Connect with us

Kerala

ഇസ്റാഈലിൽ വീണ്ടും മലയാളികൾ മുങ്ങി; 'കാണാതായത്' തീർഥാടക സംഘത്തിലുള്ളവരെ

തീർഥാടക സംഘത്തിലെ ആറ് മലയാളികളാണ് മുങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം | ഇസ്റാഈലിലേക്ക് തീര്‍ഥാടനത്തിന് പോയ മലയാളികൾ മുങ്ങി. ആറ് പേരെയാണ് ഇസ്റാഈലിൽ വെച്ച് ‘കാണാതായത്’. യാത്രക്ക് നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള പുരോഹിതൻ ഫാദർ ജോർജ് ജോഷ്വ ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. കൃഷിവകുപ്പിൻ്റെ പഠന സംഘത്തിലെ ഒരാൾ ഇസ്റാഈലിൽ വെച്ച് മുങ്ങിയത് വലിയ വാർത്തയായതും നടപടികളിലേക്ക് സർക്കാർ നീങ്ങിയതുമാണ് പരാതി നൽകാൻ പുരോഹിതനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

തീർഥാടക സംഘത്തിലെ ആറ് മലയാളികളാണ് മുങ്ങിയത്. ഇവരിൽ അഞ്ച് പേർ സ്ത്രീകളാണ്. ഈ മാസം എട്ടിനാണ് സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചത്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു യാത്ര.

ഈജിപ്ത്, ഇസ്റാഈല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായിരുന്നു യാത്ര. യാത്രയുടെ അവസാന കേന്ദ്രമായിരുന്നു ഇസ്റാഈൽ. 14, 15 തീയതികളില്‍ താമസ സ്ഥലത്തുനിന്നുമാണ് മലയാളികള്‍ അപ്രത്യക്ഷരായത്. പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ഇവര്‍ എടുത്തിട്ടില്ല. ഇസ്റാഈൽ പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. വീട്ടുജോലിക്ക് അടക്കം ഇസ്റാഈലിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. വിസ ലഭിക്കാൻ പ്രായസമായതിനാൽ ഇത്തരം തീർഥാടന യാത്രയുടെ ഭാഗമായി മുങ്ങുന്ന ധാരാളം പേരുമുണ്ട്. ഇവരെ സഹായിക്കാൻ ചില മലയാളി ഏജൻ്റുമാരുമുണ്ട്.