Connect with us

Kozhikode

നിലയ്ക്കാതിരിക്കട്ടെ ഈ കൈയടി; ലഹരിക്കെതിരെ മാതൃകാ സന്ദേശവുമായി 'മ്മാഡ്' ഷോ

കോഴിക്കോട് സിറ്റി പോലീസിന്റെയും കക്കോടിയിലെ നവദര്‍ശന റെസിഡന്റസ് അസോസിയേഷന്റെയും സഹകരണത്തോടെ അരങ്ങേറിയ ഷോ ഉല്ലാസ് മാവിലായിയാണ് അണിയിച്ചൊരുക്കിയത്.

Published

|

Last Updated

കോഴിക്കോട് | ലഹരിക്കെതിരെ പ്രത്യാക്രമണമാണ് മികച്ച പ്രതിരോധ മാര്‍ഗമെന്ന തിരിച്ചറിവ് പകര്‍ന്ന് മലയാളീസ് മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ് (‘മ്മാഡ്’) ഷോ. നാടകമോ ബാലെയോ ഡോക്യുമെന്ററിയോ സിനിമയോ മാജിക്കോ അല്ലാത്ത, എന്നാല്‍ എല്ലാം ഉള്‍ച്ചേര്‍ന്ന ഒരു കലാസൃഷ്ടിയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സി എം എം ഹൈസ്‌കൂളിലെ എസ് പി സി വിദ്യാര്‍ഥികളുടെ അവധിക്കാലം സമൂഹത്തിന് സമ്മാനിച്ചത്. കോഴിക്കോട് സിറ്റി പോലീസിന്റെ നോ നെവര്‍ കാമ്പയിനിന്റെ ഭാഗമായി പോലീസിന്റെയും കക്കോടിയിലെ നവദര്‍ശന റെസിഡന്റസ് അസോസിയേഷന്റെയും സഹകരണത്തോടെ അരങ്ങേറിയ ഷോയ്ക്ക് കാതടപ്പിക്കുന്ന കൈയടികളോടെ ആസ്വാദകവൃന്ദം അഭിനന്ദനങ്ങളേകി.

മാധ്യമ പ്രവര്‍ത്തകനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഉല്ലാസ് മാവിലായിയാണ് ഷോ അണിയിച്ചൊരുക്കിയത്. മയക്കുമരുന്നിനെതിരായ എത്ര ചെറിയ വിരലനക്കവും വരും തലമുറയെ രക്ഷിക്കാനുള്ള പടയോട്ടമാണെന്ന തിരിച്ചറിവോടെ ലഹരിക്കെതിരായ പ്രതിരോധത്തില്‍ തന്റെ പങ്ക് നിര്‍വഹിക്കുകയായിരുന്നു ഷോയിലൂടെ ഉല്ലാസ്. അതിന് നിയോഗമൊരുക്കിയത് കോഴിക്കോട്ടെ കക്കോടി സ്വദേശികളായിരുന്നു.

ഒരു നല്ല കാര്യത്തിന് ഒരു നാടൊന്നിക്കുന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ‘മ്മാഡ്’ ഷോ. നവദര്‍ശന റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ഒപ്പം സിറ്റി പോലീസും ഷോ അരങ്ങിലെത്തിക്കാന്‍ മുമ്പില്‍ നിന്നു. മനോജ് ചീക്കപ്പറ്റ, രവി മഞ്ചേരില്‍, കെ കെ പ്രമേഷ്, മിനി ചീക്കപ്പറ്റ തുടങ്ങി നിരവധി പേര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി. ക്രൈം ബ്രാഞ്ച് എസ് പി. കെ കെ മൊയ്തീന്‍ കുട്ടി ഷോ കണ്ട് സംഘാടകരെയും അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ചു.

അവധിക്കാലം സാമൂഹിക പ്രതിബദ്ധതയോടെ ചെലവഴിക്കാന്‍ തയ്യാറായ തലക്കളത്തൂര്‍ സി എം എം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡര്‍ ടീമിനു തന്നെയാണ് കൈയടിയില്‍ വലിയ പങ്ക്. നേരവും കാലവും നോക്കാതെ അവരും നോഡല്‍ ഓഫീസര്‍ ദീപയുമെല്ലാം കൂട്ടായ്മയുടെ വലിയ കണ്ണികളായി. നാടിന്റെ കാവലിന് കൗമാരത്തെ വളര്‍ത്തിയെടുക്കുന്ന എസ് പി സിയെന്ന മഹാമുന്നേറ്റത്തിന്റെ, നിശ്ശബ്ദ വിപ്ലവത്തിന്റെ പങ്കിന് ഈ അവധിക്കാലത്തെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഷോ.

ലഹരിക്ക് ഇടം കിട്ടാന്‍ അവസരമൊരുങ്ങുന്ന ഒരുപാട് ജീവിത പരിസരങ്ങളെയാണ് ഇതില്‍ വിടര്‍ത്തിയിടുന്നത്. വേദിയില്‍ ഒരിക്കല്‍ പോലും കയറിയിട്ടില്ലാത്ത മുതുമുത്തശ്ശി മുതല്‍ നാലോ അഞ്ചോ വയസ്സു മാത്രം പ്രായമുള്ള കുട്ടിയെ വരെ ഉല്ലാസ് മാവിലായി കണ്ടെത്തിയത് കക്കോടിയിലെ 127 കുടുംബങ്ങളുടെ കൂട്ടായ്മയായ നവദര്‍ശനയില്‍ നിന്നാണ്. റിഹേഴ്‌സല്‍ ക്യാമ്പ് പരിസരത്ത് വന്നവരെല്ലാം അഭിനേതാക്കളായി. എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി.

പത്രവായനയില്‍ അത്രയൊന്നും താത്പര്യം കാണിക്കാത്ത, ഉപദേശങ്ങള്‍ മുഖവിലക്ക് എടുക്കാത്ത യുവതലമുറ വിരാജിക്കുന്ന കാലത്ത് ഒരു മാധ്യമപ്രവര്‍ത്തകനിലൂടെ ഏതാനും അമ്മമാരിലേക്ക് നല്ല നേരങ്ങളുടെ സന്ദേശം എത്തിക്കാനും രചനയില്‍ ശ്രദ്ധ കാണിച്ചിട്ടുണ്ട്. തന്റെ സന്ദേശം മൃദുഭാഷയില്‍ പ്രേക്ഷകരിലേക്ക് പകര്‍ന്നത് കമാല്‍ വരദൂര്‍ എന്ന മാധ്യമ പ്രവര്‍ത്തകനിലൂടെയാണ്. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എ ഉമേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വേദിയിലെത്തി. എസ് പി സിയുടെ ചുമതലയുള്ള എസ് ഐ. ഷിബു മൂടാടിയും എ എസ് ഐ. ഉമേഷ് നന്മണ്ടയും മയക്കുമരുന്ന് നിര്‍മാര്‍ജനത്തില്‍ അടക്കമുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെ എസ് പിക്കൊപ്പം മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലാന്‍ അവിടെ കൂടിയവരൊന്നടങ്കം എഴുന്നേറ്റു. പ്രതിജ്ഞ ഉള്ളിലേറ്റുവാങ്ങി.

 

---- facebook comment plugin here -----

Latest