Kerala
അതിവേഗ റെയില്‍ പാത; ഇ ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നു
ഇപ്പോള്‍ തത്കാലം മഞ്ഞക്കുറ്റികളൊന്നും അടിക്കില്ല
മലപ്പുറം | അതിവേഗ റെയില്‍ പാത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ ശ്രീധരന്‍ മലപ്പുറം പൊന്നാനിയില്‍ ഓഫീസ് തുറന്നു. ഇ ശ്രീധരന്റെ ഭാര്യ രാധ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് തുറന്നതോടെ ഇന്ന് മുതല്‍ അതിവേഗ റെയില്‍ പാത പദ്ധതിയുടെ ഔദ്യോഗിക പ്രവൃത്തികള്‍ ആരംഭിക്കുമെന്നും ജീവനക്കാര്‍ ഒരോരുത്തരായി എത്തിച്ചേരുമെന്നും ഒരോരുത്തര്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഇപ്പോള്‍ തത്കാലം മഞ്ഞക്കുറ്റികളൊന്നും അടിക്കില്ല.
റെയില്‍വെ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും സംസ്ഥാന സര്‍ക്കാരിനെ ഇപ്പോള്‍ അറിയിക്കേണ്ട കാര്യമില്ലെന്നും എല്ലാ എതിര്‍പ്പുകളും ഇല്ലാതാവുമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയര്‍ന്ന വില നല്‍കാനാകും. തന്റെ സ്ഥലം എടുക്കുവെന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
എന്ത് ചെയ്യുമ്പോഴും നാട്ടുകാര്‍ക്ക് ഉപദ്രവം ഉണ്ടാകാതെ അവര്‍ക്ക് പ്രയോജനമുണ്ടാകുന്ന രീതിയില്‍ ചെയ്യണം. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിച്ച് മുന്നോട്ടുപോകണം. സമയമാണ് ഇവിടെ പണം. വേഗം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം. കൊങ്കണ്‍ റെയില്‍വെയുടെ ഡി പി ആര്‍ അടക്കം തയ്യാറാക്കിയ ആത്മവിശ്വാസമുണ്ട്. ഏപ്രിലില്‍ ഫീല്‍ഡ് വര്‍ക്ക് ആരംഭിക്കും. പാതയുടെ അലൈന്‍മെന്റ് അടക്കം തീരുമാനിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുയെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പിന്നാലെ ജനങ്ങളിലേക്ക് ഈ പദ്ധതിയുടെ വിശദാംശങ്ങളുമായി ഇറങ്ങാനാണ് ഇ. ശ്രീധരന്റെ തീരുമാനം. ഫെബ്രുവരി 15 മുതല്‍ യോഗങ്ങള്‍ നടത്തും. ആദ്യ യോഗങ്ങള്‍ മലപ്പുറത്തായിരിക്കും. പിന്നാലെ പദ്ധതി പ്രകാരം ട്രെയിന്‍ കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിക്കും.
നിലവില്‍ ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. അവ എവിടെയാണ് നിര്‍മിക്കേണ്ടതെന്നതടക്കമുള്ള കാര്യങ്ങളും ഫീല്‍ഡ് വര്‍ക്കിലൂടെ തീരുമാനിക്കും. 22 റെയില്‍വെ സ്റ്റേഷനുകളാണ് വേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫീല്‍ഡ് വര്‍ക്ക് ജൂണിന് മുമ്പായി തീര്‍ക്കും. സര്‍വേ നടപടികളാണ് പിന്നീട് ആരംഭിക്കേണ്ടത്. ഇതിനായി പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം.
ആളുകളെ വിശ്വാസത്തിലെടുത്താല്‍ പിന്നെ പേടിക്കേണ്ട കാര്യമില്ല. സര്‍വേ ആളുകള്‍ നേരിട്ടായിരിക്കും ചെയ്യുക. പിന്നീട് എത്ര ഭൂമി ഏറ്റെടുക്കണമെന്നതടക്കം തീരുമാനിക്കും. ഏതൊക്കെ ഭൂമിയാണ് വേണ്ടതെന്നടക്കം തീരുമാനിച്ചശേഷം അതിനുള്ള ചെലവും കണക്കാക്കും. 20 മീറ്റര്‍ വീതിയാണ് പാതക്ക് ആവശ്യമായിട്ടുള്ളത്. അതില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളടക്കം കണക്കിലെടുത്തായിരിക്കും പദ്ധതിയുമായി മുന്നോട്ടുപോവുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.



