിയ ആളാണിത്. പനി ലക്ഷണുള്ള ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.

രോഗമുള്ള സുഹൃത്തുമായി വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. ഇദ്ദേഹം നേരിട്ട് സമ്പർക്കം പുലർത്തിയവരെ ഐസൊലേഷനിലേക്ക് മാറ്റും. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് വീട്ടിലുള്ളവരും ടാക്സി, ഓട്ടോ ഡ്രൈവർമാരും വിമാനത്തിലെ 11 യാത്രക്കാരുമാണ്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്ന രോഗമാണ് കുരങ്ങ് വസൂരി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

21 ദിവസമാണ് ഇൻകുബേഷൻ കാലാവധി. സമ്പർക്കമുണ്ടെങ്കിൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടിപ്പിക്കും. രോഗം സ്ഥിരീകരിച്ചാല്‍ ചെയ്യേണ്ട മുന്‍കരുതല്‍ നടപടികളെല്ലാം എടുത്തിട്ടുണ്ട്. അപകടം കുറഞ്ഞ രോഗമാണിത്. മരണ നിരക്കും കുറവാണ്. ലക്ഷണങ്ങൾക്കാണ് നിലവിൽ ചികിത്സ നൽകുന്നത്. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്ക് മാത്രമേ രോഗം പകരൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Latest