Connect with us

Kozhikode

മര്‍കസ് മെഡിക്കല്‍ കോളജും ചെന്നൈ ക്രസന്റും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

യൂനാനിയുടെ ശാസ്ത്രീയ അടിത്തറകളെക്കുറിച്ചുള്ള സംയുക്ത ഗവേഷണം ധാരണാപത്രം വഴി സാധ്യമാകും

Published

|

Last Updated

മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ക്രസന്റ് യൂണിവേഴ്സിറ്റി പ്രോ-ചാന്‍സലര്‍ ഡോ. അബ്ദുല്‍ ഖാദിറുമായി ധാരണ പത്രം കൈമാറുന്നു

ചെന്നൈ| ബി യു എം എസ് ബിരുദം നല്‍കുന്ന മര്‍കസ് മെഡിക്കല്‍ കോളജ് തമിഴ്നാട്ടിലെ ബി.എസ്. അബ്ദുര്‍ റഹ്‌മാന്‍ ക്രസന്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യൂനാനി വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ ശാസ്ത്രീയ അടിത്തറകളെക്കുറിച്ചുള്ള സംയുക്ത ഗവേഷണം ലക്ഷ്യംവെക്കുന്നതാണ് ധാരണാപത്രം. മോളിക്യുലാര്‍ ബയോളജി, മൈക്രോ ബയോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ് എന്നിവയിലെ നൂതന പഠനങ്ങളിലും പരസ്പരം സഹകരിക്കും.

പൊതുജനാരോഗ്യ മേഖലയില്‍ സേവനം ചെയ്യുന്ന 350ലധികം ഡോക്ടര്‍മാര്‍ ബിരുദം നേടിയ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് 2015ല്‍ കേരളത്തിലെ ആദ്യത്തെ യൂനാനി മെഡിക്കല്‍ കോളജായാണ് സ്ഥാപിതമാകുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ലൈഫ് സയന്‍സസിലും ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണത്തിലും വിപുലമായ അനുഭവമുള്ള ബി.എസ്. അബ്ദുര്‍ റഹ്‌മാന്‍ ക്രസന്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായുള്ള ധാരണാപത്രം മെഡിക്കല്‍ കോളജിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടമാകുമെന്നാണ് അധികാരികള്‍ വിലയിരുത്തുന്നത്. ലാബ് അധിഷ്ഠിത പരീക്ഷണങ്ങള്‍, ക്ലിനിക്കല്‍ പഠനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടികള്‍ തുടങ്ങി വിപുലമായ സംയുക്ത പദ്ധതികള്‍ക്കാണ് ധാരണാപത്രം വഴിയൊരുക്കുന്നത്.

ചെന്നൈയില്‍ വെച്ചു നടന്ന ചര്‍ച്ചയില്‍ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ക്രസന്റ് യൂണിവേഴ്സിറ്റി പ്രോ- ചാന്‍സലര്‍ ഡോ. അബ്ദുല്‍ ഖാദിര്‍ എന്നിവരും ഇരുസ്ഥാപനങ്ങളുടെയും മറ്റ് ഉയര്‍ന്ന പ്രതിനിധികളും പങ്കെടുത്തു.

 

 

Latest