Connect with us

Kerala

ഹൃദ്രോഗ ചികിത്സ; സ്റ്റെന്റിന്റെ് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

നൂതന ഹൃദ്രോഗ ചികിത്സ എല്ലാ ജില്ലകളിലും യാഥാര്‍ത്ഥ്യത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: | സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സ്റ്റെന്റിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റെന്റില്ലാത്തതിനാല്‍ ഒരാശുപത്രിയിലും ആന്‍ജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ല. ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ കുറവുണ്ടായാല്‍ സ്റ്റെന്റുകള്‍ ആശുപത്രികളില്‍ നേരിട്ടെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയും സ്റ്റെന്റിന്റെ സ്റ്റോക്ക് വിവരം കൃത്യമായി വിലയിരുത്താനും കുറവ് വരാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹൃദ്രോഗ ചികിത്സയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടി കാത്ത് ലാബുകള്‍ സ്ഥാപിക്കുകയും ആന്‍ജിയോഗ്രാമും ആന്‍ജിയോ പ്ലാസ്റ്റിയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. കാസര്‍േേകാട് ജില്ലയിലും വയനാട് ജില്ലയിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്‍ജിയോപ്ലാസ്റ്റി യാഥാര്‍ത്ഥ്യമാക്കി. ഇടുക്കി ജില്ലയില്‍ കൂടി കാത്ത്ലാബ് സജ്ജമാകുന്നതോടെ എല്ലാ ജില്ലയിലും ഈ ചികിത്സാ സംവിധാനം ലഭ്യമാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള സര്‍ജറികള്‍ വിജയകരമായി നടത്തി വരുന്നു. മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകളില്‍ സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകളും നടത്തി വരുന്നു. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ന്യൂറോ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു.

ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള ഹൃദയ ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കാത്ത് ലാബുകള്‍ സജ്ജമാക്കിയത്. പരിശോധനയിലൂടെ കണ്ടെത്തുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യാനാണ് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നത്. ആന്‍ജിയോപ്ലാസ്റ്റിയിലാണ് സ്റ്റെന്റുകള്‍ ഉപയോഗിക്കുന്നത്. സ്വകാര്യ കോര്‍പറേറ്റ് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാത്രം ലഭ്യമായിരുന്ന കാത്ത് ലാബ് സംവിധാനം രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ജില്ലാ ആശുപത്രികളില്‍ കൂടി വ്യാപിപ്പിച്ച സംസ്ഥാനം കൂടിയാണ് കേരളം- മന്ത്രി പറഞ്ഞു