Kerala
തലശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിന്റേതെന്ന് സ്ഥിരീകരണം
. ഇന്ന് ഉച്ചയോടെ ചേവായൂര്‍ പോലീസ് ബന്ധുക്കളുമായി തലശ്ശേരിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കോഴിക്കോട് | കണ്ണൂര്‍ തലശ്ശേരിയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തി സഹോദരന്‍ പ്രമോദിന്റേതെന്ന് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ ചേവായൂര്‍ പോലീസ് ബന്ധുക്കളുമായി തലശ്ശേരിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം കാണാതായ പ്രമോദിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തലശ്ശേരി കുയ്യാലി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
സഹോദരിമാരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിറകെ സഹോദരന്‍ പ്രമോദിനെ കാണാതാവുകയായിരുന്നു. കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്‌ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും സഹോദരിമാരും താമസിച്ചിരുന്നത്.
ഫറോക്ക് പാലം ജംഗ്ഷനിലാണ് പ്രമോദിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത്. ഈ പ്രദേശത്ത് ഉള്‍പ്പെടെ പോലീസ് വിശദമായ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പ്രമോദ് (63) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല.
ആരോഗ്യപ്രശ്‌നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ജീവിച്ച പ്രമോദ് നേരത്തേ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്തിരുന്നു.മൂന്നു വര്‍ഷം മുന്പാണ് ഇവര്‍ ഫ്‌ളോറിക്കല്‍ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയയ്ക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശുശ്രൂഷിക്കുകയായിരുന്നു.