Uae
ഉൽക്കാവർഷം ഇന്ന് രാത്രിയിൽ
വാനനിരീക്ഷകർ കാത്തിരിക്കുന്ന അപൂർവ പ്രതിഭാസം

ദുബൈ| ഈ വർഷത്തെ ഏറ്റവും മികച്ച ആകാശ വിസ്മയങ്ങളിൽ ഒന്നായ പെർസീഡ്സ് ഉൽക്കാവർഷം യു എ ഇയിലെ വാനനിരീക്ഷകരെ ആകർഷിക്കുന്നു. ഇന്ന് രാത്രിയിൽ ഈ പ്രതിഭാസം അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തും. മറ്റ് ഉൽക്കാവർഷങ്ങളെ അപേക്ഷിച്ച് വളരെ തിളക്കമുള്ളതാണ് ഇപ്രാവശ്യത്തേത്. “ഫയർബോൾ’ എന്നാണ് ഇത് അറിയപ്പെടുന്നത്.
ജൂലൈ പകുതിയോടെ ആരംഭിച്ച ഉൽക്കാവർഷം ആഗസ്റ്റ് 12നും 13നും ഇടയിലാണ് ഏറ്റവും ഉയർന്ന നിലയിൽ എത്തുക. ചന്ദ്രന്റെ വെളിച്ചം കാരണം ഈ വർഷം മങ്ങിയ ഉൽക്കകൾ കാണാൻ സാധിക്കില്ലെങ്കിലും തിളക്കമുള്ള ഫയർബോളുകൾ വ്യക്തമായി കാണാൻ സാധിക്കും.
നഗരത്തിന്റെ വെളിച്ചമില്ലാത്ത ഇരുണ്ട സ്ഥലങ്ങളിൽ നിന്ന് അർധരാത്രി മുതൽ പുലർച്ചെ വരെയാണ് ഇത് കാണാൻ ഏറ്റവും അനുയോജ്യമെന്ന് ദുബൈ അസ്‌ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കുന്നു. നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുമെന്ന തരത്തിലാണ് ഉൽക്കാവർഷം നടക്കുന്നത്. ടെലിസ്‌കോപ്പോ ബൈനോക്കുലറോ ആവശ്യമില്ലാതെ കാണാനാവും. എന്നാൽ ഇരുട്ടുള്ള അന്തരീക്ഷവുമായി കണ്ണുകൾക്ക് പൊരുത്തപ്പെടാൻ 20 മുതൽ 30 മിനിറ്റ് വരെ സമയം നൽകേണ്ടത് പ്രധാനമാണ്.
ഈ പ്രതിഭാസം കാണുന്നതിനായി ദുബൈ അസ്‌ട്രോണമി ഗ്രൂപ്പ് ജബൽ ജൈസിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാത്രി 11 മുതൽ പുലർച്ചെ മൂന്ന് വരെയാണ് പരിപാടി നടക്കുക. വിദഗ്ധരുടെ മാർഗനിർദേശങ്ങൾ, ടെലിസ്‌കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണം, ആകാശത്തെക്കുറിച്ചുള്ള വിവരണം എന്നിവയെല്ലാം പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്.
സ്വിഫ്റ്റ്-ടട്ടിൽ എന്ന വാൽ നക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് പെർസീഡ്സ് ഉൽക്കാവർഷം ഉണ്ടാകുന്നത്. പൊടിയും മഞ്ഞുകണങ്ങളും ഒരു സെക്കൻഡിൽ 59 കിലോമീറ്റർ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയും കത്തിയെരിയുകയും ചെയ്യുന്നു. ഇതാണ് ആകാശത്ത് കാണുന്ന തിളക്കമുള്ള പ്രകാശരേഖകൾക്ക് കാരണം. പെർസ്യൂസ് എന്ന നക്ഷത്രസമൂഹത്തിൽ നിന്നാണ് ഈ ഉൽക്കകൾ വരുന്നത് എന്ന് തോന്നിക്കുന്നതുകൊണ്ടാണ് ഈ ഉൽക്കാവർഷത്തിന് പെർസീഡ്സ് എന്ന് പേര് ലഭിച്ചത്.
ദിനോസറുകളുടെ വംശനാശത്തിന് കാരണമായ വസ്തുവിന്റെ ഏകദേശം ഇരട്ടി വലുപ്പമുള്ളതാണ് സ്വിഫ്റ്റ് – ടട്ടിൽ വാൽനക്ഷത്രം. ഇത് 133 വർഷത്തിലൊരിക്കൽ സൂര്യനെ ചുറ്റുന്നു. 1992-ലാണ് ഇത് അവസാനമായി ഭൂമിയോട് അടുത്ത് കടന്നുപോയത്. 2126-ൽ ഇത് വീണ്ടും മടങ്ങിയെത്തുമെന്നും ഇത് ഭാവി തലമുറകൾക്ക് കൂടുതൽ മനോഹരമായ കാഴ്ച നൽകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. അടുത്ത ഏതാനും ആയിരം വർഷത്തേക്ക് സ്വിഫ്റ്റ്-ടട്ടിൽ വാൽനക്ഷത്രം ഭൂമിക്ക് ഒരു ഭീഷണിയുമില്ലെന്നും അവർ കണക്കാക്കുന്നു.