brahmapuram fire
കൊച്ചിയിൽ ഡൽഹിയേക്കാൾ മെച്ചപ്പെട്ട വായുവെന്ന് മന്ത്രി രാജേഷ്; സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
വായുനിലവാരം ഗണ്യമായ നിലയില്‍ മെച്ചപ്പെട്ടുവെന്നും മന്ത്രി സഭയെ അറിയിച്ചു.

കൊച്ചി | ബ്രഹ്മപുരത്തെ മാലിന്യക്കൂനകൾക്ക് തീപിടിച്ചതും കൊച്ചി നഗരത്തെയാകെ വിഷപ്പുകയിൽ മുക്കിയതും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ടി ജെ വിനോദ് എം എല്‍ എ അടിയന്തര പ്രമേയാവതരണത്തിനുള്ള നോട്ടീസ് നല്‍കി. നോട്ടീസ് സ്പീക്കർ തള്ളി. തുടർന്ന് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കൊച്ചിയിലേത് ഡല്‍ഹിയേക്കാള്‍ മെച്ചപ്പെട്ട വായുവാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് സഭയിൽ പറഞ്ഞു. വസ്തുതകള്‍ പറയുമ്പോള്‍ പ്രതിപക്ഷം അസ്വസ്ഥരാകരുത്. സത്യത്തില്‍ നല്ല വായു ശ്വസിക്കണമെങ്കില്‍ കേരളത്തില്‍ വരേണ്ട സ്ഥിതിയാണ്. ഡല്‍ഹിയില്‍ കേരളത്തിലേക്കാള്‍ മോശം വായുമാണ്. എന്നിട്ട് ഡല്‍ഹിയില്‍ നിന്ന് ചില നേതാക്കളും മന്ത്രിമാരും ഇവിടെ വന്നിട്ട് ഐ ക്യാന്‍ഡ് ബ്രീത്ത് എന്ന് പറയുകയാണെന്നും രാജേഷ് പരിഹസിച്ചു.
ബ്രഹ്മപുരത്ത് ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബ്രഹ്മപുരത്ത് നിന്ന് അയല്‍ ജില്ലകളില്‍ വരെ വിഷപ്പുക നിറഞ്ഞു. ഇത് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച രാസവസ്തുവാണ് പുകയില്‍ അടങ്ങിയിരിക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യമന്ത്രി അവിടെ ആരോഗ്യപ്രശ്‌നമില്ലെന്ന് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞതെന്നും വിഷയം ലഘുകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രശ്‌നം ഇത്ര വഷളാവാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരത്തോടെ ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഭയിൽ പറഞ്ഞു. അഗ്നിബാധ റിപ്പോര്‍ട്ട് ചെയതപ്പോള്‍ തന്നെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നടപടികളെടുത്തു. ഞായറാഴ്ച പ്ലാന്റില്‍ സമഗ്ര ഡ്രോണ്‍ സര്‍വേ നടത്തി. വരുന്ന മണിക്കൂറുകളില്‍ പുകയോ അതുവഴി വീണ്ടും തീപ്പിടിത്തമോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഗ്നിശമനസേന നടത്തുന്നുണ്ട്. വായുനിലവാരം ഗണ്യമായ നിലയില്‍ മെച്ചപ്പെട്ടുവെന്നും മന്ത്രി സഭയെ അറിയിച്ചു.
കൊച്ചി നഗരം ഇന്നും പുകയുകയാണെന്ന് ടി ജെ വിനോദ് എം എൽ എ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമാണ് ബ്രഹ്മപുരത്തേത്ത്. വീടിനുള്ളില്‍ പോലും ഇരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് കൊച്ചിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. അഗ്നിശമന യൂണിറ്റുകള്‍ വെള്ളത്തിനായി വരി നില്‍ക്കേണ്ട അവസ്ഥയിലാണ്. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഒമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് മന്ത്രിമാര്‍ ബ്രഹ്മപുരം സന്ദര്‍ശിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം സൃഷ്ടിച്ചതിന് സമാനമാണ് കൊച്ചിയിലെ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.