Connect with us

Kerala

പന്തളത്ത് എം ഡി എം എ പിടിച്ച കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കോട്ടയം കാഞ്ഞിരപ്പള്ളി വട്ടകപ്പാറ ഫയര്‍ സ്റ്റേഷന് സമീപം തേനാമാക്കള്‍ വീട്ടില്‍ റമീസ് മനോജ് (23), തൃശൂര്‍ ചാലക്കല്‍ തോളൂര്‍ പറപ്പൂര്‍ മുള്ളൂര്‍ കുണ്ടുകാട്ടില്‍ മകന്‍ കുഞ്ഞ് എന്ന് വിളിക്കുന്ന യുവരാജ് (22) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിമരുന്നായ മെത്തലീന്‍ ഡയോക്സി മെത്താംഫീറ്റമിന്‍ ( എം ഡി എം എ) പന്തളത്തു നിന്നും വലിയ അളവില്‍ പിടിച്ചെടുത്ത കേസില്‍ രണ്ടു പേരെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി വട്ടകപ്പാറ ഫയര്‍ സ്റ്റേഷന് സമീപം തേനാമാക്കള്‍ വീട്ടില്‍ റമീസ് മനോജ് (23), തൃശൂര്‍ ചാലക്കല്‍ തോളൂര്‍ പറപ്പൂര്‍ മുള്ളൂര്‍ കുണ്ടുകാട്ടില്‍ മകന്‍ കുഞ്ഞ് എന്ന് വിളിക്കുന്ന യുവരാജ് (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞമാസം 30ന് പന്തളത്തെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും 154 ഗ്രാം എം ഡി എം എയുമായി അഞ്ച് പേര്‍ അറസ്റ്റിലായ കേസില്‍ റമീസ് ഏഴാം പ്രതിയാണ്. യുവരാജ് എട്ടാം പ്രതിയും. റമീസിനെ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും യുവരാജിനെ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നുമാണ് പിടികൂടിയത്.

റമീസിനെ പിടികൂടുമ്പോള്‍ ഇയാളുടെ സ്വിഫ്റ്റ് കാറില്‍ നിന്നും മൊബൈല്‍ ഫോണ്‍, ബെംഗളൂരു വൃന്ദാവന്‍ എന്‍ജിനീയറിങ് കോളജിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫെഡറല്‍ ബേങ്ക് എ ടി എം കാര്‍ഡ്, രണ്ട് വെയിങ് മെഷീന്‍, ഫില്‍റ്റര്‍ പേപ്പര്‍ അടങ്ങിയ പൊതി, ലഹരിവസ്തുക്കള്‍ പൊടിക്കാന്‍ ഉപയോഗിച്ചിരുന്ന ക്രഷര്‍, ലഹരിവസ്തു വലിക്കുന്നതിനുള്ള ഷൂട്ടര്‍ എന്ന ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു.

അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനുവിന്റെ നിര്‍ദേശപ്രകാരം, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ് ഐമാരായ ശ്രീജിത്ത്, നജീബ്, ഡാന്‍സാഫ് എസ് ഐ. അജി സാമുവല്‍, സി പി ഒ. സുജിത്, പന്തളം പോലീസ് സ്റ്റേഷനിലെ ശരത്, നാദിര്‍ഷാ, രഘു, അര്‍ജുന്‍ കൃഷ്ണന്‍, ജില്ലാ സൈബര്‍ സെല്ലിലെ എസ് സി പി ഒ. ആര്‍ ആര്‍ രാജേഷ് എന്നിവരുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

റമീസിനെയും യുവരാജിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുന്നതിന് പ്രൊഡക്ഷന്‍ വാറന്റിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. അന്വേഷണത്തില്‍ എട്ട് പ്രതികളാണ് ഇതുവരെ പിടിയിലായത്.

Latest