Kerala
മെയ് 31 ലോക പുകയില വിരുദ്ധ ദിനം
പുകയില ഓരോ വര്‍ഷവും 8 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നു
		
      																					
              
              
            പത്തനംതിട്ട| ‘ഇന്ന് ലോക പുകയില വിരുദ്ധ ദിനം’. പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ലോകമെമ്പാടും ഓരോ വര്‍ഷവും 8 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.ലഹരിയുടെ വ്യാപനം ഒരു ഗുരുതരമായ ആഗോള പ്രശ്‌നമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന് ഏറെ പ്രസക്തിയുണ്ട്.
എല്ലാത്തരം ലഹരിയിലേക്കുമുള്ള പ്രവേശന കവാടമാണ് പുകയില. കൗമാരക്കാലത്ത് ആരംഭിക്കുന്ന പുകയില ശീലമാണ് പലപ്പോഴും ഭാവിയില്‍ മറ്റു ലഹരികളിലേക്ക് വ്യാപിക്കുന്നത്. അതിനാല്‍ തന്നെ മയക്കുമരുന്നിനോളം ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രശ്‌നമായാണ് പുകയിലയെ വിലയിരുത്തുന്നത്.പുകയിലയ്ക്കും നിക്കോട്ടിന്‍ ആസക്തിക്കും എതിരായ പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ഓരോ ലോക പുകയില വിരുദ്ധ ദിനാഘോഷവും. ആഗോളതലത്തില്‍, വായിലെ കാന്‍സര്‍(വദനാര്‍ബുദബാധം) ബാധിതകില്‍ അഞ്ചില്‍ നാലുപേര്‍ക്കും പുകയില ഉപയോഗം മൂലവും 70 ശതമാനം പേര്‍ക്കും അമിത മദ്യപാനം മൂലവുമാണ് രോഗം ബാധിക്കുന്നതെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ 274.9 ദശലക്ഷം പുകയില ഉപയോക്താക്കളാണുള്ളത്. കേരളത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേര്‍ക്ക് കാന്‍സര്‍ സംശയിച്ചു.41,660 പേര്‍ക്കാണ് വദനാര്‍ബുദ സാധ്യത കണ്ടെത്തിയത്. രോഗ സാധ്യത കണ്ടെത്തിയവരുടെ വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് വദനാര്‍ബുദ സ്‌ക്രീനിഗ് നടത്താന്‍ വാര്‍ഡ് തലത്തില്‍ സംസ്ഥാനത്ത് നടപടികള്‍ സ്വീകരിക്കും.
കാന്‍സര്‍ ലക്ഷണങ്ങള്‍, കാന്‍സര്‍ മുന്നോടിയായുള്ള ലക്ഷണങ്ങള്‍ എന്നിവ കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയരാക്കി ചികിത്സ ഉറപ്പാക്കും. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പുകയില ഉപഭോഗം നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന കൗണ്‍സിലിംഗ് സെഷനുകള്‍ ശക്തമാക്കും. ക്ഷയരോഗ നിവാരണ പദ്ധതി, വിമുക്തി, മാനസിക ആരോഗ്യ പദ്ധതി എന്നിവയുടെക്കൂടി സഹകരണത്തോടെ ഇപ്പോള്‍ ജില്ലകളിലുള്ള ഒരു ടുബാക്കോ സെസ്സെഷന്‍ ക്ലിനിക്ക് സംവിധാനം എല്ലാ താലൂക്കുകളിലും വ്യാപിപ്പിക്കും.
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തൊഴിലിനിടയില്‍ പുകയില പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന രീതികള്‍ക്കെതിരെയും ബോധവത്കരണം നടത്തും. സംസ്ഥാനത്തെ വിദ്യാലയങ്ങളെ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യമിട്ട്. ‘പുകയിലരഹിതം ലഹരിമുക്തം എന്റെ വിദ്യാലയം’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് വിദ്യാലയങ്ങളുമായി ചേര്‍ന്ന് നടപടികള്‍ ഏകോപിപ്പിക്കും.
പുകയിലരഹിത വിദ്യാലയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും പുകയില രഹിതമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമിടുന്നത്. 1987ല്‍ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങളാണ് ലോക പുകയില വിരുദ്ധ ദിനം ആദ്യമായി വിഭാവനം ചെയ്തത്. 1988 ഏപ്രില്‍ 7ന് ‘ലോക പുകവലി വിരുദ്ധ ദിനം’ ആയി ആദ്യം ആചരിച്ചു.പിന്നീട് എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.പുകയില വ്യവസായത്തിന്റെ സ്വാധീനത്തില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കുന്നതിലും പുകയില രഹിത ഭാവി പ്രോത്സാഹിപ്പിക്കുന്നതിലും 2025 ലെ പ്രമേയം ലക്ഷ്യമിടുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
