Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മന്ത്രി ആര്‍ ബിന്ദു; ചിത്രങ്ങള്‍ പുറത്ത്
കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളാണ് ബേങ്കിലെ ഭരണ സമതി അംഗമായിരുന്ന അമ്പിളി

തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മന്ത്രി ഡോ. ആര്‍ ബിന്ദു. തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ മാസം 24 ന് ഇരിങ്ങാലക്കുടയില്‍ വച്ചായിരുന്നു വിവാഹം നടന്നത്.
കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളാണ് ബേങ്കിലെ ഭരണ സമതി അംഗമായിരുന്ന അമ്പിളി. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. തട്ടിപ്പില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളായ ബേങ്കിലെ ചില മുന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിപിഎം നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്.
മന്ത്രി പ്രതിനിധീകരിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലാണ് കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് നടന്നത്.