Connect with us

Editorial

മെഡിക്കല്‍ സമരങ്ങളിലെ ശരിതെറ്റുകള്‍

മറ്റു മേഖലയിലെപ്പോലെ നിശ്ചലമാക്കുന്ന സമരങ്ങള്‍ മെഡിക്കല്‍ രംഗത്ത് ഒരു കാരണവശാലും ആശാസ്യമല്ല. ഇത്തരം പണിമുടക്ക് പ്രഖ്യാപനം നടക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ട് സമരം ഒഴിവാക്കേണ്ടതാണ്. പൊതു സമൂഹത്തിന്റെ മുഴുവന്‍ രോഷം ക്ഷണിച്ചു വരുത്തുന്ന സമര മാര്‍ഗത്തിലേക്ക് പോകണമോ എന്ന് ഡോക്ടര്‍ കമ്മ്യൂണിറ്റി ആലോചിക്കേണ്ടതുമാണ്.

Published

|

Last Updated

ഡോക്ടര്‍മാര്‍ക്കെതിരായ കൈയേറ്റങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ 12 മണിക്കൂര്‍ സമരം ആരോഗ്യ മേഖലയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. അലോപ്പതി ചികിത്സാ രംഗവുമായി ബന്ധപ്പെട്ട മിക്ക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ആരോഗ്യ ബന്ദിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിരക്ഷ നല്‍കുന്ന ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് ഫലപ്രദമായി നടപ്പാക്കുക, ഡോക്ടര്‍മാരെ കൈയേറ്റം ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുക, ആശുപത്രിയുടെ 500 മീറ്റര്‍ ചറ്റളവ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുക, ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ട് വെക്കുന്നത്. ഡോക്ടര്‍മാര്‍ക്കും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കും സമ്പൂര്‍ണ സംരക്ഷണം സാധ്യമാക്കുന്ന കൂടുതല്‍ മാരക വകുപ്പുകള്‍ അടങ്ങിയ നിയമം വേണമെന്നും ഐ എം എ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങളുടെ ശരിതെറ്റുകളിലേക്ക് പോകും മുമ്പ് തന്നെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. മറ്റൊരു തൊഴില്‍ മേഖല പോലെയല്ല മെഡിക്കല്‍ രംഗം. അത് മനുഷ്യന്റെ ജീവനുമായി ബന്ധപ്പെട്ട അത്യന്തം അനിവാര്യമായ ഒന്നാണ്. അതുകൊണ്ട് തന്നെ മറ്റു മേഖലയില്‍ സമരം ചെയ്യുന്നത് പോലെയല്ല മെഡിക്കല്‍ സമരങ്ങള്‍. അവകാശങ്ങളും ആവലാതികളും സര്‍ക്കാറിന്റെയും പൊതു ജനങ്ങളുടെയും മുന്നിലേക്ക് എത്തിക്കാനുതകുന്ന സംഘടനാപരമായ പദ്ധതികള്‍ നടപ്പാക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഞങ്ങള്‍ക്ക് മാത്രം നിഷേധിക്കുന്നത് ജനാധിപത്യപരമാണോ എന്ന് ചോദ്യം ഉയര്‍ന്നേക്കാം. അപ്പോഴും ഉത്തരം അത് തന്നെയാണ്, മറ്റു മേഖലയിലെപ്പോലെ നിശ്ചലമാക്കുന്ന സമരങ്ങള്‍ മെഡിക്കല്‍ രംഗത്ത് ഒരു കാരണവശാലും ആശാസ്യമല്ല. ഇത്തരം പണിമുടക്ക് പ്രഖ്യാപനം നടക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ട് സമരം ഒഴിവാക്കേണ്ടതാണ്. പൊതു സമൂഹത്തിന്റെ മുഴുവന്‍ രോഷം ക്ഷണിച്ചു വരുത്തുന്ന സമര മാര്‍ഗത്തിലേക്ക് പോകണമോ എന്ന് ഡോക്ടര്‍ കമ്മ്യൂണിറ്റി ആലോചിക്കേണ്ടതുമാണ്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ സംഭവവികാസങ്ങളാണ് ഇന്നലത്തെ സമരത്തിന് ആധാരമായ പ്രശ്നം. അവിടെ പ്രസവത്തിനായി എത്തിയ യുവതി പ്രസവാസന്നയാണെന്ന് വ്യക്തമായിട്ടും മതിയായ ശ്രദ്ധ കിട്ടിയില്ലെന്നാണ് ആരോപണമുയര്‍ന്നത്. കുറ്റകരമായ വൈകല്‍ സംഭവിച്ചുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഒടുവില്‍ കുഞ്ഞ് മരിച്ചു. മാതാവിന് ഗുരുതരമായ ആരോഗ്യ സങ്കീര്‍ണതകളുണ്ടായി. എന്നിട്ടും അവര്‍ അവിടെ തന്നെ ചികിത്സ തുടര്‍ന്നു. മാതാവിന്റെ ഏറ്റവും ഒടുവിലെടുത്ത സ്‌കാന്‍ റിപോര്‍ട്ട് കിട്ടാന്‍ വൈകിയതോടെ ചികിത്സാ അനാസ്ഥയെ കുറിച്ചുള്ള ബന്ധുക്കളുടെ സംശയം ബലപ്പെട്ടു. സ്വാഭാവികമായും അവര്‍ വൈകാരികമായി പ്രതികരിച്ചു. കുഞ്ഞ് നഷ്ടപ്പെട്ടവരുടെ വേദന എത്ര വലുതായിരിക്കുമെന്ന് ആലോചിക്കണം. അവരെ അനുനയിപ്പിക്കാനോ വലിയൊരു സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാനോ കാര്യമായ ഇടപെടലുണ്ടായില്ല. മാത്രവുമല്ല ഡോക്ടറുടെ പെരുമാറ്റം തര്‍ക്കം രൂക്ഷമാക്കുന്ന രീതിയിലായിരുന്നുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ഗൈനക്കോളജിസ്റ്റിന്റെ ഭര്‍ത്താവായ ഡോക്ടറെ കൈയേറ്റം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. കൈയേറ്റം ഒന്നിനും പരിഹാരമല്ല എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. തല്ലിത്തീര്‍ക്കാവുന്ന പ്രശ്നമല്ല ഇത്. കെ ബി ഗണേശ് കുമാര്‍ പറയുന്നത് പോലെ ഡോക്ടര്‍മാര്‍ക്കിടയില്‍ തല്ലുകൊള്ളേണ്ടവരുണ്ടെന്ന് പ്രഖ്യാപിക്കുന്നത് ഒട്ടും ശരിയായ പ്രവണതയല്ല. വീഴ്ചകളും കുറവുകളും തെറ്റായ പ്രവണതകളുമുണ്ടാകാമെന്ന് ഐ എം എ പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കൈയേറ്റമാണോ എന്ന ചോദ്യം കൂടി അവര്‍ ഉന്നയിക്കുന്നു. ആശുപത്രികളെ സംഘര്‍ഷ ഭൂമിയാക്കി പോലീസ് ബന്തവസ്സില്‍ ചെയ്യേണ്ട ഒരു കാര്യമല്ലല്ലോ ആതുര ശുശ്രൂഷ. അത് സ്നേഹവും കരുതലും മനസ്സാന്നിധ്യവും ആവശ്യമുള്ള മഹത്തായ പ്രക്രിയയാണ്. കലുഷമായ അന്തരീക്ഷം യാന്ത്രികവും ഭയചകിതവുമായ ഇടമായി ആശുപത്രികളെ മാറ്റുകയാണ് ചെയ്യുക.

ഡോക്ടര്‍ സമൂഹത്തിന് വലിയ മാനക്കേടുണ്ടാക്കിയ സംഭവങ്ങളാണ് ഈയിടെയുണ്ടായത്. കാല് മാറി ശസ്ത്രക്രിയ നടന്നത്, മൂക്കിന് ശസ്ത്രക്രിയക്ക് ചെന്ന രോഗിയെ വയറ് കീറിയത്, വയറ്റില്‍ കത്രിക മറന്നത്. അങ്ങനെ നിരവധി ഗുരുതര വീഴ്ചകള്‍. ഓവര്‍ ഡോസ്, മരുന്ന് മാറി നല്‍കല്‍, അനാവശ്യ പരിശോധനകള്‍ നിര്‍ദേശിക്കല്‍, കൈക്കൂലി വാങ്ങല്‍, സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയടക്കമുള്ളവ നടക്കണമെങ്കില്‍ ഡോക്ടറെ വീട്ടില്‍ ചെന്ന് കാണേണ്ട സ്ഥിതി, മരുന്ന് കമ്പനികളുമായുള്ള ബാന്ധവം തുടങ്ങി പരാതികള്‍ വേറെയും എമ്പാടുമുണ്ട്. ഈ ക്രമക്കേടുകളെല്ലാം നടത്തുന്നത് ഒരു ന്യൂനാല്‍ ന്യൂനപക്ഷം ഭിഷഗ്വരന്‍മാര്‍ മാത്രമാണെന്നും അതു വെച്ച് സാമാന്യവത്കരണത്തിന് മുതിരരുതെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തില്‍ എല്ലായിടത്തുമുള്ള മൂല്യച്യുതിയുടെ ഒരംശം മാത്രമാണ് ഈ രംഗത്തുള്ളതെന്നും അവര്‍ വാദിക്കുന്നു. ആ വാദം അംഗീകരിച്ചാല്‍ പോലും ഒരു കാര്യം നിസ്തര്‍ക്കമാണെന്ന് അംഗീകരിക്കേണ്ടി വരും. ഈ വീഴ്ചകളില്‍ ഫലപ്രദമായ വല്ല അന്വേഷണവും നടക്കുന്നുണ്ടോ. നടന്നാല്‍ തന്നെ ശിക്ഷാ നടപടികള്‍ ഉണ്ടാകുമോ? പുറം രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതി നോക്കുമ്പോഴാണ് നമ്മുടെ സംവിധാനം എത്രമാത്രം കുത്തഴിഞ്ഞതാണെന്ന് മനസ്സിലാകുക.

ഈ കലുഷിത അന്തരീക്ഷം ഡോക്ടര്‍മാരെ ഡിഫന്‍സീവ് ചികിത്സയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. ഏത് നിമിഷവും അനാസ്ഥ ആരോപണം വന്നേക്കാമെന്നതിനാല്‍ വലിയ വലിയ ടെസ്റ്റുകള്‍ക്കും അനാലിസിസിനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഒരു രോഗാവസ്ഥയുടെ ഏറ്റവും സങ്കീര്‍ണമായ സാധ്യത മുന്നില്‍ കണ്ടാണ് ചികിത്സ തുടങ്ങുന്നത്. ഇത് ചികിത്സാ ചെലവ് വല്ലാതെ ഉയരുന്നതിന് കാരണമാകുന്നു. ഇതോടൊപ്പം ഈ സേവനത്തെ ധന സമ്പാദന മാര്‍ഗമായി മാത്രം കാണുന്നവരുടെ എണ്ണം പെരുകുക കൂടി ചെയ്യുമ്പോള്‍ ചികിത്സ സാധാരണക്കാരന് അപ്രാപ്യമായിത്തീരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരില്‍ ആത്മാര്‍ഥമായി ഉത്തരവാദിത്വം നിര്‍വഹിക്കുന്ന നിരവധി ഡോക്ടര്‍മാര്‍ ഉണ്ട്. പക്ഷേ, അവര്‍ പലതരം പരിമിതികളില്‍ വീര്‍പ്പ് മുട്ടുകയാണ്. പലപ്പോഴും ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്ത സ്ഥിതിയുണ്ട്. ഇത് രോഗി- ഡോക്ടര്‍ ബന്ധം വഷളാക്കുന്നു. നിയമനിര്‍മാണം കൊണ്ടോ പോലീസ് ഇറങ്ങിയത് കൊണ്ടോ സമരം ചെയ്തോ പരിഹരിക്കാവുന്ന വിഷയമല്ല ഇത്. രോഗികള്‍ വലിയ ആരോഗ്യ അവബോധം സിദ്ധിച്ചവരാണിന്ന്. ഈ പുതിയ സാഹചര്യം കണക്കിലെടുക്കുന്ന ചികിത്സയിലേക്ക് ഡോക്ടര്‍മാര്‍ വരികയും മെഡിക്കല്‍ എത്തിക്സ് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഓരോരുത്തരും ശ്രമിക്കുകയുമാണ് യഥാര്‍ഥ പോംവഴി.

 

Latest