Connect with us

Kerala

ഷാര്‍ജയില്‍ മലയാളി യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍

ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും അതുല്യ സഹോദരിക്ക് അയച്ചുനല്‍കിയിരുന്നു

Published

|

Last Updated

കൊല്ലം |  ദുബൈ ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷി(30)നെയാണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മദ്യപിച്ച് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഷാര്‍ജ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

ഇന്നലെ രാത്രിയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബൈയിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. ഭര്‍ത്താവ് മദ്യപിക്കുന്നയാളായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസില്‍ മുന്‍പ് പരാതി നല്‍കിയിരുന്നു.

ഇന്നലെ രാത്രി അതുല്യയുമായി വഴക്കിട്ട് സതീഷ് ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോള്‍ അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് ഒരു സ്ഥാപനത്തില്‍ അതുല്യ ജോലിയ്ക്ക് പ്രവേശിക്കേണ്ടതായിരുന്നു. അതുല്യയുടെ സഹോദരി ഷാര്‍ജയിലുണ്ട്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബൈയിലായിരുന്നു താമസിച്ചത്.

ഏക മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ലാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നു. ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും അതുല്യ സഹോദരിക്ക് അയച്ചുനല്‍കിയിരുന്നു

ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056

 

Latest