International
അൽ-അഖ്സയിലേക്ക് വീണ്ടും മന്ത്രിയുടെ കടന്നുകയറ്റം; പ്രദേശത്ത് സംഘർഷാവസ്ഥ
അന്താരാഷ്ട്ര മര്യാദകൾ ലംഘിക്കുന്നത് മൂന്നാം തവണ
		
      																					
              
              
            ജറൂസലം | തീവ്രവലതുപക്ഷ നേതാവും നെതന്യാഹു മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രിയുമായ ബെൻ ഗവിറിന്റെ നേതൃത്വത്തിൽ അൽ അഖ്‌സ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം. ആയിരത്തിലധികം തീവ്രദേശീയവാദി ജൂത കുടിയേറ്റക്കാരെ നയിച്ചാണ് ബെൻ ഗവിർ അൽ അഖ്‌സ കോമ്പൗണ്ടിലെത്തിയത്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ അൽ അഖ്‌സയിലേക്ക് അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് ഈ വർഷം ഇത് മൂന്നാം തവണയാണ് ഇവരെത്തുന്നത്.
ജോർദാന്റെ കീഴിലുള്ള വ ഖഫ് സമിതിക്കാണ് അൽ അഖ്‌സയുടെ നടത്തിപ്പ് ചുമതല. സമിതിയുടെ അഭ്യർഥന പ്രകാരം ജൂത സംഘത്തെ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും 1,700 പേരടങ്ങുന്ന സംഘത്തിലെ ഏതാനും പേർ മുന്നോട്ട് പോയി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രകോപനം സൃഷ്ടിച്ച് അൽ അഖ്‌സക്ക് ചുറ്റും സംഘർഷാവസ്ഥയുണ്ടാക്കുകയും വിശ്വാസികളെ അകറ്റുകയുമാണ് കടുത്ത ഫലസ്തീൻ വിരോധിയായ ബെൻ ഗവിറിന്റെ ലക്ഷ്യം.
ജൂത സമൂഹം ടിഷാ ബിഅവ് എന്ന നോമ്പ് ദിനം ആചരിക്കുന്നതിനിടെയാണ് പ്രകോപന നീക്കം. ഈ സ്ഥലം ഞങ്ങൾക്ക് പ്രധാനമാണ്. ഇവിടെ പരമാധികാരം ഉറപ്പിക്കുക തന്നെ ചെയ്യുമെന്ന് ഗവിർ പറഞ്ഞു. ഇസ്‌റാഈൽ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ച നിരോധിത ഗ്രൂപ്പിന്റെ മുൻ യുവ നേതാവായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മെയിൽ അൽ അഖ്‌സയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഗവിർ, ജറൂസലം പൂർണമായി ഇസ്‌റാഈലിന് അവകാശപ്പെട്ടതാണെന്ന് ആക്രോശിച്ചിരുന്നു.
ജൂതൻമാർക്ക് നിശ്ചയിച്ച ഇടത്തിന് അപ്പുറത്തേക്ക് പോകരുതെന്നാണ് പ്രമുഖ ജൂത പുരോഹിതരെല്ലാം നിഷ്‌കർഷിക്കാറുള്ളത്. അൽ അഖ്‌സ കോമ്പൗണ്ടിൽ സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന് യു എൻ പ്രമേയവും നിഷ്‌കർഷിക്കുന്നു. ഇന്നലെ ഏതാനും ജൂത തീവ്രവാദികൾ വളപ്പിനകത്ത് പ്രാർഥിച്ചെന്നും ഗാനാലാപനം നടത്തിയെന്നും അൽ ജസീറ റിപോർട്ട് ചെയ്തു.
ബെൻ ഗവിറിന്റെ നടപടിയെ ജോർദാൻ ശക്തമായി അപലപിച്ചു. അൽ അഖ്‌സയുടെ വിശുദ്ധി നശിപ്പിക്കാനുള്ള തീവ്രവാദികളുടെ നീക്കം പ്രകോപനപരവും അന്താരാഷ്ട്ര കരാറുകളുടെ ലംഘനവുമാണെന്ന് ജോർദാൻ വിദേശകാര്യ വക്താവ് സിനാൻ അൽ മാജ്‌ലി പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
