Connect with us

FIVE FIGHT 2022

താരപ്രചാരകരില്‍ മനീഷ് തിവാരിയില്ല; മറിച്ചായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനമെങ്കില്‍ അത്ഭുതപ്പെടുമായിരുന്നെന്ന് തിവാരി

ജി 23 ഗ്രൂപ്പിലെ പ്രധാനിയായ ഗുലാം നബി ആസാദിനേയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്നും മനീഷ് തിവാരി പുറത്ത്. കഴിഞ്ഞ ദിവസം 30 അംഗ താരപ്രചാരക പട്ടികയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്ത് വിട്ടത്. പഞ്ചാബിലെ അനന്ദ് പൂര്‍ സാഹിബില്‍ നിന്നുള്ള ലോക്‌സഭാ എം പിയാണ് തിവാരി. തന്റെ മണ്ഡലത്തിന്റെ ഭാഗമായുള്ള നിയമസഭാ സീറ്റുകളില്‍ നേരത്തെ തന്നെ തിവാരി പ്രചരണം ആരംഭിച്ചിരുന്നു.

തിവാരിക്ക് പുറമേ, ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി 23 ഗ്രൂപ്പിലെ പ്രധാനിയായ ഗുലാം നബി ആസാദിനേയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇദ്ദേഹം ഉത്തരാഖണ്ഡില്‍ പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികയില്‍ ഉണ്ട്. മാത്രമല്ല, ജി 23 ഗ്രൂപ്പിലെ ആനന്ദ് ശര്‍മയും ഭൂപീന്ദര്‍ ഹൂഡയും പഞ്ചാബിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍, നേതൃത്വത്തിന്റെ തീരുമാനത്തില്‍ ഒട്ടും അതിശയം ഇല്ലെന്നും മറിച്ചായിരുന്നു തീരുമാനമെങ്കിലായിരുന്നു താന്‍ ആശ്ചര്യപ്പെട്ടുപോകുകയെന്നും തിവാരി ഇതിനോട് പ്രതികരിച്ചു. പാര്‍ട്ടി തീരുമാനത്തിന് പിന്നിലെ കാരണം ഒട്ടും സ്വകാര്യമല്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.