Connect with us

vatakara police station

വടകര സ്റ്റേഷനിലെ കൂട്ട നടപടി

ദൈവത്തിന്റെ സ്വന്തം നാടെന്നും സാംസ്‌കാരിക കേരളമെന്നും വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്തിന് ചേരുന്നതല്ല പലപ്പോഴും പോലീസുകാരുടെ അതിരുവിട്ട ക്രൂരതകള്‍. ഈ ഗണത്തില്‍ വേണം വടകര സ്റ്റേഷനിലെ വിവാദ സംഭവത്തെ കാണാന്‍.

Published

|

Last Updated

ടകരയില്‍ എസ് ഐ അടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ 66 പോലീസുകാരെ സ്ഥലം മാറ്റത്തിനു വിധേയമാക്കുകയും ചെയ്തിരിക്കുന്നു. വാഹനാപകടത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് കൂട്ട നടപടി. സജീവന്റെ കാര്യത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും സ്റ്റേഷനിലെ ഒരൊറ്റ ജീവനക്കാരനും മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചില്ലെന്നും പ്രാഥിമകാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തെക്കുറിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ റോഡില്‍ വാക്ക് തര്‍ക്കവും ബഹളവുമുണ്ടാക്കിയെന്ന കേസില്‍ ഈ മാസം 21ന് വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വെച്ച് സജീവന് നെഞ്ചുവേദന അനുഭവപ്പെട്ടു. വിവരം പോലീസിനെ അറിയിച്ചിട്ടും ചികിത്സാ സൗകര്യം ഒരുക്കിയില്ല. താമസിയാതെ സജീവന്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് പോലീസ് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രോഗവിവരം അറിയിച്ചിട്ടും ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകാത്തത് പോലീസിനു സംഭവിച്ച ഗുരുതര വീഴ്ചയാണെന്ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഹരിദാസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഭാവിയില്‍ ഇത്തരം വീഴ്ചയും മനുഷ്യത്വപരമല്ലാത്ത നടപടികളും ആവര്‍ത്തിക്കാതിരിക്കാനാണ് കൂട്ടസ്ഥലം മാറ്റമെന്നാണ് ആഭ്യന്തര വകുപ്പ് ഓഫീസിന്റെ വിശദീകരണം. അതേസമയം നെഞ്ചുവേദന സ്വാഭാവിക രോഗമായിരുന്നില്ല, പോലീസിന്റെ മൂന്നാംമുറയെ തുടര്‍ന്നുണ്ടായതാണെന്നാണ് സജീവന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്. മദ്യപിച്ചെന്ന പേരില്‍ പോലീസ് സജീവനെ മര്‍ദിച്ചിരുന്നതായും ഇതിന്റെ പ്രത്യാഘാതമായിരുന്നു നെഞ്ചുവേദനയെന്നുമാണ് അവരുടെ വാദം.

മനുഷ്യത്വം നെഞ്ചിലേറ്റിയ നിരവധി മുഖങ്ങളെ പോലീസില്‍ നാം പരിചയപ്പെട്ടിട്ടുണ്ട്. 2022 ഫെബ്രുവരി എട്ടിന് രാത്രി കൊയിലാണ്ടി പൂക്കാട് ബസ് സ്റ്റോപ്പിനു സമീപം നടന്ന ബൈക്ക് അപകടത്തില്‍ അതിദാരുണമായി പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച കോഴിക്കോട് പിങ്ക് പോലീസിലെ ഷീബ വിജീഷ്, കോടതി ഉത്തരവിനെ തുടര്‍ന്ന് വീട് ഒഴിയേണ്ടി വന്ന കാഞ്ഞിരപ്പള്ളി സ്വദേശിനി ബബിതക്കും മകള്‍ക്കും കിടക്കാന്‍ ഒരിടവും മകള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സഹായവും സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത കാഞ്ഞിരപ്പള്ളി എസ് ഐ. എ എസ് അന്‍സല്‍, രാത്രിയില്‍ ഗുരുവായൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യവെ ഹോട്ടലുകള്‍ അടച്ചു പോയതിനാല്‍ ഭക്ഷണം കിട്ടാതെ വിശന്നു വലഞ്ഞ മൂന്നംഗ മാധ്യമ സംഘത്തിന് സ്വന്തം ആവശ്യത്തിനു കരുതി വെച്ച ഭക്ഷണപ്പൊതികള്‍ നല്‍കി സഹായിച്ച മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എടക്കര സ്റ്റേഷനിലെ എസ് ഐ ഹക്കീം, സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് എന്നിങ്ങനെ പലരെയും. ഇത്തരക്കാരിലൂടെ പോലീസ് വകുപ്പ് നേടുന്ന കൈയടിയുടെ തിളക്കം കുറക്കുന്ന, മനുഷ്യത്വമെന്തെന്ന് അറിയാത്തവരുമുണ്ട് സേനയില്‍. ദൈവത്തിന്റെ സ്വന്തം നാടെന്നും സാംസ്‌കാരിക കേരളമെന്നും വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്തിന് ചേരുന്നതല്ല പലപ്പോഴും പോലീസുകാരുടെ അതിരുവിട്ട ക്രൂരതകള്‍. ഈ ഗണത്തില്‍ വേണം വടകര സ്റ്റേഷനിലെ വിവാദ സംഭവത്തെ കാണാന്‍.

നിയമപാലകര്‍ മാത്രമല്ല ജനസേവകരുമായിരിക്കണം പോലീസ്. അക്രമാസക്തരായ ജനങ്ങളോടു പോലും സൗമ്യമായി പെരുമാറുന്നതും അവരെ സമാധാനത്തിന്റെ മാര്‍ഗത്തിലെത്തിക്കുന്നതുമാണ് പോലീസിന്റെ ദൗത്യം. സേനയില്‍ നിന്ന് മാന്യമായ പെരുമാറ്റവും ഹൃദ്യമായ ഇടപെടലുകളുമുണ്ടെങ്കിലേ ഇത് സാധ്യമാകുകയുള്ളൂ. ഈയൊരു സ്വഭാവ രീതിയിലേക്ക് സേനയെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചത്. ഇതുകൊണ്ടൊന്നും സേനയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. കൊളോണിയല്‍ ഭരണകാലത്തെ ശൈലി തുടരുന്നവരാണ് ഇപ്പോഴും പോലീസിലെ നല്ലൊരു വിഭാഗവും. പോലീസിന്റെ കാര്യക്ഷമത പ്രതിയെ ഭേദ്യം ചെയ്യുന്നതിലുള്ള മിടുക്കും ഒരാള്‍ പ്രതിയായി കഴിഞ്ഞാല്‍ അവനോട് എന്തും ആകാമെന്നുമുള്ള മനോഭാവവുമാണ് സേനയില്‍ ഇപ്പോഴും പലരും വെച്ചുപുലര്‍ത്തുന്നത്. ക്വട്ടേഷന്‍ സംഘങ്ങളുടെ പോലും കൂട്ടാളികളായിരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നവരുണ്ട് സേനയിലെന്നത് ഒരു രഹസ്യമല്ല. മനുഷ്യാവകാശ കമ്മീഷനു മുന്നിലെത്തുന്ന പരാതികളില്‍ ഭൂരിഭാഗവും പോലീസിന്റെ സ്വഭാവ ദൂഷ്യത്തെയും ക്രിമിനലിസത്തെയും സംബന്ധിച്ചുള്ളതാണെന്ന് ഇതിനിടെ കമ്മീഷന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്നും കസ്റ്റഡി മര്‍ദനങ്ങളും മറ്റു പോലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ആഗസ്റ്റില്‍ നാഷനല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ചൂണ്ടിക്കാട്ടിയിരുന്നു.

അധികാര സംവിധാനത്തിലെ നിര്‍ണായക ഘടകമാണ് പോലീസ്. അത് ജനകീയമായി മാറണമെങ്കില്‍ ഉറച്ച സാമൂഹിക പ്രതിബദ്ധതയും അതിനനുസൃതമായ ദൃഢനിശ്ചയവുമുള്ള രാഷ്ട്രീയ, ഭരണ നേതൃത്വവും കൂടി ആവശ്യമാണ്. വിമര്‍ശനത്തിനിടയാക്കുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും, അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കണമെന്നും കഴിഞ്ഞ ഒക്‌ടോബറില്‍ പോലീസ് സേനക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിട്ട സാഹചര്യത്തില്‍ നല്‍കിയ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പക്ഷേ സര്‍ക്കാര്‍ ആര്‍ജവം കാണിച്ചില്ല. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് പോലീസിനെ ഈ നിലയിലേക്ക് എത്തിക്കുന്നത്.