Connect with us

sahityolsav 22

മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷന് കലാ കിരീടം

തുടർച്ചയായ മൂന്നാം തവണയാണ് വേങ്ങര ഡിവിഷൻ ജേതാക്കളാകുന്നത്.

Published

|

Last Updated

തിരൂരങ്ങാടി | കലർപ്പില്ലാത്ത കലകളുടെ സാക്ഷ്യപ്പെടുത്തലായി ധർമാക്ഷരിയുടെ ഈ കലാ മാമാങ്കം. പാരമ്പര്യത്തനിമ ഒട്ടും ചോരാതെ ഹൃദയങ്ങളിൽ പാട്ടിന്റെ പാലാഴി നിറഞ്ഞ വേദികൾ. കലയുടെ പുത്തൻ ആവിഷ്കാരങ്ങളുടെ സംഗമ വേദിയായി എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്. മമ്പുറം തങ്ങളുടേയും മുട്ടിച്ചിറ ശുഹദാക്കളുടെയും കളിയാട്ടക്കാവിന്റേയും മത സൗഹാർദ മണ്ണിൽ നാളെയുടെ ധർമ ധ്വജവാഹകർ തീർത്ത കലാ മുഖരം മൂന്നിയൂരിന് പുതിയൊരു കലാ സാഹിത്യ സംസ്കാരം സമ്മാനിച്ച് തിരശ്ശീല വീണു.

ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിൽ വേങ്ങര ഡിവിഷൻ കലാകിരീടം നിലനിർത്തി. 581 പോയിന്റുകൾ നേടിയാണ് വേങ്ങര ആധിപത്യം കരസ്ഥമാക്കിയത്. തുടർച്ചയായ മൂന്നാം തവണയാണ് വേങ്ങര ഡിവിഷൻ ജേതാക്കളാകുന്നത്. തിരൂരങ്ങാടി (498) , തേഞ്ഞിപ്പലം (439) ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്യാമ്പസ് വിഭാഗത്തിൽ തിരൂരങ്ങാടി പി എസ് എം ഒ കോളജ് ജേതാക്കളായി. കോട്ടക്കൽ ഡിവിഷനിലെ അജ്സൽ സനീൻ കലാപ്രതിഭയും വേങ്ങര ഡിവിഷനിലെ ഓടക്കൽ റഫീദ് സർഗ പ്രതിഭയുമായി. പി എസ് എം ഒ കോളജിലെ മുഹമ്മദ് നിബിൽ ക്യാമ്പസ് കലാപ്രതിഭയായി. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു.

സയ്യിദ് ശറഫുദ്ദീൻ ജമലെുല്ലൈലി പ്രാർഥന നടത്തി. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫല്‍ ഫൈസി തെന്നല, പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി ജേതാക്കൾക്കുള്ള അവാർഡ് സമ്മാനിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തി. എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുൽ മജീദ്, സ്വാദിഖ് നിസാമി, മുഹമ്മദ് ഹാജി മൂന്നിയൂർ, ടി അബൂക്കർ പ്രസംഗിച്ചു. എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് എന്‍ വി അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം അഭിവാദ്യം ചെയ്തു.

ഊരകം അബ്ദുർറഹ്മാന്‍ സഖാഫി, അബൂബക്കർ പടിക്കല്‍, മുഹമ്മദലി മുസ്ലിയാർ പൂക്കോട്ടൂർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈര്‍, സി ടി ശറഫുദ്ദീന്‍ സഖാഫി സംബന്ധിച്ചു. അടുത്ത വർഷം സാഹിത്യോത്സവിന് വേദിയൊരുങ്ങുന്ന വളാഞ്ചേരി ഡിവിഷന് സ്വാഗത സംഘം ഭാരവാഹികൾ പതാക കൈമാറി. സാഹിത്യം, സംസ്‌കാരം; ബഹുത്വ മുദ്രകള്‍ എന്ന വിഷയത്തിൽ
നടന്ന സാംസ്കാരിക ചർച്ച സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി പി അബ്ദുർറസാഖ്, സി കെ എം ഫാറൂഖ് സംസാരിച്ചു. മൂന്നാം വേദിയായ പച്ചവയലിൽ “ഭാഷയിലെ ഭാവമാറ്റങ്ങള്‍’ എന്ന വിഷയത്തിൽ സംവാദം നടന്നു. റഹീം പൊന്നാട്, ലുഖ്മാന്‍ സഖാഫി കരുവാരക്കുണ്ട്, പ്രദീപ് രാമനാട്ടുകര, ഇല്യാസ് സഖാഫി സംസാരിച്ചു.

---- facebook comment plugin here -----

Latest