Kerala
മലയാളി വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നതില്‍ പഠനം നടത്തും: മന്ത്രി ആര്‍ ബിന്ദു
വിദ്യാഭ്യാസ നിലവാരം മോശമായതാണ് കുട്ടികള്‍ വിദേശത്തേക്കു പോകുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

തിരുവനന്തപുരം | ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഇതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ നിലവാരം മോശമായതാണ് കുട്ടികള്‍ വിദേശത്തേക്കു പോകുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് മന്ത്രി മറുപടിയുമായി എത്തിയത്.കേരളത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പഠിക്കാന്‍ പോകുന്ന സാഹചര്യം മനസിലാക്കാനാണ് പഠനം. ഇതേക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും അതിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.