Kerala
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം: കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും, സര്‍ക്കാരിന് നിര്‍ണായകം
ഹരജി പരിഗണിക്കുന്ന വെള്ളിയാഴ്ച തന്നെ വിധിയുണ്ടാകുമെന്നാണ് വിവരം.
തിരുവനന്തപുരം | ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിമര്‍ശത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെയാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്.
ഹരജി പരിഗണിക്കുന്ന വെള്ളിയാഴ്ച തന്നെ വിധിയുണ്ടാകുമെന്നാണ് വിവരം. കേസ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഏറെ നിര്‍ണായകമാണ്. വിധി എതിരായാല്‍ രാഷ്ട്രീയമായും നിയമപരമായും സര്‍ക്കാരിന് വലിയ വെല്ലിയിളാകും. ലോകായുക്ത നിയമനം 14 വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടര്‍ന്നാണ് കെ ടി ജലീലിന് ഒന്നാം പിണറായി സര്‍ക്കാറില്‍ മന്ത്രി സ്ഥാനം നഷ്ടമായിരുന്നത്.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ. കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്നാണ് കേസ്. എന്നാല്‍, പണം അനുവദിക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കാന്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബഞ്ചാണ് വാദം കേട്ടിരുന്നത്. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ ബഞ്ച് തന്നെയാണ് കെ ടി ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്ക് നയിച്ച വിധി പ്രഖ്യാപിച്ചിരുന്നതും.
കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാര്‍ 2018 സെപ്തംബറില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ 2022 മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്. ഈ കേസിലെ വിധിയുള്‍പ്പടെ മുന്നില്‍ കണ്ട് സര്‍ക്കാര്‍ ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നെങ്കിലും ഗവര്‍ണര്‍ ഇത് വരെ ഒപ്പ് വെച്ചിട്ടില്ല.